ദുബായ് ∙ ആഗോള സാങ്കേതികവിദ്യാ ഭീമനായ ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളായ ഐഫോൺ 17 സീരീസ്, ആപ്പിൾ വാച്ച് 11, എയർപോഡ്‌സ് പ്രോ 3 എന്നിവ ഗൾഫ് രാജ്യങ്ങളിൽ അവതരിപ്പിച്ചു. യുഎഇയിലെ ഉപയോക്താക്കൾക്ക് ഈ പുതിയ ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരം ഉടൻ ലഭിക്കും. ഈ മാസം 12 മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാനും 19 മുതൽ വാങ്ങാനും സൗകര്യമൊരുങ്ങും
ഐഫോൺ 17 പരമ്പരയിൽ നാല് മോഡലുകളാണ് പുറത്തിറങ്ങുന്നത്: ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്. ഇതിൽ ഐഫോൺ 17 എയർ ആണ് ഏറ്റവും ശ്രദ്ധേയമായ പുതിയ മോഡൽ. വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണിത്
യുഎഇയിലെ വിലനിലവാരം
∙ഐഫോൺ 17: ഏകദേശം 3,399 ദിർഹം.
∙ഐഫോൺ 17 എയർ: ഏകദേശം 3,499 ദിർഹം.
∙ഐഫോൺ 17 പ്രോ: ഏകദേശം 4,299 ദിർഹം.
∙ഐഫോൺ 17 പ്രോ മാക്സ്: 5,099 ദിർഹം മുതൽ 8,499 ദിർഹം വരെ (സ്റ്റോറേജ് സ്‌പേസ് അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും)
പുതിയ ഐഫോണുകളിൽ എ20 പ്രോ ചിപ്പ്, കൂടുതൽ കരുത്തുറ്റ റാം, മെച്ചപ്പെട്ട ക്യാമറകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ മോഡലുകളിലും 24 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും പ്രോ മോഡലുകളിൽ 48 മെഗാപിക്സൽ ട്രിപ്പിൾ ലെൻസ് സംവിധാനവും പ്രതീക്ഷിക്കാം. ബാറ്ററി ലൈഫ് ഗണ്യമായി വർധിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഐഫോൺ 17 എയർ ഇ-സിം മാത്രമുള്ള മോഡലായതിനാൽ ഭാരം കുറവായിരിക്കും.
ആപ്പിൾ വാച്ച് 11, എയർപോഡ്‌സ് പ്രോ 3: പുതിയ ഐഫോൺ മോഡലുകൾക്കൊപ്പം ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് എസ്ഇ 3 എന്നിവയും എയർപോഡ്‌സ് പ്രോ 3-യും അവതരിപ്പിച്ചു. ആപ്പിൾ വാച്ച് 11: യുഎഇയിൽ ഏകദേശം 1,599 ദിർഹം മുതലാണ് വില ആരംഭിക്കുന്നത്.
അമിത രക്തസമ്മർദ്ദം, സ്ലീപ് അപ്നിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന നൂതന ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ, ഫിറ്റ്നസ് ആപ്പുകളും 'വർക്ക്ഔട്ട് ബഡ്ഡി' എന്ന പുത്തൻ ഫീച്ചറും ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരമാകും. ഒരു തവണ ചാർജ് ചെയ്താൽ 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും.
∙എയർപോഡ്‌സ് പ്രോ 3:
പുതിയ എയർപോഡ്‌സ് പ്രോ 3ക്ക് യുഎഇയിൽ ഏകദേശം 949 ദിർഹമാണ് വില. ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള സംവിധാനം ഇതിലുണ്ട്. ശബ്ദം കുറയ്ക്കുന്നതിനുള്ള ടെക്നോളജി (ആക്ടീവ് നോയ്സ് ക്യാൻസലേഷൻ) നാലിരട്ടി വർധിച്ചതായി ആപ്പിൾ അവകാശപ്പെടുന്നു. ഒരു തവണ ചാർജ് ചെയ്താൽ 8 മണിക്കൂർ വരെ തുടർച്ചയായി ഓഡിയോ കേൾക്കാം. ചാർജിങ് കേസ് ഉപയോഗിച്ച് ഇത് 30 മണിക്കൂർ വരെ നീട്ടാനാവും. ഇതിനു പുറമെ ലൈവ് ട്രാൻസേലഷൻ ഫീച്ചറും എയർപോഡ്‌സ് പ്രോ 3-യിൽ ലഭ്യമാണ്. പുതിയ ഉൽപന്നങ്ങൾ യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിലും പ്രധാന ഇലക്ട്രോണിക്സ് റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാകും
