ഫാറ്റി ലിവർ രോഗമുള്ളവരാണോ എങ്കിൽ വ്യായാമത്തിനൊപ്പം ഈ ഭക്ഷണങ്ങളും ശീലമാക്കൂ




 കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റുക, കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനം, പിത്തരസം ഉൽപാദിപ്പിക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, അവശ്യപോഷകങ്ങൾ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയെ ശേഖരിക്കുക തുടങ്ങി കരളിന് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) പോലുള്ള രോഗങ്ങളിലേതുപോലെ കരളിന് ക്ഷതം സംഭവിച്ചാൽ അതിന്റെ പ്രവർത്തനങ്ങൾ ശരിയായി നടത്താൻ കരളിന് സാധിക്കാതെ വരുന്നു. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോളാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകുന്നത്. പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയവ ഉള്ളവരിൽ ഈ കരൾരോഗം വരാനുള്ള സാധ്യത കൂടുതലാണ്. മദ്യം ഉപയോഗിക്കാതെ തന്നെ വരുന്ന കരൾ രോഗമാണ് എൻഎഫ്എൽഡി. ഇത് രണ്ടു തരത്തിലുണ്ട്.


∙ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ (NAFL) ഇൻഫ്ലമേഷൻ കൂടാതെ തന്നെ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. കരളിന് വീക്കം ഉണ്ടാകുകയും അസ്വസ്ഥത ഉണ്ടാകുകയും ചെയ്യും. 
∙ നോൺ ആൽക്കോഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) - കൊഴുപ്പ് അടിഞ്ഞു കൂടുന്നതോടൊപ്പം ഇൻഫ്ലമേഷനും ഉണ്ടാകുന്നു. ചികിത്സിച്ചില്ലെങ്കിൽ ഇത് സീറോസിസിലേക്കും കരളിന്റെ പ്രവർത്തനത്തകരാറിലേക്കും നയിക്കും. സമീകൃതഭക്ഷണം, ഒപ്പം വ്യായാമവും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. രോഗങ്ങൾ ഗുരുതരമാകുന്നതു തടയാനും ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ഇത് സഹായിക്കും. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് നിയന്ത്രിക്കാൻ കാലറി വളരെ കുറഞ്ഞ മെഡിറ്ററേനിയൻ ഭക്ഷണരീതിയാണ് മികച്ചതെന്ന് ന്യൂട്രിയന്റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പഞ്ചസാര ചേർക്കാത്ത കാപ്പിയും ഉദരാരോഗ്യവും കരളിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുമെന്നും പഠനം പറയുന്നു



കാപ്പി
പഞ്ചസാര ചേർക്കാത്ത കട്ടൻ കാപ്പി കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പതിവായി കാപ്പി കുടിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വരാനുള്ള സാധ്യത കുറയ്ക്കുമെന്നും ലിവർ ഫൈബ്രോസിസിന്റെ വളർച്ച സാവധാനത്തിലാക്കുമെന്നും പഠനങ്ങൾ പറയുന്നു. കരളിന്റെ സ്ട്രെസ്സിന്റെയും കരളിനുണ്ടാകുന്ന ക്ഷതത്തിന്റെയും സൂചകങ്ങളായ ലിവർ എൻസൈമുകളുടെ അളവ് കുറയ്ക്കാനും കാപ്പി സഹായിക്കും. കാപ്പിയിലടങ്ങിയ ആന്റി ഓക്സിഡന്റ് സംയുക്തങ്ങളാണ് കരളിലെ കലകളിൽ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഓക്സീകരണ സമ്മർദം കുറയ്ക്കാനും സഹായിക്കുന്നത്.


 ഇലക്കറികൾ
പച്ചച്ചീര, കേൽ തുടങ്ങിയ ഇലക്കറികളിൽ പോളിഫിനോളുകളും നൈട്രേറ്റുകളും ഉണ്ട്. ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയാൻ സഹായിക്കും. പച്ചച്ചീര വേവിക്കാതെ കഴിക്കുന്നത് എൻഎഎഫ്എൽഡി വരാനുള്ള സാധ്യത കുറയ്ക്കും. ഇലക്കറികൾ വേവിക്കുമ്പോൾ ആന്റിഓക്സിഡന്റ് ഗുണങ്ങൾ കുറയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇലക്കറികൾ സഹായിക്കും. മെറ്റബോളിക് ഹെൽത്ത് മെച്ചപ്പെടുത്താൻ ഇവയിലടങ്ങിയ വൈറ്റമിനുകളും ധാതുക്കളും സഹായിക്കും.


കേര, മത്തി, ചൂര, പുഴമത്സ്യങ്ങൾ തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വീക്കവും കൊഴുപ്പ് അടിഞ്ഞു കൂടുന്നതും കുറയ്ക്കുന്നു. എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും ഒമേഗ 3 സഹായിക്കും. ഇവ രണ്ടും കരളിന്റെ സംരക്ഷണത്തിന് പ്രധാനമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മത്സ്യങ്ങൾ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.


നട്സ്
വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ ഇവ ധാരാളമുണ്ട്. നട്സ് പതിവായി കഴിക്കുന്നത് ഇൻഫ്ലമേഷൻ, ഓക്സീകരണ സമ്മർദം ഇവ കുറയ്ക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും. ഇവയെല്ലാം കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ളവർ നട്സ് കഴിക്കുന്നതു വഴി കരളിലെ എൻസൈമിന്റെ അളവ് മെച്ചപ്പെടുത്താനും മെറ്റബോളിക് ഹെൽത്ത് മെച്ചപ്പെടുത്താനും സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.


 മഞ്ഞൾ
മഞ്ഞളിലടങ്ങിയ കുർക്കുമിന് ആന്റിഇൻഫ്ലമെറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. കുർക്കുമിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് എഎൽടിയുടെയും എഎസ്ടിയുടെയും അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗികളിൽ കരളിനുണ്ടായിരിക്കുന്ന പരുക്കുകളുടെ സൂചകങ്ങളാണിവ. മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും സപ്ലിമെന്റ് ആയി കഴിക്കുന്നതും കരളിനെ സംരക്ഷിക്കും


സൂര്യകാന്തി വിത്ത്
വൈറ്റമിൻ ഇ യുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയായ സൂര്യകാന്തി വിത്തുകൾ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം നിയന്ത്രിക്കും. 100 ഗ്രാം സൂര്യകാന്തി വിത്തിൽ ദിവസവും ആവശ്യമുള്ളത്ര വൈറ്റമിൻ ഇ ഉണ്ട്. സൂര്യകാന്തി വിത്ത് ഭക്ഷണത്തിലോ ലഘുഭക്ഷണത്തിലോ ഉൾപ്പെടുത്തുന്നത് ഓക്സീകരണ സമ്മർദം കുറയ്ക്കാൻ സഹായിക്കുകയും കരളിലെ കോശങ്ങളുടെ കേടുപാടുകൾ അകറ്റാൻ സഹായിക്കുകയും ചെയ്യും.


വെളുത്തുള്ളി, ശരീരഭാരം നിയന്ത്രിക്കാനും കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിലെ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. പച്ചയ്ക്കോ സപ്ലിമെന്റായോ വെളുത്തുള്ളി കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ വളർച്ച കുറയ്ക്കും. വെളുത്തുള്ളി ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. 

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താം
∙ വ്യായാമം ശീലമാക്കാം
ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും എയ്റോബിക് വ്യായാമങ്ങൾ ചെയ്യണം. ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 
∙ രക്തത്തിലെ ലിപ്പിഡ് ലെവൽ നിയന്ത്രിക്കാം
പൂരിതകൊഴുപ്പും പഞ്ചസാരയും നിയന്ത്രിക്കാം. മരുന്ന് ആവശ്യമെങ്കിൽ വൈദ്യസഹായം തേടാം. 
∙ രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കാം
സമീകൃത ഭക്ഷണവും പതിവായ വ്യായാമവും പ്രമേഹവുമായി ബന്ധപ്പെട്ട കരൾനാശം തടയും.
∙ ധാരാളം വെള്ളം കുടിക്കാം 
ഇത് വിഷാംശങ്ങളെ അകറ്റാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും സഹായിക്കും.