സുരക്ഷയിൽ കേമൻ 20km മേലെ മൈലേജ് ഫാമിലിക്കായി സുരക്ഷിതമായ ഒരു ബജറ്റ് എസ്‌യുവി

 




ഇന്ത്യക്കാരുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്നവരാണ് മാരുതി സുസുക്കി. പലപ്പോഴും മാരുതി സുസുക്കി പുറത്തിറക്കുന്ന വാഹനങ്ങൾ കാണുമ്പോൾ ഇങ്ങനെയൊരു വാഹനം വിപണിക്ക് ആവശ്യമുണ്ടോ എന്ന സംശയം തോന്നിയേക്കാം. എന്നാൽ ആ സംശയം വെറുതേയായിരുന്നു എന്നായിരിക്കും വാഹനത്തിന്റെ വിജയം കാണുമ്പോൾ മനസിലാകുക



അരീന വഴി വിൽക്കുന്ന ബ്രെസയ്ക്കും നെക്സ വഴി വിൽക്കുന്ന ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലാണ് വിക്ടോറിസിന്റെ സ്ഥാനം. 10.50 ലക്ഷം രൂപയ്ക്ക് ആരംഭിക്കുന്ന വിക്ടോറിസിന്റെ സ്ട്രോങ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലിന്റെ ഷോറൂം വില 19.98 ലക്ഷം രൂപ. എഡിഎഎസ് 2 അടക്കമുള്ള നിരവധി ഫീച്ചറുകളുണ്ട് ഈ മോഡലിൽ. എന്നാൽ ഇത്രയും ഫീച്ചറുകളില്ലാത്ത വിറ്റാരയുടെ ഉയർന്ന മോഡലിന്റെ നിലവിലെ വില 20.68 ലക്ഷം രൂപ. കേൾക്കുമ്പോൾ തന്നെ ഒരു ആശയക്കുഴപ്പം. എന്നാൽ മാരുതി ചിന്തിക്കുന്നത് ഉപഭോക്താക്കളെ മുന്നിൽ കണ്ടാണ്. അരീനയിലെ ഫ്ലാഗ്ഷിപ് മോഡലായിട്ടാണ് വിക്ടോറിസിനെ മാരുതി എത്തിക്കുന്നത്. എൻജിനിലും പ്ലാറ്റ്ഫോമിലുമെല്ലാം വിറ്റാരയുമായി ഏറെ സാമ്യം. വിറ്റാരയുടെ ഡിസൈൻ ശൈലി ഇഷ്ടപ്പെടാത്തവർക്ക് ഇനി വേറെ നിർമാതാക്കളിലേയ്ക്ക് പോകണ്ട, അരീനയിലേക്ക് പോയാൽ മതി അവിടെയുണ്ട് വിക്ടോറിസ്. ജനപ്രീതി വർധിക്കുന്ന മിഡ് സൈസ് എസ്‍യുവി വിഭാഗത്തിൽ പിടി മുറുക്കുകയാണ് മാരുതിയുടെ പ്രധാന ലക്ഷ്യം. അതിനാണ് അരീനയിലേക്ക് ഒരു മിഡ്സൈസ് എസ്‌യുവി മാരുതി എത്തിച്ചത്


വില, മോഡലുകൾ, മൈലേജ്

പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ്, എസ് സിഎൻജി മോഡലുകളിൽ ഓട്ടമാറ്റിക്ക്, മാനുവൽ ഗിയർബോക്സുകളിൽ വാഹനം ലഭിക്കും. 

∙ സമാർട്ട് ഹൈബ്രിഡ് 5 സ്പീഡ് മാനുവൽ: എൽഎക്സ്ഐ –10.49 ലക്ഷം, വിഎക്സ്ഐ –11.79 ലക്ഷം, ഇസഡ്എക്സ്ഐ –13.56 ലക്ഷം, ഇസഡ്എക്സ്ഐ (ഒ) – 14.07 ലക്ഷം, ഇസഡ്എക്സ്ഐ പ്ലസ്– 15.23 ലക്ഷം, ഇസഡ്എക്സ്ഐ പ്ലസ് (ഒ) 15.81 ലക്ഷം.

∙ സമാർട്ട് ഹൈബ്രിഡ് 6 സ്പീഡ് ഓട്ടമാറ്റിക്: വിഎക്സ്ഐ –13.35 ലക്ഷം, ഇസഡ്എക്സ്ഐ –15.12 ലക്ഷം, ഇസഡ്എക്സ്ഐ (ഒ) – 15.63 ലക്ഷം, ഇസഡ്എക്സ്ഐ പ്ലസ്– 17.18 ലക്ഷം, ഇസഡ്എക്സ്ഐ പ്ലസ് (ഒ) 17.76 ലക്ഷം.

∙ സമാർട്ട് ഹൈബ്രിഡ് 6 സ്പീഡ് ഓട്ടമാറ്റിക് ഓൾ ഗ്രിപ്: ഇസഡ്എക്സ്ഐ പ്ലസ്– 18.63 ലക്ഷം, ഇസഡ്എക്സ്ഐ പ്ലസ് (ഒ) 19.21 ലക്ഷം.

∙ സ്ട്രോങ് ഹൈബ്രിഡ് ഇ സിവിടി: വിഎക്സ്ഐ –16.37 ലക്ഷം, ഇസഡ്എക്സ്ഐ –17.79 ലക്ഷം, ഇസഡ്എക്സ്ഐ (ഒ) – 18.38 ലക്ഷം, ഇസഡ്എക്സ്ഐ പ്ലസ്– 19.46 ലക്ഷം, ഇസഡ്എക്സ്ഐ പ്ലസ് (ഒ) 19.98 ലക്ഷം.

∙ എസ് സിഎൻജി: എൽഎക്സ്ഐ –11.49 ലക്ഷം, വിഎക്സ്ഐ –12.79 ലക്ഷം, ഇസഡ്എക്സ്ഐ –14.56 ലക്ഷം

∙ മൈലേജ്: പെട്രോള്‍ മാനുവല്‍(ലിറ്ററിന് 21.11 കിലോമീറ്റര്‍), പെട്രോള്‍ ഓട്ടമാറ്റിക്(20.58 കിലോമീറ്റര്‍), പെട്രോള്‍ എടി-എഡബ്ല്യുഡി(19.2 കിലോമീറ്റര്‍), സിഎന്‍ജി എംടി(കിലോഗ്രാമിന് 27.02 കിലോമീറ്റര്‍), ഹൈബ്രിഡ്-സിവിടി(28.6 കിലോമീറ്റര്‍)



ബ്ലാക്, ഐവറി ഡ്യുവൽ ടോൺ ഫീനിഷിലാണ് ക്യാബിൻ. അതിൽ സിൽവ്വർ, പിയാനോ ബ്ലാക് ഇൻസേർട്ടുകൾ നൽകിയിരിക്കുന്നു. സ്ട്രോങ് ഹൈബ്രിഡ് മോഡലിന് ഓൾ ബ്ലാക് ഇന്റീരിയറാണ്. മികച്ച ഫിറ്റും ഫിനിഷുമുണ്ട് ക്യാബിന്. പിയാനോ ബ്ലാക് ഫിനിഷിലുള്ള എസി വെന്റുകൾ. സീറ്റുകളും മികച്ചത്. മുന്നിൽ വെന്റിലേറ്റഡ് സീറ്റുകളാണ് നൽകിയിരിക്കുന്നത്. വയർലെസ് ചാർജിങ് സ്ലോട്ടുമുണ്ട് ഉയർന്ന മോഡലിൽ. കൂടാതെ ഒരു 12 വാട്ട് ചാർജിങ് സോക്കറ്റും രണ്ട് സി ടെപ്പ് (45W+15W) സ്ലോട്ടുകളും നൽകിയിട്ടുണ്ട്. ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോളോടു കൂടിയാണ് ഉയർന്ന മോഡൽ വരുന്നത്.


ഫ്രീ സ്റ്റാൻഡിങ് ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ്. 10.25 ഇഞ്ച് ടിഎഫ്ടി ടച്ച് സ്ക്രീൻ ഡിസ്പ്ലെ. മീറ്റർ കൺസോളിൽ 4.2 ഇഞ്ച് ഡിസ്പ്ലെയും നൽകിയിരിക്കുന്നു. 64 -കളർ ആംബിയന്റ് ലൈറ്റുകൾ, അലക്‌സ അസിസ്റ്റന്റ്, ട്രാഫിക് & സ്പീഡ് റെക്കഗ്നിഷനോടുകൂടിയ സുസുക്കി മാപ്‌സ്, എട്ട് സ്പീക്കറുകളുള്ള ഇൻഫിനിറ്റി എക്സ് ഡോൾബി അറ്റ്‌മോസ് ഓഡിയോ, പനോരമിക് സൺറൂഫ്, ‌എട്ട്-വേ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയുണ്ട്. അറുപത് കണക്റ്റഡ് ഫീച്ചറുകളുള്ള ഇൻഫോടെയിൻമെന്റി സിസ്റ്റമാണ്



സ്മാർട്ട്പ്ലെ പ്രോ എക്സ് ഇൻഫോടെയിൻമെന്റ് സിസ്റ്റം മികച്ച മ്യൂസിക് ക്വാളിറ്റിയാണ് നൽകുന്നത്. ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം വഴിയാണ് സംഗീതം പ്ലേ ചെയ്യുന്നത്, ഇതിൽ 8 സ്പീക്കറുകൾ ഉൾപ്പെടുന്നു – ഓരോ വാതിലിലും ഓരോ സ്പീക്കർ, മുൻവാതിലുകളിൽ 2 ട്വീറ്ററുകൾ, ഡാഷ്‌ബോർഡിൽ ഒരു സെന്റർ സ്പീക്കർ, കൂടാതെ ബൂട്ടിൽ ഒരു സബ്‌വൂഫറും. ഡോൾബി അറ്റ്‌മോസ് സറൗണ്ട് സൗണ്ടും ഇൻബിൽറ്റ് ആംപ്ലിഫയറും ഇതിനൊപ്പം വരുന്നു. ഓഡിയോ നിലവാരവും വ്യക്തത വളരെ മികച്ചതാണ്. 


1.5 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 1.5 ലീറ്റര്‍ പെട്രോള്‍- സിഎന്‍ജി, 1.5-ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളുണ്ട്. സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ സ്‌ട്രോങ് ഹൈബ്രിഡില്‍ ഇ-സിവിടി, മൈല്‍ഡ് ഹൈബ്രിഡില്‍ 5സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഉയര്‍ന്ന മൈല്‍ഡ് ഹൈബ്രിഡ് ഓട്ടമാറ്റിക് വകഭേദങ്ങളില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. മൈൽഡ് ഹൈബ്രിഡ് എൻജിനോടൊപ്പെ ഓൾഗ്രിപ്പ് മോഡലും ലഭിക്കും,

ടെസ്റ്റ് ഡ്രൈവ് ചെയ്തത് ഓൾഗ്രിപ്പ് മോഡലാണ്. എൻജിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ അധിക ശബ്ദവും വിറയലും അനുഭവപ്പെടുകയില്ല. ഐഡിലിങ്ങിലും നിശബ്ദം തന്നെ. തുടക്കത്തിന്റെ ത്രോട്ടിൽ റെസ്പോൺസ് മികച്ചതാണ്. ലോ എൻഡിൽ മികച്ച പ്രതികരണമാണ് എൻജിൻ നൽകുന്നത്. ‌‌മിഡ്, ഹൈ റേഞ്ചുകളിൽ ഭേദപ്പെട്ട പ്രകടനം നൽകുന്നു. സിറ്റി ട്രാഫിക്കിൽ കുറഞ്ഞ വേഗത്തിൽ മികച്ച പ്രകടനം നൽകുന്നുണ്ട്. എന്നാൽ പെട്ടെന്ന് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിന് അൽപം ശബ്ദം കൂടുതലല്ലേ എന്നു തോന്നാം. ഹൈവേയിൽ വിക്ടോറിസ് ശാന്തമായ ഒറു ക്രൂസാറാണ് എന്ന് പറയാം. ലീനിയറായ പവർ ഡെലിവറി സ്റ്റഡി ആക്സിലറേഷൻ നൽകും.


ഡിഫോൾട്ട് ഓട്ടോ മോഡ് കൂടാതെ, വിക്ടോറിസ് ഓൾഗ്രിപ്പിന് മൂന്ന് ഡ്രൈവിങ് മോഡുകൾ ഉണ്ട് - സ്പോർട്ട്, സ്നോ, ലോക്ക്.

സ്പോർട്ട് മോഡ്: സ്പോർട്ട് മോഡിൽ ഗിയർ റേഷ്യോ അൽപം കൂടുന്നുണ്ട്. ഇത് വാഹനത്തിന് കുടുതൽ കരുത്ത് നൽകും. ഓവർടേക്ക് ചെയ്യുന്ന സമയത്ത് വളരെ സഹായകരമാണ്.

സ്നോ മോഡ്: സ്ലിപ്പറി (തെന്നുന്ന) പ്രതലങ്ങൾക്കായുള്ള നാലു വീൽ ഡ്രൈവ് മോഡാണ് ഇത്. ടയറുകൾ വെറുതേ കറങ്ങുന്നത് ഈ മോഡ് ഒഴിവാക്കുന്നു. ട്രാക്ഷൻ ക്രമീകരിച്ച് നാലു ടയറുകളിലേയ്ക്കുമുള്ള കരുത്ത് നിയന്ത്രിച്ച് തെന്നുന്ന പ്രതലത്തിലൂടെ വാഹനത്തിനെ നിഷ്പ്രയാസം നീക്കും ഈ മോഡ്. 

ലോക്ക് മോഡ്: വാഹനത്തിന് ട്രാക്ഷൻ കുറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് പറത്തുവരാനാണ് ഈ മോഡ്. മുൻ പിൻ വീലുകളിലേയ്ക്ക് 50:50 അനുപാതത്തിൽ ടോർക്ക് ക്രമീകരിക്കുകയും വീലുകൾ തെന്നിമാറുമ്പോൾ അതിൽ ബ്രേക്ക് പ്രയോഗിച്ച് വാഹനത്തെ കൂടുതൽ സ്റ്റേബിൾ ആക്കുകയും ചെയ്യുന്നു