റേഞ്ച് റോവർ രണ്ട് മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങുന്നു വിലയിൽ 50 ലക്ഷം കുറവ് വരുമെന്ന് റിപോർട്ട്

 


ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (Jaguar Land Rover). രാജ്യത്തെ സെലിബ്രിറ്റികള്‍ക്കും ബിസിനസുകാര്‍ക്കും സന്തോഷമേകിക്കൊണ്ട് ജെഎല്‍ആര്‍ തങ്ങളുടെ രണ്ട് ജനപ്രിയ എസ്‌യുവികള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നു.

ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുന്ന ലാന്‍ഡ് റോവര്‍ മോഡലുകളാണ് റേഞ്ച് റോവറും (Land Rover Range Rover) റേഞ്ച് റോവര്‍ സ്‌പോര്‍ടും. സെലിബ്രിറ്റികളുടെയടക്കം ഇഷ്ടവാഹനമാണിത്. ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ ഇപ്പോള്‍ തങ്ങളുടെ മുന്‍നിര എസ്‌യുവികളായ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്ട് എന്നിവയ്ക്കായി സികെഡി (കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍) കിറ്റുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ്.


ഈ വാഹനങ്ങളുടെ ലോക്കല്‍ അസംബ്ലി നികുതികള്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെ വരുമ്പോള്‍ ഈ വാഹനങ്ങളുടെ എക്‌സ്‌ഷോറൂം വില 56 ലക്ഷം രൂപ വരെ കുറയുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഫുള്‍ സൈസ് റേഞ്ച് റോവര്‍ വാങ്ങാന്‍ സാധിക്കുന്നത്. റേഞ്ച് റോവര്‍ പൂനെയ്ക്കടുത്തുള്ള ജെഎല്‍ആറിന്റെ ചക്കന്‍ പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഇവ വാങ്ങാന്‍ പറ്റും.



സികെഡി കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് ഫുള്‍ സൈസ് റേഞ്ച് റോവറിനും ചെറിയ റേഞ്ച് റോവര്‍ സ്പോര്‍ട്ടിനും ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. 54 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഈ രണ്ട് മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ഇതുവരെ ഈ എസ്‌യുവികള്‍ യുകെയിലെ സോളിഹുളിലാണ് നിര്‍മിച്ച് വന്നിരുന്നത്. ഇവിടെ നിര്‍മ്മിക്കുന്ന ഈ എസ്‌യുവികള്‍ ലോകമെമ്പാടുമുള്ള 121 രാജ്യങ്ങളിലെ വിപണികളില്‍ വില്‍ക്കുന്നു.

പ്രാദേശിക ഉല്‍പ്പാദനം ഈ എസ്യുവികളുടെ വില 18 മുതല്‍ 22 ശതമാനം വരെ കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങിയാല്‍ റേഞ്ച് റോവറിന്റെ എക്സ്‌ഷോറൂം വില 56 ലക്ഷം രൂപ വരെ കുറയും. അതേസമയം റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ വിലയില്‍ 29 ലക്ഷം കുറവ് വന്നേക്കും. റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍ ഇവോക്ക്, ജാഗ്വാര്‍ F-പേസ്, ഡിസ്‌കവറി സ്പോര്‍ട്ട് എന്നിവ കമ്പനിയുടെ പൂനെ പ്ലാന്റില്‍ ഇതിനോടകം നിര്‍മ്മിക്കുന്നുണ്ട്

റേഞ്ച് റോവറിന്റെ എല്ലാ വേരിയന്റുകളും പ്രാദേശികമായി അസംബിള്‍ ചെയ്യില്ല.

റേഞ്ച് റോവറിന്റെ 3.0 ലിറ്റര്‍ പെട്രോള്‍ LWB ഓട്ടോബയോഗ്രഫിയും 3.0 ലിറ്റര്‍ ഡീസല്‍ LWB HSE-യും മാത്രമേ പ്രാദേശികമായി അസംബിള്‍ ചെയ്യുകയുള്ളൂ. റേഞ്ച് റോവര്‍ സ്പോര്‍ട്ടിലേക്ക് വരുമ്പോള്‍ 3.0 ലിറ്റര്‍ പെട്രോള്‍ ഡൈനാമിക് SE, 3.0 ലിറ്റര്‍ ഡീസല്‍ ഡൈനാമിക് SE വകഭേദങ്ങള്‍ പ്രാദേശികമായി അസംബിള്‍ ചെയ്യും


സോളിഹുള്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന മറ്റ് വേരിയന്റുകള്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്നത് തുടരും. പ്രാദേശികമായി അസംബിള്‍ ചെയ്ത റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ ഡെലിവറി ഓഗസ്റ്റ് 16-ന് ആരംഭിക്കും. മഹാരാഷ്ട്രയിലെ അലിബാഗിലുള്ള ലാന്‍ഡ് റോവര്‍ ഹൗസില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫുള്‍സൈസ് റേഞ്ച് റോവറിന്റെ ഡെലിവറി ടൈംലൈന്‍ ഇതുവരെ അറിവായിട്ടില്ല.

നേരത്തെ റേഞ്ച് റോവര്‍ 3.0 ലിറ്റര്‍ ഡീസല്‍ LWB HSE യുടെ വില 2.80 കോടി രൂപയും 3.0 ലിറ്റര്‍ പെട്രോള്‍ LWB ഓട്ടോബയോഗ്രഫിയുടെ വില 3.16 കോടി രൂപയുമായിരുന്നു. പ്രാാദേശികമായി അസംബിള്‍ ചെയ്ത മോഡലുകള്‍ക്ക് യഥാക്രമം ഏകദേശം 2.36 കോടി രൂപയും 2.60 കോടി രൂപയും മുടക്കിയാല്‍ മതിയാകും

ഈ മാറ്റങ്ങള്‍ റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ മെര്‍സിഡീസ് ബെന്‍സ് GLE, ഔഡി Q7, വോള്‍വോ XC90, പോര്‍ഷെ കയെന്‍ തുടങ്ങിയ മോഡലുകള്‍ക്കെതിരെയുള്ള മത്സരം കൂടുതല്‍ കടുപ്പിക്കും. അടുത്ത രണ്ട്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയാക്കാനാണ് ജെഎല്‍ആറിന്റെ പ്ലാന്‍. ഐസി എഞ്ചിന്‍ വാഹനങ്ങള്‍ക്കൊപ്പം ഇവികളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഭാവിയില്‍ അര ഡസനിലധികം പുതിയ ഇവി മോഡലുകള്‍ അവതരിപ്പിക്കാനാണ് ജെഎല്‍ആറിന്റെ പദ്ധതി

.