ഭാഷ പ്രശ്‌നമാക്കേണ്ട, ഏത് നാട്ടുകാരുമായും ചാറ്റ് ചെയ്യാം; വാട്‌സാപ്പില്‍ ലൈവ് ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍

 


ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഒട്ടേറെ ഫീച്ചറുകളുണ്ട് വാട്‌സാപ്പില്‍. അക്കൂട്ടത്തിലേക്ക് എത്തിയ പുതിയ ഫീച്ചറാണ് ലൈവ് ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍. ഭാഷകളുടെ അതിരില്ലാതെ ലോകത്തെവിടെയുമുള്ള ആളുകളുമായി ചാറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. പേര് അര്‍ത്ഥമാക്കുന്നത് പോലെ ഭാഷകള്‍ തത്സമയം തര്‍ജമ ചെയ്യുന്ന ഫീച്ചറാണിത്

ഒരു ഉപഭോക്താവിന് മറ്റൊരു ഭാഷയില്‍ നിന്ന് സന്ദേശം ലഭിച്ചാല്‍ ആ സന്ദേശത്തിന് മേല്‍ ലോങ് പ്രസ് ചെയ്ത് തുറന്നുവരുന്ന ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ട്രാന്‍സ്ലേറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. തര്‍ജമ ചെയ്ത സന്ദേശങ്ങള്‍ സേവ് ചെയ്യാനുള്ള ഓപ്ഷനും വാട്‌സാപ്പ് നല്‍കുന്നു. ഗ്രൂപ്പ് ചാറ്റിലും, പേഴ്‌സണല്‍ ചാറ്റുകളിലും ചാനല്‍ അപ്‌ഡേറ്റിലും ഈ സൗകര്യം ലഭ്യമാവും


എന്നാല്‍ ഓരോ സന്ദേശവും ഉപഭോക്താവ് സ്വയം ട്രാന്‍സ്ലേറ്റ് ചെയ്യണമെന്നില്ല. ഓട്ടോ ട്രാന്‍സ്ലേഷന്‍ ഓപ്ഷനും ഇതില്‍ ലഭ്യമാണ്. ഇതുവഴി ഒരു ചാറ്റ് ത്രെഡില്‍ ഇങ്ങോട്ട് വരുന്ന സന്ദേശങ്ങളെല്ലാം ഓട്ടോമാറ്റിക് ആയി തര്‍ജമ ചെയ്യാന്‍ സാധിക്കും.

ആന്‍ഡ്രോയിഡിലും ഐഫോണുകളിലും നിശ്ചിത ഭാഷകളില്‍ ഈ സൗകര്യം ലഭ്യമാവും. താമസിയാതെ കൂടുതല്‍ ഭാഷകള്‍ ചേര്‍ക്കപ്പെടും. നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലുള്ള തര്‍ജമയാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 19 ല്‍ ഏറെ ഭാഷകളിലായി ഐഫോണിലും ഫീച്ചര്‍ താമസിയാതെ എത്തും.