ഡോ:ലേഖിക വിപിഎസ്
(ഡയറ്റിഷൻ)
സ്ത്രീകളിൽ വേഗത്തിൽ വളർന്നു വരുന്ന രോഗാവസ്ഥകളിൽ ഒന്നാണ് പിസിഒഎസ് (Polycystic Ovary Syndrome) അഥവാ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം. അണ്ഡാശയത്തിൽ ഉണ്ടാകുന്ന സിസ്റ്റുകൾ മൂലമുള്ള ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണമാകുന്നത്. മരുന്ന് ചികിത്സയ്‌ക്കൊപ്പം തന്നെ, ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്നത് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഏറെ സഹായകരമാണ്. ഈ രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ജനിതക ഘടകങ്ങൾ, പരിസ്ഥിതി, അമിതവണ്ണം, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയുടെ സംഗമമാണ് ഇതിന് പിന്നിൽ. ഇതു മൂലം സ്ത്രീകളിൽ ക്രമം തെറ്റിയുള്ള ആർത്തവം, അധികമായ രോമവളർച്ച, മുഖക്കുരു, ഗർഭധാരണ പ്രശ്നങ്ങൾ തുടങ്ങി പല ലക്ഷണങ്ങളും പ്രകടമാകും
ഭക്ഷണത്തിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പിസിഒഎസ് രോഗികൾക്ക് സമുചിതമായ തോതിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബ്രൗൺ റൈസ്, ചപ്പാത്തി, ഓട്സ്, ക്വിനോവ തുടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയും. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം പിസിഒഎസ് ഉള്ളവർക്ക് ഏറെ ഗുണകരമാണ്
മീൻ, കോഴി, പയർവർഗ്ഗങ്ങൾ, മുട്ട തുടങ്ങിയവയിൽ നിന്ന് മതിയായ പ്രോട്ടീൻ ദിനഭക്ഷണത്തിൽ ചേർക്കുന്നത് ഭാരം നിയന്ത്രിക്കാനും ഇൻസുലിൻ നിയന്ത്രണത്തിനും സഹായിക്കും. കാർബോഹൈഡ്രേറ്റ് കുറച്ച്, അപൂരിത കൊഴുപ്പുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമാണ്. ഒലീവ് ഓയിൽ, വാൾനട്ട്, മത്സ്യം പോലുള്ള ഭക്ഷണങ്ങൾ ഇൻസുലിൻ നിയന്ത്രണത്തിനും മെറ്റബോളിക് ഹെൽത്തിനും ഗുണം ചെയ്യും. പിസിഒഎസ് ഉള്ളവർക്ക് പലപ്പോഴും വൈറ്റമിനുകളും മിനറലുകളും കുറവായിരിക്കും. വൈറ്റമിൻ ഡി, വൈറ്റമിൻ B12, ഫോളിക് ആസിഡ്, കാൽഷ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ ആവശ്യമാണ്. ഇവയ്ക്കൊപ്പം ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും ഉൾപ്പെടുത്തണം. ഭക്ഷണം ദിവസവും ചെറിയ അളവുകളിൽ പലവട്ടം കഴിക്കുന്നത് ഗുണകരമാണ്. 6 മീൽ പാറ്റേൺ പിന്തുടരുന്നത് നല്ലതാണ്.
പ്രത്യേകിച്ച് പിസിഒഎസ് ഉള്ള മെലിഞ്ഞ സ്ത്രീകൾക്ക് പോഷകസമൃദ്ധമായ സമ്പൂർണ്ണ പ്രഭാതഭക്ഷണം കഴിക്കുകയും, ലഘുവായ ഡിന്നർ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് നല്ലതാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഫ്ലാക്‌സ് സീഡ്, പംപ്കിൻ സീഡ്, സൺഫ്ലവർ, എള്ള് തുടങ്ങിയവ മാസചക്രത്തിനനുസരിച്ച് ഉൾപ്പെടുത്തുന്ന രീതിയാണ് സീഡ് സൈക്ലിംഗ്. ഇത് മെൻസ്ട്വൽ സൈക്കിൾ ക്രമീകരിക്കാനും ടെസ്റ്റോസ്റ്റിറോൺ കുറയ്ക്കാനും ഹോർമോൺ ബാലൻസ് നിലനിർത്താനും സഹായിക്കുന്നു. മിതമായ വ്യായാമം പിസിഒഎസ് നിയന്ത്രിക്കാൻ അനിവാര്യമാണ്. ദിവസവും 30–40 മിനിറ്റ് വേഗത്തിൽ നടക്കുക, സൈക്ലിംഗ്, യോഗ, റെസിസ്റ്റൻസ് ട്രെയിനിംഗ് തുടങ്ങിയവ ഭാരം കുറയ്ക്കുന്നതിനേക്കാൾ അധികം ഇൻസുലിൻ, ഹോർമോൺ, മാനസികാരോഗ്യം എന്നിവയ്ക്കും സഹായകമാണ്.
_____________________________________
ഇനി എന്താണ് പി.സി.ഒ.ഡി കാരണങ്ങളും പരിഹാരവും
പിസിഒഎസ്നെ പറ്റി പറഞ്ഞു ഇനി എന്താണ്. പീസിഒടി
അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്(പി.സി.ഒ.ഡി.) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.ഡി. എന്ന അവസ്ഥ ഉണ്ടാകുന്നത്.
അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.ഡി. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.
ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.ഡിയ്ക്കുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും പി.സി.ഒ.ഡി. ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും.
ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു. വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം.
പിസിഒഡി കാരണങ്ങൾ അറിയാം
- ജനിതക പാരമ്പര്യ കാരണങ്ങളാൽ പിസിഒഡി വരാം.
- തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും പിസിഒഡിയിലേക്ക് നയിക്കുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
- ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും പിസിഒഡി ഉണ്ടാവാം.
- നിരവധി കാരണങ്ങൾ പിസിഒഡിക്ക് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
ലക്ഷണങ്ങൾ
ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഡിയുടെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം,വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതു പോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്. എന്നാൽ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാവുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല.
പിസിഒഡിക്ക് ഫലപ്രദമായ ചികിത്സയുണ്ട്
പിസിഒഡി ഉള്ളതായി കണ്ടെത്തിയാൽ ആശങ്കപ്പെടാതെ കൃത്യമായി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗത്തിന്റെ സങ്കീർണത അനുസരിച്ച് മരുന്നുകൾ ദീർഘനാൾ കഴിക്കേണ്ടതായി വന്നേക്കാം. ഹോർമോൺ ഗുളികകളാണ് പ്രധാനമായും നിർദ്ദേശിക്കുന്നത്.
ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. ഈസ്ട്രജൻ ഹോർമോണിന്റെ അതിപ്രസരം മൂലം പിസിഒഡി രോഗികളിൽ ഗർഭാശയ ക്യാൻസർ സാധ്യത കൂടുതലാണ്. ഇതിനുള്ള ചികിത്സ കൂടിയാണ് ഗുളികകൾ.
അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഡി ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.
ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക
ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.
വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി ഉണ്ടാവുന്നത്?
വണ്ണമുള്ളവരിലാണ് പിസിഒഡി കൂടുതൽ കാണുന്നതെങ്കിലും മെലിഞ്ഞവരിലും ഉണ്ടാവാറുണ്ട്. ജനിതക പാരമ്പര്യ കാരണങ്ങൾ കൊണ്ടാവാം മെലിഞ്ഞവരിൽ പിസിഒഡി ഉണ്ടാവുന്നത്.

