ആഗോള ഭീമൻ ടോയോട്ട പിന്നിൽ ഇന്ത്യക്കാർക്ക് ഇഷ്ടം ഇന്ത്യൻ കമ്പനികൾ തന്നെ 2025 ലെ വിപണന റിപോർട്ട് പുറത്ത്




 മുംബൈ: രാജ്യത്തെ വാഹനവിപണിയിൽ ആഭ്യന്തര കമ്പനികൾ പിടിമുറുക്കുന്നു. വിപണി ട്രെൻഡ് മുൻനിർത്തി നൂതന രൂപകല്പനകളും സാങ്കേതികവിദ്യകളും ഉൾപ്പെടുത്തി, സുരക്ഷയ്ക്കു മുൻതൂക്കം നൽകിയുള്ള പുതിയ കാറുകൾ വിപണി പിടിച്ചതോടെയാണ് തദ്ദേശീയ കമ്പനികളായ മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് എന്നിവ ആദ്യ മൂന്നുസ്ഥാനങ്ങളിലേക്കെത്തിയത്.


ഇതുവരെ രണ്ടാം സ്ഥാനത്തായിരുന്ന ദക്ഷിണകൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ നാലാം സ്ഥാനത്തായി. ഇലക്ട്രിക് കാറുകളുൾപ്പെടെ കമ്പനികളുടെ വാഹൻ പോർട്ടലിലെ രജിസ്‌ട്രേഷൻ കണക്കുകൾ പ്രകാരമാണിത്.

ഒന്നാമതുള്ള മാരുതി സുസുക്കി മറ്റു കമ്പനികളെക്കാൾ ബഹുദൂരം മുന്നിലാണ്. ആകെ 15,49,618 കാറുകൾ ഒറ്റവർഷംകൊണ്ട് കമ്പനി നിരത്തിലെത്തിച്ചു. 2024-നെ അപേക്ഷിച്ച് വിൽപ്പനയിൽ 8.66 ശതമാനത്തിന്റെ വളർച്ചയും കമ്പനിക്കു നേടാനായി.

അതേസമയം, 20.25 ശതമാനം വിൽപ്പന വളർച്ച നേടിയ മഹീന്ദ്ര 5,60,769 കാറുകളാണ് 2025-ൽ നിരത്തിലിറക്കിയത്. ടാറ്റാ മോട്ടോഴ്‌സ് 17.71 ശതമാനം വളർച്ചയുമായി തൊട്ടുപിന്നിലുണ്ട്. ആകെ 5,46,935 കാറുകൾ കമ്പനി പുറത്തിറക്കി. ഹ്യൂണ്ടായ് ഇന്ത്യക്ക് വിൽപ്പനയിൽ നേരിയ കുറവുണ്ടായി.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2.91 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5,24,441 കാറുകൾ കമ്പനി നിരത്തിലിറക്കി. രണ്ടു മുതൽ നാലു വരെയുള്ള മൂന്നു കമ്പനികളുടെയും ചേർന്നുള്ള കണക്കിനടുത്താണ് മാരുതി സുസുക്കിക്കു മാത്രമുള്ള വിൽപ്പന.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2,91,156 കാറുകളും കിയ ഇന്ത്യ 2,53,449 കാറുകളും വിറ്റഴിച്ചു. സ്‌കോഡ (1,06,973), ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ (64,525), ഹോണ്ട കാർസ് ഇന്ത്യ (59,761) എന്നിങ്ങനെയാണ് വിൽപ്പന. ഈ വർഷം വിപണിയിലേക്കെത്തിയ വൈദ്യുത വാഹന കമ്പനികളായ ടെസ്ല 223 കാറുകളും വിൻഫാസ്റ്റ് 798 കാറുകളും വിറ്റഴിച്ചു