ഹെഡ്‌ലൈറ്റ് മങ്ങിയോ? തെളിച്ചം കൂട്ടാനുള്ള എളുപ്പവഴികൾ

 


നിങ്ങളുടെ രാത്രിയാത്രകള്‍ സുരക്ഷിതമാക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഹെഡ്‌ലൈറ്റ് വൃത്തിയോടെയല്ലേ ഇരിക്കുന്നതെന്നു പരിശോധിക്കലാണ്. ഹെഡ്‌ലൈറ്റിനകത്ത് പൊടിപടലങ്ങള്‍ കയറിയാല്‍ അത് പ്രകാശത്തിന്റെ അളവ് കുറക്കും. മഴക്കാലത്താണെങ്കില്‍ ഹെഡ്‌ലൈറ്റിനകത്ത് വെള്ളം കയറാനും തങ്ങി നില്‍ക്കാനുമുള്ള സാധ്യതയുമുണ്ട്. ഇത് ശ്രദ്ധയോടെ പരിശോധിച്ച് നടപടിയെടുത്തില്ലെങ്കില്‍ ഹെഡ് ലൈറ്റില്‍ പൂപ്പല്‍ വരാനും വെളിച്ചം മങ്ങാനുമെല്ലാം സാധ്യതയുണ്ട്


ഹെഡ്‌ലൈറ്റിന്റെ പുറംഭാഗം വളരെയെളുപ്പത്തില്‍ വൃത്തിയാക്കാവുന്നതാണ്. അതിനായി വാഹനം കഴുകുന്ന ഷാംപുവോ പ്രത്യേകം ഹെഡ്‌ലൈറ്റ് ക്ലീനിങ് സൊല്യൂഷനോ ഉപയോഗിക്കാം. എന്തൊക്കെ ചെയ്തിട്ടും ഹെഡ്‌ലൈറ്റിലെ മങ്ങല്‍ മാറുന്നില്ലെങ്കില്‍ അത് മാറ്റി പുതിയതു വാങ്ങുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങള്‍ ചെറുതെന്നു തോന്നുമെങ്കിലും നമ്മുടേയും വാഹനത്തിന്റേയും സുരക്ഷയെ നേരിട്ടു ബാധിക്കുന്നതാണെന്നത് മറക്കരുത്.



വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ ഹാലോജന്‍ ബള്‍ബുകളാണെങ്കില്‍ അത് മാറ്റി എല്‍ഇഡിയോ എച്ച്‌ഐഡിയോ ആക്കി മാറ്റുന്നത് നല്ലതാണ്. ഇതോടെ ഹെഡ്‌ലൈറ്റിന് കൂടുതല്‍ തെളിച്ചവും ഡ്രൈവര്‍ക്ക് കൂടുതല്‍ മികച്ച രാത്രി കാഴ്ച്ചയും ലഭിക്കും. ഇങ്ങനെ ഹെഡ്‌ലൈറ്റില്‍ മാറ്റം വരുത്തുമ്പോള്‍ നിയപരമായി അനുവദനീയമായ ലൈറ്റ് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കണമെന്നു മാത്രം


വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് അലൈന്‍ ചെയ്തിരിക്കുന്നത് ശരിയായ രീതിയിലാണോ എന്നു പരിശോധിക്കണം. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ തന്നെയാണ് ഹെഡ്‌ലൈറ്റ് അലൈന്‍മെന്റ് എന്ന് ഉറപ്പിക്കണം. ഡ്രൈവര്‍ക്ക് കൃത്യമായ കാഴ്ച്ച ലഭിക്കാതിരിക്കുക മാത്രമല്ല റോഡിലെ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച്ചയെ തടസപ്പെടുത്താനും ഇത് കാരണമാവും. നിങ്ങളുടെ വാഹനത്തിന്റെ മാനുവല്‍ പരിശോധിച്ചാല്‍ ഹെഡ്‌ലൈറ്റ് എങ്ങനെ അലൈന്‍ ചെയ്യാമെന്ന് മനസിലാവും.


ആവശ്യത്തിന് വെളിച്ചമില്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവരാണെങ്കില്‍ അധികം ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും നല്ലതാണ്. ഹൈറേഞ്ചുകള്‍ പോലുള്ള മൂടല്‍ മഞ്ഞ് സ്ഥിരസാന്നിധ്യമായ പ്രദേശങ്ങളില്‍ പോവുമ്പോള്‍ ഫോഗ് ലൈറ്റ് വലിയ ഗുണം ചെയ്യും. മൂടല്‍ മഞ്ഞില്‍ സാധാരണ ഹെഡ്‌ലൈറ്റുകളില്‍ ദൂരക്കാഴ്ച്ച കുറയും. കാറിന്റെ ഇലക്ട്രിക്കല്‍ സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ചുറപ്പിക്കണം. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ സിസ്റ്റം വാഹനത്തിലെ ഹെഡ്‌ലൈറ്റിന്റെ പ്രകടനവും മെച്ചപ്പെടുത്തും


Join