കഴുത്തിൽ പെർഫ്യൂം പുരട്ടാറുണ്ടോ?; ഉടൻ നിർത്തിക്കോളൂ, ആരോഗ്യം വഷളാകുമെന്ന് മുന്നറിയിപ്പ്

 



ലരും കാലങ്ങളായി പിന്തുടരുന്ന ശീലങ്ങളിൽ ഒന്നാണ് കഴുത്തിൽ പെർഫ്യൂം പുരട്ടുന്നത്. എന്നാൽ, ഈ ശീലം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് ഡയറ്റീഷ്യൻ മൻപ്രീത് കൽറയെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി, പെർഫ്യൂമുകളിൽ കാണപ്പെടുന്ന രാസവസ്തുക്കൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.


ഹോർമോൺ അസന്തുലിതാവസ്ഥ

പല കൃത്രിമ പെർഫ്യൂമുകളിലും താലേറ്റുകൾ(phthalate) അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നിങ്ങളുടെ സ്വാഭാവിക ഹോർമോണുകളെ അനുകരിക്കാനോ തടസ്സപ്പെടുത്താനോ കഴിയും. ചർമത്തിലെ ലോലമായ ഭാഗങ്ങളിൽ ഇത് പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം

നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിക്ക് മുകളിൽ നേരിട്ട് പെർഫ്യൂം സ്പ്രേ ചെയ്യുന്നത് ഗ്രന്ഥിയുടെ പ്രവർത്തനം തടസ്സപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് അവർ പറയുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ആയതിനാൽ, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തേയും വലിയ രീതിയിൽ സ്വാധീനിക്കും.

നേർത്ത ചർമം

കഴുത്തിലെ ചര്‍മം നേർത്തതായതിനാൽ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വസ്തുക്കളെ വേഗത്തിൽ ആഗിരണം ചെയ്യുന്നു. പെർഫ്യൂമിലെ രാസവസ്തുക്കൾ രക്തപ്രവാഹത്തിൽ കലരുന്നത് കാലക്രമേണ ഒന്നിലധികം ഹോർമോൺ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.

ഹോർമോൺ സംബന്ധമായ ലക്ഷണങ്ങൾ

താലേറ്റുകളും മറ്റ് കൃത്രിമ രാസവസ്തുക്കളുമായുള്ള സമ്പർക്കം ഭാവമാറ്റം, ക്ഷീണം, ശരീരഭാരം കൂടുക എന്നിവയ്ക്ക് കാരണമാകും. ഈ ചെറിയ ലക്ഷണങ്ങൾ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് ഗുരുതരമാകുമ്പോഴാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. കാലക്രമേണ, ഇത് ഉറക്കത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിച്ചേക്കാം.

ചർമത്തിലെ അസ്വസ്ഥതകൾ

പെർഫ്യൂമുകൾ കഴുത്തിലെ ലോലമായ ചർമ്മത്തിൽ തിണർപ്പ്, ചുവപ്പ്, കറുത്ത പാടുകൾ എന്നിവയ്ക്ക് കാരണമായേക്കാം. ഇതിൻ്റെ ആവർത്തിച്ചുള്ള ഉപയോഗം അലർജിക്കും ദീർഘകാല ചർമപ്രശ്നങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു. സെൻസിറ്റീവ് ചർമ്മമുള്ളവർക്കോ മറ്റ് ചർമ്മരോഗങ്ങളുള്ളവർക്കോ ഇത് കൂടുതൽ ഗുരുതരമായേക്കാം