തട്ടിപ്പിനിരയാവേണ്ട, യൂസ്‌ഡ് കാർ വാങ്ങുംമുമ്പ് ആക്‌സിഡന്റ് ഹിസ്റ്ററി അറിയാൻ വഴിയുണ്ട്



പണ്ട് വില കുറവായിരുന്നെങ്കിൽ ലോണുകിട്ടാനൊക്കെ പാടായിരുന്നു. ഇന്ന് ലോണുകളും കാര്യങ്ങളുമൊക്കെ അനായാസം തരപ്പെടുമെങ്കിലും പുത്തൻ കാറിന്റെ വില പലർക്കും താങ്ങാനാവുന്ന ഒന്നല്ല. ഇത്തരക്കാർ കൂടുതലും ചെന്നെത്തുന്നത് സെക്കൻഡ് ഹാൻഡ് വാഹനങ്ങളിലേക്കാണ്. ഇന്ത്യയിൽ യൂസ്‌ഡ് കാറുകളുടെ ഡിമാന്റ് കൂടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നും ഇതുന്നെയാണ്. പക്ഷേ പുതിയ ഒന്നിനെ കൂടെക്കൂട്ടുന്നതുപോലെയല്ല സെക്കൻഡ് ഹാൻഡ് മോഡലുകളുടേത്. ഇതൊരൽപം റിസ്ക്ക് പിടിച്ച തീരുമാനമാണ്


നോക്കിയും കണ്ടുമെല്ലാം വാങ്ങിയില്ലെങ്കിൽ പണിവരുന്ന വഴിയറിയില്ല. വലിയ അപകടങ്ങളിലെല്ലാം പെട്ടവണ്ടികളെല്ലാം പണിതെടുത്ത് ഉയർന്ന വിലക്ക് വിൽക്കുന്നതു പോലെയെല്ലാമുള്ള തട്ടിപ്പുകൾ യൂസ്‌ഡ് കാർ വിപണിയിലെ സ്ഥിരം കാഴ്ച്ചകളാണ്. ഈ തട്ടിപ്പിനെ മറികടക്കാനായി കാറിന്റെ ആക്‌സിഡന്റ് ഹിസ്റ്ററി പരിശോധിക്കുന്നതാണ് ഇത്തരം സംഗതികളെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം. പക്ഷേ ഇതിലും വലിയ തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ടെന്ന കാര്യം വിസ്‌മരിക്കുന്നില്ല.


പക്ഷേ ഒരുപരിധി വരെ അപടകം പറ്റിയ കാറുകളെ തിരിച്ചറിയാൻ ആക്‌സിഡന്റ് ഹിസ്റ്ററി പല ഘട്ടങ്ങളിലും ഏറെ സഹായിക്കാറുണ്ട്. യൂസ്ഡ് വാഹനം വാങ്ങുന്നതിനു മുന്നോടിയായി ഇക്കാര്യം പരിശോധിക്കാൻ എന്തെല്ലാം ചെയ്യേണമെന്ന് പറഞ്ഞുതരാം. അതിനു മുമ്പ് ആക്സിഡന്റ് കാറുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് കൃത്യമായി ഒന്നു വിശദീകരിക്കാം. ചെറിയ തട്ടലും മുട്ടലുമൊന്നുമില്ലാതെ വണ്ടി കൊണ്ടുനടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആയതിനാൽ ഇത്തരം വാഹനങ്ങളെയല്ല പൊതുവേ ആക്‌സിഡന്റ് കാറുകൾ എന്ന് വിശേഷിപ്പിക്കുന്നത്.



കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിന്നോ (RC) അല്ലെങ്കിൽ നമ്പർ പ്ലേറ്റിൽ നിന്നോ നിങ്ങൾക്ക് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ലഭിക്കുമല്ലോ. ഇതുമായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (RTO) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഇതിനായി, "RTO വെബ്സൈറ്റ്" + സംസ്ഥാനത്തിന്റെ പേര് ടൈപ്പ് ചെയ്ത് "വെഹിക്കിൾ ഇൻഫർമേഷൻ" വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുകയാണ് വേണ്ടത്. അതിനു ശേഷx കാറിന്റെ ആക്‌സിഡന്റ് റെക്കോർഡ് പരിശോധിക്കാൻ രജിസ്ട്രേഷൻ നമ്പർ നൽകുക


കാർ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റ് ഉടനടി നൽകും. കാർ "സ്ക്രാപ്പ്" വാഹനമായി പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും പിന്നീട് നവീകരിച്ച യൂണിറ്റാണോ എന്നും ഇത് വെളിപ്പെടുത്തും. ഹിസ്റ്ററി പരിശോധിക്കാൻ നിങ്ങൾക്ക് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) വെബ്സൈറ്റും സന്ദർശിക്കാം. വാഹനത്തിന്റെ രജിസ്ട്രേഷൻ, ഫിറ്റ്നസ്, നികുതി, ഇൻഷുറൻസ് വിശദാംശങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഇത് വാഗ്ദാനം ചെയ്യും.


മുകളിൽ സൂചിപ്പിച്ച ഓപ്ഷനുകൾ എന്തെങ്കിലും കാരണങ്ങളാൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഒരു കാറിന്റെ ആക്‌സിഡന്റ് ഹിസ്റ്ററി പരിശോധിക്കാൻ കഴിയും. വാഹനത്തിന്റെ അപകട ചരിത്രം, മുൻ ഉടമകളുടെ എണ്ണം, അതിന്റെ സർവീസ് ഹിസ്റ്ററി എന്നിവയെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും ഇത് നൽകുന്നുണ്ട്.


ആശയക്കുഴപ്പമുണ്ടാക്കുന്ന അല്ലെങ്കിൽ പൊരുത്തമില്ലാത്ത വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൂടുതൽ വ്യക്തതയ്‌ക്കും എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി ഉടൻ തന്നെ ബന്ധപ്പെട്ട ആർടിഒയെയോ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തെയോ ബന്ധപ്പെടുക. ആക്‌സിഡന്റ് ഹിസ്റ്ററിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന പല വെഹിക്കിൾ ഇൻസ്പെക്ഷൻ ഏജൻസികളും നമ്മുടെ നാട്ടിലുണ്ട്. സൂക്ഷ്മമായ പരിശോധനക്ക് സമയമില്ലെങ്കിലോ അറിയില്ലെങ്കിലോ ഇത് വളരെ ഉപയോഗപ്രദമാവും