ടൊയോട്ട കുറച്ചത് 3.49 ലക്ഷം വരെ, മുൻനിര കമ്പനികളുടെ ഏതൊക്കെ കാറുകൾക്ക് വില കുറഞ്ഞു അറിയാം

 


വാഹനങ്ങളുടെ ജിഎസ്ടി ഘടനയിൽ മാറ്റം വരുത്തിയതിനെ തുടർന്ന് വില കുറച്ച് നിർമ്മാതാക്കൾ. പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ, മഹീന്ദ്ര, ടൊയോട്ട, റെനോ തുടങ്ങിയ നിർമ്മാതാക്കളാണ് പുതുക്കിയ വില പുറത്തുവിട്ടത്. മഹീന്ദ്രയുടെ വിലക്കുറവ് ഉടൻ തന്നെ പ്രാവർത്തികമാകുമെന്നും മറ്റ് വാഹനനിർമാതാക്കളുടെ വിലക്കുറവ് സെപ്റ്റംബർ 22 മുതൽ നടപ്പിൽ വരും. പെട്രോൾ, പെട്രോൾ ഹൈബ്രിഡ്, എൽപിജി, സിഎൻജി കാറുകൾ (1200 സിസി വരെ), ഡീസൽ, ഡീസൽ ഹൈബ്രിഡ് കാറുകൾ (1,500 സിസി വരെ), മുച്ചക്ര വാഹനങ്ങൾ, 350 സിസി വരെയുള്ള മോട്ടോർ സൈക്കിളുകൾ എന്നിവയുടെ ജിഎസ്ടി കേന്ദ്ര സർക്കാർ 28%-ൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. മറ്റ് വാഹനങ്ങളുടെ ജിഎസ്ടി 40 ശതമാനവുമാക്കി. (അന്തിമ വിലയിൽ സംസ്ഥാനങ്ങൾക്ക് അനുസരിച്ച് ചെറിയ മാറ്റങ്ങളുണ്ടാകാം)


ടാറ്റ കുറച്ചത് 1.55 ലക്ഷം വരെ


വിവിധ മോഡലുകളുടെ വില 1.55 ലക്ഷം രൂപ വരെ കുറച്ചതായി ടാറ്റ അറിയിച്ചിട്ടുണ്ട്. ചെറു കാറായ ടിയാഗോയ്ക്ക് 75,000 രൂപ കുറഞ്ഞു, ടിഗോറിന് 80,000 രൂപയും ആൾട്രോസിന് 1.10 ലക്ഷം രൂപയും കുറച്ചിട്ടുണ്ട്. ചെറു എസ്‌യുവി(SUV)യായ പഞ്ചിന് 85,000 രൂപയും കോംപാക്റ്റ് എസ്‌യുവി നെക്സോണിന് 1.55 ലക്ഷം രൂപയും കർവിന് 65,000 രൂപയും ഹാരിയറിന് 1.40 ലക്ഷം രൂപയും സഫാരിക്ക് 1.45 ലക്ഷം രൂപയും കുറച്ചു. പുതുക്കിയ വിലകൾ ഈ മാസം 22 മുതൽ നിലവിൽ വരുമെന്നാണ് അറിയിക്കുന്നത്.


ടൊയോട്ടയ്ക്ക് 3.49 ലക്ഷം രൂപ വരെ കുറവ്


ചെറു കാർ മുതൽ ആഡംബര എംപിവി(MPV)യുടെ വിലയിൽ വരെ ടൊയോട്ട മാറ്റം വരുത്തിയിട്ടുണ്ട്. ഗ്ലാൻസയുടെ വില 85,300 രൂപയാണ് കുറച്ചതെങ്കിൽ അർബൻ ക്രൂസർ ടൈസോറിന്റെ വില 1.11 ലക്ഷം രൂപ കുറച്ചു. എംപിവി റൂമിയോണിന്റെ വില 48,700 രൂപയും എസ്‌യുവി ഹൈറൈഡറിന്റെ വില 65,400 രൂപയും കുറച്ചു. ഇന്നോവ ക്രിസ്റ്റയുടെ വില 1.80 ലക്ഷം രൂപയാണ് കുറഞ്ഞത്. ഹൈക്രോസിന്റെ വില 1.15 ലക്ഷം രൂപയും ഫോർച്യൂണറിന്റേത് 3.49 ലക്ഷം രൂപയും ലെജൻഡറിന്റേത് 3.34 ലക്ഷം രൂപയും ഹൈലെക്സിന് 2.52 ലക്ഷം രൂപയും കുറഞ്ഞു. പ്രീമിയം സെഡാനായ കാമ്രിയുടെ വില 1.01 ലക്ഷം രൂപയും ലക്ഷ്വറി എംപിവി വെൽഫറിന്റെ വില 2.78 ലക്ഷം രൂപയും കുറച്ചു.


മഹീന്ദ്രയ്ക്ക് കുറഞ്ഞത് 1.56 ലക്ഷം


ബൊലേറോയ്ക്കും ബൊലേറോ നിയോയ്ക്കും 1.27 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. എക്സ്‌യുവി 3എക്സ്ഒ പെട്രോളിന് 1.40 ലക്ഷം രൂപയും ഡീസലിന് 1.56 ലക്ഷം രൂപയും കുറച്ചു. ഥാർ 2 വീൽ ഡ്രൈവ് മോഡലുകൾക്ക് 1.35 ലക്ഷം രൂപയും നാല് വീൽ ഡ്രൈവ് മോഡലുകൾക്ക് 1.01 ലക്ഷം രൂപയും കുറച്ചു. സ്കോർപ്പിയോ ക്ലാസിക്കിന്റെ വില 1.01 ലക്ഷം രൂപ കുറച്ചപ്പോൾ സ്കോർപ്പിയോ എന്നിന്റെ വില 1.45 ലക്ഷം രൂപയും കുറഞ്ഞു. ഥാർ റോക്സിന്റെ വില കുറച്ചത് 1.33 ലക്ഷം രൂപ വരെയാണ്. എക്സ്‌യുവി 700-ൻ്റെ എക്സ്ഷോറൂം വിലയിൽ 1.43 ലക്ഷം രൂപ കുറഞ്ഞു.


റെനോ കുറച്ചത് 96,000 രൂപ വരെ


എംപിവി ട്രൈബറിന്റെ വിവിധ മോഡലുകളുടെ വില 53,695 രൂപ മുതൽ 80,195 രൂപ വരെ കുറഞ്ഞു. കൈഗറിന്റെ മോഡലുകളുടെ വില കുറച്ചത് 53,695 രൂപ മുതൽ 96,395 രൂപ വരെയാണ്. ക്വിഡിന്റെ വില 40,095 രൂപ മുതൽ 54,995 രൂപ വരെയാണ് കുറഞ്ഞത്