അങ്ങനെ ഏതെങ്കിലും ഓയിൽ ഒഴിച്ചാൽ എഞ്ചിൻ സംരക്ഷിക്കപെടുമോ? നിങ്ങളുടെ വണ്ടിക്ക് ഏതാണ് അനിയോജം എന്ന് എങ്ങനെ കണ്ടുപിടിക്കാം

 


കാറുകളെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് എൻജിൻ. വാഹനത്തിന്റെ പ്രകടനത്തിനൊപ്പം എൻജിൻ മികച്ച രീതിയിൽ നിലനിർത്തുന്നതിന് എൻജിൻ ഓയിൽ അത്യാവശ്യമാണ്. നിങ്ങളുടെ കാറിന്റെ ഹൃദയമായ എൻജിന്റെ ആരോഗ്യം നിലനിർത്താൻ ഓയിലിന്റെ പങ്ക് വലുതാണ്. അതില്ലെങ്കിൽ, ലോഹ ഭാഗങ്ങൾ പരസ്പരം ഉരസുകയും ചൂട് വർധിക്കുകയും എൻജിന്റെ ആയുസ്സ് ക്ഷയിക്കുകയും ചെയ്യും.

എന്നാൽ ഇവിടെയൊരു പ്രശ്നമുണ്ട്. വിപണിയിൽ ധാരാളം എൻജിൻ ഓയിലുകളും അവയുടെ വകഭേദങ്ങളും ലഭ്യമാണ്.  നമ്മൾ ഏതെങ്കിലും കാർ ആക്സസറി കടയിൽ പോയാൽ, മിനറൽ, സിന്തറ്റിക്, സെമി-സിന്തറ്റിക് എന്നിങ്ങനെ ലേബൽ ചെയ്ത കുപ്പികൾ നമ്മളെ ആശയക്കുഴപ്പത്തിലാക്കും. എന്നാൽ നിങ്ങളുടെ കാറിന് ഏറ്റവും മികച്ചത് എങ്ങനെ തിരഞ്ഞെടുക്കാം, ഇവയെല്ലാം തമ്മിലുള്ള വ്യത്യാസം എന്താണ്? എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കാം.

1. മിനറൽ ഓയിൽ

മിനറൽ ഓയിലിനെ ഒരു പഴയകാല ഓപ്ഷനായി കണക്കാക്കാം. ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് എൻജിനെ സംരക്ഷിക്കാൻ സഹായിക്കുന്ന അടിസ്ഥാന അഡിറ്റീവുകൾ ചേർത്താണ് ഇത് നിർമിക്കുന്നത്. ഇതിന് താരതമ്യേന വില കുറവാണ്. പഴയ കാറുകളിലോ ബൈക്കുകളിലോ ഇത് നന്നായി പ്രവർത്തിക്കും. പ്രത്യേകിച്ചും നിങ്ങൾ സാധാരണ സാഹചര്യങ്ങളിൽ ഓടിക്കുകയാണെങ്കിൽ. എന്നാൽ ഇത് കൂടുതൽ കാലം നിലനിൽക്കില്ലെന്നതും ഓരോ 4500-8000 കിലോമീറ്ററിലും നിങ്ങൾക്കിത് മാറ്റേണ്ടിവരുമെന്നതും പോരായ്മയാണ്. ചെറിയ എൻജിനുകളുള്ള പഴയ വാഹനങ്ങൾക്കും ബഡ്ജറ്റിൽ വാഹനം ഓടിക്കുന്നവർക്കും സാധാരണ ദൈനംദിന ഡ്രൈവിങ്ങിനും ഇത് ഏറ്റവും മികച്ചതാണ്.

2. സെമി-സിന്തറ്റിക് ഓയിൽ

സെമി-സിന്തറ്റിക് ഓയിൽ ഒരു ഹെൽത്തി ഷേക്ക് പോലെയാണ്. ഇത് ഭാഗികമായി മിനറലും ഭാഗികമായി സിന്തറ്റിക്കുമാണ്. സിന്തറ്റിക് ഓയിലിന് നൽകുന്നത്ര പണം നൽകാതെ തന്നെ മിനറൽ ഓയിലിനേക്കാൾ മികച്ച പ്രകടനവും സംരക്ഷണവും ലഭിക്കും. മിനറൽ ഓയിലിനേക്കാൾ കൂടുതൽ സംരക്ഷണം ആഗ്രഹിക്കുന്ന ഡ്രൈവർമാർക്കും ചെറിയ തോതിൽ ഭാരം വലിക്കുന്നതിനും ഇടയ്ക്കിടെയുള്ള ദീർഘദൂര യാത്രകൾക്കും ചെറിയ ഓഫ്-റോഡിംഗിനും ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രകടനത്തിൽ വലിയ വിട്ടുവീഴ്ചയില്ലാതെ മൂല്യം ആഗ്രഹിക്കുന്നവർക്കും ഇത് ഏറ്റവും മികച്ചതാണ്.

3. സിന്തറ്റിക് ഓയിൽ

പൂർണമായും സിന്തറ്റിക് ആയ ഓയിൽ ഏറ്റവും മികച്ച പ്രകടനത്തിനായി ഓട്ടോമോട്ടീവ് ലാബുകളിൽ രൂപകൽപന ചെയ്തതാണ്. കഠിനമായ താപനില, വലിയ ഭാരം, ഉയർന്ന പ്രകടനമുള്ള എൻജിനുകൾ എന്നിവ കൈകാര്യം ചെയ്യാനാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് ദീർഘനേരം ശുദ്ധമായി തുടരുകയും ഓയിൽ മാറ്റങ്ങൾക്കിടയിൽ കൂടുതൽ ഇടവേളകൾ അനുവദിക്കുകയും ചെയ്യും.

എന്നാൽ, മറ്റ് രണ്ട് വകഭേദങ്ങളെക്കാൾ ഇത് വളരെ ചെലവേറിയതാണ്. പക്ഷെ ഇത് നിങ്ങളുടെ എൻജിന് ഒരു വിഐപി പരിഗണന നൽകുന്നത് പോലെയാണെന്നതാണ് സത്യം. പുതിയതോ ഉയർന്ന പ്രകടനമുള്ളതോ ആയ കാറുകൾക്കും ബൈക്കുകൾക്കും കഠിനമായ ചൂടിലോ തണുപ്പിലോ ഓടിക്കുന്നതിനും ഭാരം വലിക്കുകയോ റേസ് ചെയ്യുകയോ വാഹനങ്ങളെ കഠിനമായി ഉപയോഗിക്കുകയോ ചെയ്യുന്ന ആളുകൾക്ക് ഇത് ഏറ്റവും മികച്ചതാണ്.

വിപണിയിൽ ചില പ്രത്യേകതരം ഓയിലുകളും ലഭ്യമാണ്. 1,20,000 കിലോമീറ്ററിൽ കൂടുതൽ ഓടിയ വാഹനങ്ങൾക്കായി രൂപകൽപന ചെയ്ത ഹൈ-മൈലേജ് ഓയിലുകളാണിവ. ഇത്തരം ഓയിലുകളിൽ ഓയിൽ ചോർച്ച കുറയ്ക്കാനും ചെളി അടിഞ്ഞുകൂടുന്നത് തടയാനും സീലുകൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന അഡിറ്റീവുകൾ ഉണ്ട്.

റേസ് ട്രാക്കുകൾ പോലുള്ളവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാണ് റേസിങ് ഓയിൽ നിർമിച്ചിരിക്കുന്നത്. ഇവ റേസിങ് കാറുകൾക്കായി പ്രത്യേകം നിർമിച്ചവയാണ്. കൂടാതെ കുറഞ്ഞ വിസ്കോസിറ്റിയുള്ള (ദ്രാവകത്തിൻ്റെ ഒഴുക്ക് എളുപ്പത്തിൽ നടക്കുന്ന അവസ്ഥ) ഓയിലുകളും (0W-20 പോലുള്ളവ) ഉണ്ട്. ഇത് ഇന്ധനക്ഷമതയ്ക്കും ശൈത്യകാലത്ത് കോൾഡ് സ്റ്റാർട്ടിനും മികച്ചതാണ്.

എഞ്ചിൻ  ഓയിൽ മാറുമ്പോൾ നിർബന്ധംമായും ഓയിൽ ഫിൽറ്ററും മാറേണ്ടതാണ് 

നിങ്ങളുടെ എൻജിന് ഏതാണ് നല്ലതെന്ന് എങ്ങനെ തിരഞ്ഞെടുക്കാം

ശരിയായ ഓയിൽ തിരഞ്ഞെടുക്കുന്നത് ചെറിയ കാര്യമല്ല. നിങ്ങളുടെ വാഹനത്തിന്റെ യൂസർ മാനുവൽ പരിശോധിക്കുക. നിർമാതാവിന് നിങ്ങളുടെ വാഹനത്തിന്റെ എൻജിനെക്കുറിച്ച് നന്നായി അറിയാം. ഓയിലിന്റെ തരത്തേയും ഗ്രേഡിനെയും കുറിച്ചുള്ള അവരുടെ ശുപാർശകൾ പാലിക്കുക. ലേബലിലെ “5W-30” പോലുള്ള വിസ്കോസിറ്റി നമ്പറുകൾ മനസ്സിലാക്കുക. 

“W” (വിന്റർ എന്നതിനെ സൂചിപ്പിക്കുന്നു) ഉള്ള ആദ്യത്തെ നമ്പർ തണുത്ത താപനിലയിൽ ഓയിൽ എത്ര നന്നായി ഒഴുകുന്നു എന്നതിനെയും രണ്ടാമത്തെ നമ്പർ ചൂടിലുള്ള പ്രകടനത്തെയും കാണിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ മികച്ച എൻജിൻ ഓയിൽ നിർദേശിക്കാൻ നിങ്ങളുടെ മെക്കാനിക്കിനോട് ആവശ്യപ്പെടുക.

നല്ല എൻജിൻ ഓയിൽ എന്നത് നിങ്ങളുടെ കാർ എഞ്ചിൻ കുറെ കൂടി  ഓടാൻ സഹായിക്കുക എന്നത് മാത്രമല്ല, നാളത്തെ ചെലവേറിയ എഞ്ചിൻ  അറ്റകുറ്റപ്പണികൾ തടയുക എന്നതും കൂടിയാണ്. തെറ്റായ ഓയിൽ ഉപയോഗിക്കുന്നതും ഓയിൽ മാറ്റുന്നത് ഒഴിവാക്കുന്നതും അമിതമായി ചൂടാകുന്നതിനും തേയ്മാനത്തിനും എൻജിൻ പൂർണമായും തകരാറിലാകുന്നതിനും വരെ കാരണമാകും.


     Ground floor UK MALL KASARAGOD.