നമ്മുടെ ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ഡി. പേശികളുടെ ആരോഗ്യം, എല്ലുകളിലെ ആരോഗ്യം തുടങ്ങി നിരവധി കാര്യങ്ങളിൽ വിറ്റാമിൻ ഡി നിർബന്ധമാണ്. എന്നാൽ പ്രായം കൂടും തോറും മിക്ക ആളുകളിലും ആവശ്യത്തിന് വിറ്റാമിൻ ഇല്ലാതെ വരും. അതുകൊണ്ടാണ് കഠിനമായ ശാരീരിക വേദനകളും പ്രയാസങ്ങളും അനുഭവിക്കുന്നത്.
‘സൂര്യപ്രകാശത്തിന്റെ വിറ്റാമിൻ’ എന്നറിയപ്പെടുന്ന ഇവ സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന ഇന്ത്യയിലെ ജനങ്ങളിൽ പോലും വളരെ കുറവാണ്. ഏകദേശം 70 ശതമാനത്തിലധികം പേരും വിറ്റാമിൻ ഡിയുടെ കുറവിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. എല്ലുകളെയും പേശികളെയും ദുർബലമാക്കുന്നതിന് പുറമേ ഇവ മാനസികാരോഗ്യത്തെയും ബാധിക്കും. വിറ്റാമിൻ ഡിയുടെ അഭാവം ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാക്കും. തുടർച്ചയായ ക്ഷീണവും തളർച്ചയും ആണ് പ്രധാന ലക്ഷണം. ഇത് ദൈനംദിന കാര്യങ്ങളെപ്പോലും ബാധിക്കാം.
എല്ലുകളെയും പേശികളെയും ദുർബലമാക്കുന്നു: വിറ്റാമിൻ കുറവ് കാരണം പൊതുവെ എല്ലാവരിലും കാണപ്പെടുന്ന ഒന്നാണ് എല്ലുകളിലെ വേദന. കാരണം പേശികളുടെ പ്രവർത്തനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളിലൊന്നാണ് വിറ്റാമിൻ ഡി.
ശരീരത്തിൽ ആവശ്യമായ അളവിൽ ഇത് ലഭ്യമല്ലെങ്കിൽ എല്ലുകൾക്ക് വേദനയും ക്രമേണ എല്ലുകൾ നശിക്കുകയും ചെയ്യും. വിറ്റാമിൻ ഡിയുടെ അഭാവം മൂലം എല്ലുകളുടെ ഘടന ദുർബലമാകുന്നത് മൂലമാണിത് സംഭവിക്കുന്നത്. കുട്ടികളിലെ കുറവ് റിക്കറ്റസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. റിക്കറ്റ്സ് എന്നാൽ കുട്ടികളിൽ എല്ലുകൾ മൃദുലവും ദുർബലവുമാകുന്ന ഒരു അവസ്ഥയാണ്. ഇവ വളഞ്ഞ കാലുകൾ, വളർച്ച മുരടിക്കുന്നത്, അസ്ഥി വേദന, പേശിവലിവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
രോഗപ്രതിരോധശേഷി ക്ഷയിപ്പിക്കും: ശരീരത്തിന്റെ പ്രതിരോധ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നതിന് വിറ്റാമിൻ ഡി അനിവാര്യമാണ്. ഇവ കുറയുമ്പോഴാണ് ഇടവിട്ട സമയങ്ങളിൽ അണുബാധയും രോഗങ്ങളും ഉണ്ടാകുന്നത്. അതിനാൽ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് വിറ്റാമിൻ ഡി നിർബന്ധമാണ്.
മാനസികാരോഗ്യത്തെ ബാധിക്കുന്നു: തലച്ചോറിലെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഒന്നാണ് വിറ്റാമിൻ ഡി റിസപ്റ്ററുകൾ. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സാധിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളെ സ്വാധീനിക്കും. അതുകൊണ്ടാണ് ശരീരത്തിൽ വിറ്റാമിൻ കുറയുമ്പോൾ വിഷാദം, ഉത്കണ്ഠ, മുരടിപ്പ് തുടങ്ങിയ കാര്യങ്ങൾ അനുഭവപ്പെടുന്നത്
വിട്ടുമാറാത്ത രോഗങ്ങൾ: ഇടക്കിടെയുള്ള രോഗങ്ങളും വിറ്റാമിൻ കുറയുന്നത് കൊണ്ടാവാം. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം തുടങ്ങിയ മാരകരോഗങ്ങൾക്കും ഇവ കാരണമാകും.
ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം: ചർമകോശങ്ങളുടെ വളർച്ചയിലും വിറ്റാമിൻ ഡിക്ക് പങ്കുണ്ട്. ഇവയിലുണ്ടാകുന്ന കുറവ് എക്‌സിമ, സോറിയാസിസ് പോലുള്ള വിവിധ ചർമപ്രശ്നങ്ങൾക്ക് കാരണമാവുന്നതാണ്. ചർമത്തോടൊപ്പം മുടിയുടെ രോമകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും വിറ്റാമിൻ ഡി ആവശ്യമാണ്. പുതിതായി മുടി വളരാനും മുടി കൊഴിച്ചിൽ കുറക്കാനും ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി
എങ്ങനെ നിലനിർത്താം
സൂര്യപ്രകാശമേൽക്കുക, സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ, പാൽ, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ ഡി നന്നേ കുറവുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കണം. മുട്ട പ്രോട്ടീൻ സമ്പുഷ്ടമാണ്. അതുകൊണ്ട് വിറ്റാമിൻ ഡി കുറവുള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കണം. ഇത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കും. സൂര്യപ്രകാശം ഏൽക്കുന്ന കൂണുകളിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഷിറ്റേക്ക്, ബട്ടൺ കൂൺ തുടങ്ങിയ കൂണുകളാണ് നമുക്ക് ഇന്ത്യയിൽ കൂടുതൽ ലഭ്യമായവ. ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
വിറ്റാമിൻ ഡി അടങ്ങിയ മറ്റൊരു പച്ചക്കറി ചീരയാണ്. ഇവ സ്മൂത്തിയോ അല്ലെങ്കിൽ തോരനോ, കറി വെച്ചോ കഴിക്കാവുന്നതാണ്. വെണ്ടക്കയും വിറ്റാമിൻ ഡി ധാരാളം ഉള്ള പച്ചക്കറിയാണ്. തോരനായും കറിയായും കഴിക്കാം.
പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളിലും വിറ്റാമിൻ ഡി സമ്പുഷ്ടമാണ്. ഇവയെല്ലാം വീട്ടിൽ തന്നെ ലഭ്യമായിരിക്കുമെന്നതിനാൽ വലിയ ചെലവില്ലാതെ തന്നെ ഡയറ്റിന്റെ ഭാഗമാക്കാം. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഏത് തന്നെയായാലും ശരി അവ മതിയായ അളവിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്. പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ ആവശ്യത്തിലധികം പോഷകങ്ങൾ ഉണ്ടാവുകയുമരുത്. കാരണം, അവ വിപരീത ഫലം ചെയ്യും.മറ്റേതെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർ നിങ്ങളുടെ ഡോക്ടറുമായി കൂടി ആലോചിച്ചു മാത്രമേ ആഹാരത്തിൽ മാറ്റം വരുത്താവു.
