നാഗർകോവിൽ: അമിതവണ്ണത്തിൽ നിന്ന് മോചനം നേടാൻ യൂട്യുബ് കണ്ട് ഭക്ഷണക്രമം പരിഷ്കരിച്ച വിദ്യാർഥിക്ക് ദാരുണാന്ത്യം. കുളച്ചൽ പർണട്ടിവിള സ്വദേശി നാഗരാജന്‍റെ മകൻ ശക്തീശ്വർ (17) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
ഇതേക്കുറിച്ച് അന്വേഷിച്ച പൊലീസിന് വീട്ടുകാർ നൽകിയ മറുപടി ഇങ്ങനെ: അമിതവണ്ണം കാരണം അസ്വസ്ഥനായിരുന്ന ശക്തീശ്വർ മൂന്ന് മാസമായി യൂട്യൂബ് കണ്ട് സാധാരണ കഴിക്കാറുള്ള ഭക്ഷണം ഉപേക്ഷിച്ച് പഴവർഗങ്ങൾ മാത്രം കഴിച്ച് വ്യായാമമുറകളും പരിശീലിച്ച് വരികയായിരുന്നു. പഴജൂസും മറ്റും തുടർച്ചയായി കഴിച്ചതിനെ തുടർന്ന് കഫശല്യവും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടി പെട്ടെന്ന് കുഴഞ്ഞുവീണത്. പ്ലസ്ടു വിജയിച്ച് കോളജ് പ്രവേശനം കാത്തിരിക്കുകയായിരുന്നു. ശക്തീശ്വറിന്‍റെ കണ്ണുകൾ ദാനം ചെയ്തു. കുളച്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.