മുബൈൽ ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം കുട്ടികളിൽ മാനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും കൂടുന്നതായി റിപ്പോർട്ട്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 41 കുട്ടികൾ ആതമഹത്യ ചെയ്തതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മൊബൈൽ ഫോൺ, ഇന്റർനെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ടാണ് ഇത്രയും കുട്ടികൾ ജീവനൊടുക്കിയതെന്നാണ് വിവരം. 2021 മുതൽ 2025 ആഗസ്റ്റ് വരെ മൊബൈൽ ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ദുരുപയോഗത്താൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 30 കുട്ടികളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചതായും ആഭ്യന്തര വകുപ്പിന്റെ കണക്കുകളിലുണ്ട്.
ഗെയിം കളിക്കാനോ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാനോ മൊബൈൽ ഫോൺ നൽകാത്തതിനെതുടർന്ന് ജീവനൊടുക്കുന്ന കേസുകളാണ് കൂടുതലും. ഒന്നരമാസം മുമ്പ് ആലപ്പുഴ തലവടിയിൽ ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു.
അമിത മൊബൈല് ഉപയോഗത്തിന് അമ്മ വഴക്ക് പറഞ്ഞതിന് 15കാരി ആത്മഹത്യ ചെയ്തിട്ടും അധികമായിട്ടില്ല. അമിത മൊബൈൽ ഉപയോഗവും സ്വഭാവ മാറ്റങ്ങളും ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ചൈൽഡ് ലൈനിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും എത്തുന്നത് വർധിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതാസക്തിയിൽ രണ്ടര വർഷത്തിനിടെ ഡിജിറ്റൽ ഡീ-അഡിക്ഷൻ കേന്ദ്രങ്ങളിൽ ചികിത്സസഹായം തേടിയത് 1992 കുട്ടികളാണ്
ഡിജിറ്റൽ അടിമത്തം ; മനഃശാസ്ത്രജ്ഞരുടെ സഹായം തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു
ഡോ.അരുൺ ബി.നായർ
ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കാരണം മനഃശാസ്ത്രജ്ഞരുടെ സഹായം തേടുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. ഉറക്കക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ, പഠനവൈകല്യം, അക്രമസ്വഭാവം എന്നിവയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ.
ഇത്തരം പ്രശ്നങ്ങൾ കാരണം ആഴ്ചയിൽ ഇരുപതിനും മുപ്പതിനുമിടയിൽ കുട്ടികൾ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ സൈക്യാട്രി ഒ.പിയിൽ ചികിത്സ തേടുന്നുണ്ട്. നാഷണൽ ഇക്കണോമിക് സർവേയിലും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൊവിഡിന് ശേഷമാണ് കുട്ടികളിലെ ഡിജിറ്റൽ അടിമത്തം വർദ്ധിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു.
അമിത സ്ക്രീൻ ഉപയോഗം
ജീവിതത്തിൽ സന്തോഷം ലഭിക്കാൻ സൗഹൃദങ്ങൾ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് കുട്ടികൾ എത്തിച്ചേരുന്നു. ഇത് അവരെ സമൂഹത്തിൽ നിന്നകറ്റുന്നു.
രാത്രി വൈകിയുള്ള സ്ക്രീൻ ഉപയോഗം ഉറക്കക്കുറവ്, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയ്ക്കും അമിത ദേഷ്യം അടക്കമുള്ള വൈകാരിക പ്രശ്നങ്ങൾക്കും
കാരണമാകുന്നു
ചടുലമായ ദൃശ്യങ്ങൾ നിരന്തരം കാണുന്നതിലൂടെ ശ്രദ്ധ കുറയുന്നു.
ഇന്റർനെറ്റിലെ ഡാർക്ക് വെബ് പോലുള്ള പ്രതലങ്ങളുടെ ദുരുപയോഗം ലഹരി വസ്തുക്കൾ വാങ്ങാനും ഉപയോഗിക്കാനും പ്ലേരകം. ഇത് ലഹരി അടിമത്തത്തിലേക്ക് നയിച്ചേക്കാം.
'രണ്ടു വയസ് വരെയുള്ള കുട്ടികളെ ഒരു തരത്തിലുമുള്ള ദൃശ്യമാദ്ധ്യമങ്ങളും കാണിക്കരുത്. രണ്ട് മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് പരമാവധി അര മണിക്കൂറും,
മൂന്ന് മുതൽ അഞ്ച് വയസ് വരെ ഒരു മണിക്കൂറും, ആറ് മുതൽ 18 വയസ് വരെ രണ്ട് മണിക്കൂറുമാണ് ദിവസവും അനുവദനീയമായ സമയം.'

