പ്രവാസികളിൽ ഹൃദയാഘാതമുള്ളവരുടെ എണ്ണം കൂടുന്നു; ക്രമമല്ലാത്ത ഉറക്കസമയം പ്രധാന കാരണമെന്ന് വിദക്തർ

 





ജിദ്ദ: രാത്രി 11 മണിക്ക് ശേഷം ഉറങ്ങാൻ കിടക്കുന്നവർക്ക് ഹൃദയാഘാത സാധ്യത 60 ശതമാനം വരെ കൂടുതലാണെന്ന് പുതിയ പഠനം. നേരത്തെ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഈ വിഭാഗക്കാർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത അധികമാണെന്നാണ് 'ഫ്രോണ്ടിയേഴ്‌സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. അമിതമായ രാത്രി വൈകിയുള്ള ഉറക്കം വെറും മണിക്കൂറുകളുടെ നഷ്ടം മാത്രമല്ല, അത് മനുഷ്യന്റെ ജൈവ ഘടികാരത്തെ ഗുരുതരമായി ബാധിക്കുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും ഹോർമോൺ സന്തുലിതാവസ്ഥ കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടാനും കാരണമാകുന്നു.



ദീർഘകാലമായുള്ള ഉറക്കമില്ലായ്മ ഹൃദയത്തെ ദുർബലപ്പെടുത്തുന്നതിൻ്റെ സൂചന മാത്രമല്ല, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൻ്റെ അളവുകോൽ കൂടിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം, മെറ്റബോളിസം, ഹൃദയത്തിൻ്റെ പ്രവർത്തനം എന്നിവ നിലനിർത്താൻ മുതിർന്നവർ ദിവസവും എട്ട് മുതൽ ഒമ്പത് മണിക്കൂർ സമയം വരെ ഉറങ്ങണമെന്ന് അവർ നിർദ്ദേശിക്കുന്നു. എന്നാൽ തിരക്കിട്ട ജീവിതശൈലി കാരണം പലരും ഈ ഉപദേശം അവഗണിക്കുന്നു, ഇത് വിട്ടുമാറാത്ത ഉറക്കപ്രശ്നങ്ങളിലേക്കും പെട്ടെന്നുള്ള ഹൃദയാഘാത മരണത്തിലേക്കും നയിച്ചേക്കാം


വൈകിയുള്ള ഉറക്കസമയം ശരീരത്തിൻ്റെ സർക്കാഡിയൻ താളത്തെ തകരാറിലാക്കുന്നു. ഇത് രക്തസമ്മർദ്ദം സ്ഥിരമായി ഉയർത്താനും, ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും, ശരീരത്തിലെ വീക്കം വർദ്ധിപ്പിക്കാനും കാരണമാകും. വാരാന്ത്യങ്ങളിൽ നേരത്തെ ഉറങ്ങിയാൽ പോലും ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടില്ലെന്നും, അർദ്ധരാത്രിക്ക് ശേഷം ഉറങ്ങുന്നവർക്ക് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം) വരാൻ കൂടുതൽ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു

വൈകിയുള്ള ഉറക്കം മൂലമുള്ള ഹൃദയാഘാത സാധ്യത കുറയ്ക്കാൻ വിദഗ്ദ്ധർ ചില മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്. ദിനേന ഉറക്കിനായി ഒരു നിശ്ചിത സമയക്രമം പാലിക്കുക, ഉറങ്ങുന്നതിന് മുമ്പ് അമിതമായ ഭക്ഷണവും കഫീനും ഒഴിവാക്കുക, ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ, ടിവി, കമ്പ്യൂട്ടർ തുടങ്ങിയവയുടെ സ്ക്രീനുകളുടെ ഉപയോഗം കുറയ്ക്കുക, സാധ്യമെങ്കിൽ രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് പതിവാക്കുക, വായന, മെഡിറ്റേഷൻ പോലുള്ള വിശ്രമ പ്രവർത്തനങ്ങൾ പരിശീലിക്കുക, കിടപ്പുമുറി ഇരുണ്ടതും ശാന്തവും മിതമായ താപനിലയുള്ളതുമായി നിലനിർത്തുക, ഉറക്ക പ്രശ്നങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക തുടങ്ങിയവയാണ് മാർഗ്ഗനിർദ്ദേശങ്ങൾ.

ഹൃദയ സംബന്ധമായ രോഗങ്ങൾ തടയുന്നതിനുള്ള ആരോഗ്യകരമായ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാണ് ഉറക്കത്തിൻ്റെ ക്രമീകരണം എന്നും ഉറക്കത്തിൻ്റെ അളവ് പോലെ തന്നെ പ്രധാനമാണ് അതിൻ്റെ സമയവും എന്നും ഈ പഠനം അടിവരയിടുന്നു. അടുത്ത കാലത്തായി ഹൃദയാഘാത മരണങ്ങൾ പ്രവാസികൾക്കിടയിൽ അധികരിച്ചിട്ടുണ്ട്‌. അനാവശ്യമായി ഉറക്കം നഷ്ടപ്പെടുത്തുന്നതും അനാരോഗ്യമായ ഭക്ഷണശീലങ്ങളും മൊബൈൽ ഫോൺ അമിതോപയോഗവുമെല്ലാം ഇതിന് കരണമാവാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


മറ്റു ചില നിർദ്ദേശങ്ങൾ


എത്ര സമയം ഉറങ്ങി എന്നതു മാത്രമല്ല എപ്പോള്‍ ഉറങ്ങാന്‍ കിടക്കുന്നു എന്നതും പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യൂറോപ്യന്‍ ഹാര്‍ട്ട് അസോസിയേഷനിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഉറക്കം ആരംഭിക്കുന്നതിനുളള ഏറ്റവും മികച്ച സമയം രാത്രി 10നും 11നും ഇടയിലാണ്. രാത്രിയില്‍ വൈകി ഉറങ്ങുന്നതും ഉറക്കമില്ലായ്മയും ഉയര്‍ന്ന രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട ഒന്നിലധികം രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് മുംബൈ മസീന ആശുപത്രിയിലെ ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. രുചിത് ഷാ എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 


 


ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ പല രോഗങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്തധമനികളുടെ നീര്‍ക്കെട്ട്, ബ്ലോക്കുകള്‍, കൊറോണറി ആര്‍ട്ടറി ഡിസീസ് പോലുള്ളവയും ഇത് മൂലം ഉണ്ടാകാം. ഉയര്‍ന്ന സമ്മര്‍ദം, പ്രചോദനക്കുറവ്, പകല്‍സമയത്തെ അലസത, ഊര്‍ജ്ജക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, പുകവലി, മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയവയിലേക്കും മോശം ഉറക്ക ശീലങ്ങള്‍ നയിക്കാമെന്ന് ഡോ. രുചിത് കൂട്ടിച്ചേര്‍ത്തു


ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണെന്ന് മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോവാസ്കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി കണ്‍സല്‍റ്റന്‍റ് ഡോ. ചന്ദ്രശേഖര്‍ കുല്‍ക്കര്‍ണിയും അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ഹോര്‍മോണുകളുടെ നിയന്ത്രണത്തിലും ഉറക്കം മുഖ്യ പങ്ക് വഹിക്കുന്നതായി എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി വൈകി ഉറങ്ങുന്ന പലര്‍ക്കും അര്‍ധരാത്രി പെട്ടെന്ന് വിശക്കുന്നത് ഇതുമായി ബന്ധപ്പെട്ട ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലമാണ്. ഈ ഹോര്‍മോണ്‍ കൊഴുപ്പിന്‍റെയും കാര്‍ബോഹൈഡ്രേറ്റിന്‍റെയും ചയാപചയത്തിലും മുഖ്യ പങ്ക് വഹിക്കുന്നു. വൈകി ഉറക്കവും ഉറക്കക്കുറവും മൂലം ഈ ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പക്കപ്പെടുന്നത് ഇന്‍സുലിന്‍ ആവശ്യകതയില്‍ മാറ്റങ്ങളുണ്ടാക്കി പ്രമേഹത്തിലേക്ക് നയിക്കാമെന്നും ഡോ. കുല്‍ക്കര്‍ണി വിശദീകരിക്കുന്നു