ദിവസവും ഒരു നേരം സാലഡ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് സാലഡിന്‍റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ ഏറെ സഹായകരമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.
സാലഡ് എന്ന വാക്ക് സലാഡെ (Salade) എന്ന ഫ്രഞ്ച് പദത്തിൽനിന്നു ജന്മമെടുത്തതാണ്. സലാട്ട (Salata) എന്ന ലാറ്റിൻ വാക്കിൽനിന്നാണു സലാഡെയുടെ വരവ്. ഉപ്പ് എന്നർഥം വരുന്ന സാൽ (Sal) എന്ന വാക്കുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. 14ാം നൂറ്റാണ്ടിലാണു സാലഡ് എന്ന വാക്ക് ആദ്യമായി ഇംഗ്ലീഷിൽ ഉപയോഗിച്ചു തുടങ്ങിയത്. പ്രാചീന ഗ്രീക്ക്-റോമൻ ജനത സാലഡ് ഭക്ഷിച്ചിരുന്നതായി ചരിത്രരേഖകൾ പറയുന്നു. പിന്നീട് ഇത് യൂറോപ്പാകെ വ്യാപിച്ചു.
1. പ്രോട്ടീൻ വെജിറ്റബിൾ സാലഡ്
വേണ്ട സാധനങ്ങള്‍
കുക്കുമ്പർ - 1
ഉള്ളി (ചെറുത്) - 1
തക്കാളി (ഇടത്തരം) - 1
ലെറ്റസ് - ഒരു പിടി
കാപ്സിക്കം (2 നിറം) - പകുതി ഭാഗം
ബ്രോക്കോളി - ഒരു പിടി
വറുത്ത നിലക്കടല - 1/4 കപ്പ്
വേവിച്ച കടല - 1/2 കപ്പ്
വേവിച്ച രാജ്മ - 1/2 കപ്പ്
പനീർ - 100 ഗ്രാം
മല്ലിയില - 2 ടീസ്പൂൺ
നാരങ്ങ നീര് - 1/4 കപ്പ്
പൊടിച്ച കുരുമുളക് - 1 ടീസ്പൂൺ
ഉപ്പ് - 1/2 ടീസ്പൂൺ
ഒലിവ് ഓയിൽ - 2 ടീസ്പൂൺ
ചാട്ട് മസാല - 1 ടീസ്പൂൺ
വറുത്ത ജീരകപ്പൊടി - 1/2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ കക്കിരിക്ക, ഉള്ളി, തക്കാളി, ലെറ്റസ് എന്നിവ അരിഞ്ഞു ഇടുക. ബ്രോക്കോളി, ക്യാപ്സിക്കം എന്നിവ ആവിയില്‍ വേവിച്ചും ഇതിലേക്ക് ഇടാവുന്നതാണ്. എന്നിട്ട് ഒരു പച്ചമുളക് ഇതിലേക്ക് അരിഞ്ഞു ഇടുക.
നിലക്കടല, കടല, രാജ്മ, ചെറുതായി പിച്ചിയെടുത്ത പനീര്‍ എന്നിവയും ചേര്‍ത്ത് ഇളക്കുക.
ഡ്രസ്സിങ്ങിനായി ഒരു പാത്രത്തില്‍ ഒലിവ് ഓയില്‍, മല്ലിയില, നാരങ്ങ നീര്, പൊടിച്ച കുരുമുളക്, ഉപ്പ്, ചാട്ട് മസാല, വറുത്ത ജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് പാത്രത്തിലേക്ക് ചേര്‍ത്ത് എല്ലാംകൂടി ചേര്‍ത്ത് ഇളക്കി കഴിക്കാം.
2. ഈസി ചിക്കന്‍ സാലഡ്
ഇതിനായി ചിക്കന്‍റെ ബ്രെസ്റ്റ് പീസ് ആവശ്യമുള്ളത്ര എടുത്ത് ഉപ്പ് മാത്രമിട്ട് ഏകദേശം 12 മിനിറ്റ് വേവിച്ച് വയ്ക്കുക. ആവശ്യത്തിന് സവാള, കാരറ്റ്, തക്കാളി, കാബേജ് എന്നിവയും അരിഞ്ഞു ഒരു പാത്രത്തിലേക്ക് ഇടുക. ഇതും ചിക്കനും കൂടി മിക്സ് ചെയ്യുക.
ഒരു പാത്രത്തില്‍, ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഉപ്പ് എന്നിവ യോജിപ്പിച്ച് ഡ്രസ്സിംഗ് ഉണ്ടാക്കുക. ഇത് സാലഡിന് മുകളിലേക്ക് ഒഴിച്ച് എല്ലാം കൂടി ഒരുമിച്ചു ചേര്‍ത്ത് കഴിക്കാം.
മുട്ട സാലഡ്
ചിക്കനും മീനുമൊന്നും ഇല്ലെങ്കില്‍പ്പോലും എല്ലാ വീട്ടിലും മുട്ട എന്തായാലും കാണും. സാലഡ് കഴിക്കാന്‍ മടി ഉള്ള ആളുകള്‍ക്ക് പോലും വളരെയധികം ഇഷ്ടപ്പെടുന്ന അടിപൊളി സാലഡ് മുട്ടകൊണ്ട് ഉണ്ടാക്കാം.
അതിനായി, മൂന്നു മുട്ട പുഴുങ്ങി എടുക്കുക. ഒരു ഉരുളക്കിഴങ്ങും പുഴുങ്ങി തൊലി കളയുക. ബ്രോക്കോളി എടുത്ത് ആവിയില്‍ വേവിക്കുകയോ രണ്ടു മൂന്നു മിനിറ്റ് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുകയോ ചെയ്യാം. ചെറിതക്കാളി ഒരു രണ്ടു മൂന്നെണ്ണം എടുത്ത് അരിയുക.
ഡ്രസ്സിങ് ഉണ്ടാക്കാന്‍, കുരുമുളക് പൊടി, ഒലിവ് ഓയില്‍, അല്‍പ്പം തേന്‍, ഉപ്പ് എന്നിവ യോജിപ്പിക്കുക. മറ്റു ചേരുവകള്‍ എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ഇട്ട്, ഈ ഡ്രസ്സിങ് അതിനു മുകളിലേക്ക് ഒഴിക്കുക. അടിപൊളി മുട്ടസാലഡ് റെഡി