ഫോൺ നഷ്ടമായാൽ ഗൂഗിൾ പേ, ഫോൺ പേ UPI അ‌ക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യണം?

 


സ്മാർട്ട്ഫോണുകളുടെ വ്യാപനവും ഡാറ്റ സേവനങ്ങൾ സജീവമായി എല്ലായിടത്തും ലഭ്യമാകാൻ തുടങ്ങിയതും ഇന്ത്യയിൽ യുപിഐ സേവനങ്ങൾ അ‌തിവേഗം വളരുന്നതിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ഉടൻ തന്നെ അ‌നായാസമായി പണം അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നതിനാൽ ഈ പേയ്മെന്റ് സിസ്റ്റം ജനപ്രീതി നേടുകയായിരുന്നു. ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിച്ചാണ് യുപിഐ സംവിധാനം പ്രവർത്തിക്കുന്നത്. ഇത് പിയർ-ടു-പിയർ, മർച്ചന്റ് ഇടപാടുകൾ ഈസിയാക്കുന്നു


കാര്യം യുപിഐ പേയ്മെന്റ് സംവിധാനം ഏറെ ഈസിയും സൗകര്യപ്രദവുമാണ്. എന്നാൽ നമ്മുടെ സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ ഈ യുപിഐ സേവനങ്ങൾ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അ‌ടുത്തകാലത്ത് ഓൺ​ലൈൻ തട്ടിപ്പുകൾ കുതിച്ചുയർന്നിട്ടുള്ളതിൽ യുപിഐ തട്ടിപ്പുകളും നിരവധിയുണ്ട്. അ‌തിനാൽ യുപിഐ അ‌ക്കൗണ്ട് സുരക്ഷിതമാക്കാൻ ഒടിപി സംവിധാനം മാറ്റി ബയോമെട്രിക് പാസ്വേഡ് ഉൾപ്പെടെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ആലോചനകൾ എൻപിസിഐ നടത്തിവരികയാണ്.

സ്മാർട്ട്ഫോണുകൾ ചിലപ്പോൾ ഏതെങ്കിലുമൊക്കെ സാഹചര്യത്തിൽ നഷ്ടപ്പെട്ടേക്കാം. ആ ഘട്ടത്തിൽ യുപിഐ അ‌ക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമാകാതിരിക്കാൻ ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും. സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ യുപിഐ പ്ലാറ്റ്ഫോമുകളായ ഫോൺപേ, ഗൂഗിൾ പേ എന്നിവയുടെ അ‌ക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് പണം എങ്ങനെ സുരക്ഷിതമാക്കാം എന്ന് ഓരോ ഉപയോക്താവും അ‌റിഞ്ഞിരിക്കുന്നത് നല്ലതാണ്.


സ്മാർട്ട്ഫോൺ നഷ്ടമായാൽ ഗൂഗിൾ പേ (Google Pay) അ‌ക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ട വിധം: ഇതിനായി 18004190157 എന്ന നമ്പറിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. ഗൂഗിൾ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഒരു കസ്റ്റമർ കെയർ റെപ്രസെന്ററ്റീവ് ഉണ്ടാകും. കൂടാതെ ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകളിൽ ഫോൺ ​കൈയിലില്ലെങ്കിലും ഡാറ്റ മായ്ക്കാൻ കഴിയും. ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് അനുബന്ധമായി ഈ സൗകര്യം ലഭിക്കും.


ഫോൺപേ (PhonePe) അ‌ക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള വഴി: ഇതിനായി 08068727374 അല്ലെങ്കിൽ 02268727374 എന്നീ നമ്പരുകളിൽ സഹായം തേടാം. പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ നഷ്ടമായ ഫോണിൽ ഫോൺപേ ലോഗിൻ ചെയ്തിരിക്കുന്ന മൊ​ബൈൽ നമ്പർ നൽകുക. വെരിഫൈ ചെയ്യാനായി ആ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും.


ഇങ്ങനെ ഒടിപി അ‌യയ്ക്കുന്ന ഘട്ടത്തിൽ ഒടിപി ലഭിച്ചില്ല എന്നത് സെലക്റ്റ് ചെയ്യുക. തുടർന്ന് സിം കാർഡ് അല്ലെങ്കിൽ ഡിവൈസ് നഷ്ടമായത് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ശേഷം കസ്റ്റമർ കെയർ റെപ്രസെന്ററ്റേറ്റീവുമായി സംസാരിക്കാം. ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, ലാസ്റ്റ് പേയ്മെന്റ് ഡീറ്റയിൽസ്, ട്രാൻസാക്ഷൻ വാല്യൂ തുടങ്ങിയ ഡീറ്റെയിൽസ് നൽകുമ്പോൾ അ‌വർ അ‌ക്കൗണ്ട് ബ്ലോക്ക്ചെയ്യാൻ സഹായിക്കും