ദേശീയ പാതയിലെ ടോളുകളില്‍ ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ വഴിയാണ് ടോള്‍ നിരക്കുകള്‍ പിരിച്ചെടുക്കുന്നത്. എങ്കില്‍ പോലും പണമായും ടോള്‍ നല്‍കാനുള്ള അവസരമുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നു. 2026 ഏപ്രില്‍ മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ഡിജിറ്റല്‍ കറന്‍സി വഴിയുള്ള പണമിടപാട് അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് നടപ്പില്‍ വരുകയാണെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ പിരിവു കേന്ദ്രങ്ങളില്‍ ഫാസ്ടാഗ്, യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാട് മാത്രമായിരിക്കും സാധ്യമാവുക.
ഇപ്പോഴും ഭൂരിഭാഗം വാഹനങ്ങളില്‍ നിന്നും ഫാസ്ടാഗ് വഴിയാണ് ടോള്‍ പിരിക്കുന്നത്. ദേശീയ പാതകളില്‍ 98 ശതമാനം ടോള്‍ പിരിവും ഫാസ്ടാഗ് വഴിയാണെന്നാണ് ഉപരിതല റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നത്. ഫാസ്ടാഗുകള്‍ മാത്രമല്ല യുപിഐ സംവിധാനം വഴിയുള്ള ഡിജിറ്റല്‍ ടോള്‍ പിരിവും ടോള്‍ പ്ലാസകളില്‍ നടക്കാറുണ്ട്.
നിലവില്‍ ഫാസ്ടാഗില്ലാതെ എത്തുന്ന വാഹനങ്ങള്‍ക്കും ടോള്‍ പണമായി അടക്കാന്‍ സാധിക്കും. എന്നാല്‍ പണമായി നല്‍കുമ്പോള്‍ ഇരട്ടി ടോള്‍ നല്‍കേണ്ടി വരും. യുപിഐ വഴിയാണ് ടോള്‍ നല്‍കുന്നതെങ്കില്‍ 1.25 ഇരട്ടിയായിരിക്കും ടോള്‍ നിരക്ക് നല്‍കേണ്ടത്. അതുകൊണ്ടുതന്നെ പരമാവധി പേര്‍ ടോള്‍ ഫാസ്ടാഗ് വഴിതന്നെ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് 98 ശതമാനം 100 ശതമാനം ആക്കുകയാണ് ഉപരിതല ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെ ലക്ഷ്യം.
ടോള്‍ നിരക്കുകള്‍ പണമായി നല്‍കുമ്പോള്‍ ടോള്‍ പ്ലാസകളിലെ തിരക്ക് വര്‍ധിക്കുന്നുവെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്ക് കാണിക്കുന്നത്. അതുകൊണ്ട് പരമാവധി ഡിജിറ്റല്‍ സംവിധാനം വഴി പണം ഈടാക്കുമ്പോള്‍ ഈ അനാവശ്യ ഗതാഗത തടസം ഒഴിവാക്കാനാവുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. 'പൂര്‍ണമായും ടോള്‍ പിരിവ് ഡിജിറ്റലാക്കുന്നതോടെ പണമിടപാട് കൂടുതല്‍ കാര്യക്ഷമമാക്കാനും വാഹന തിരക്ക് കുറക്കാനും വൈകുന്നത് കുറക്കാനും ദേശീയപാതയിലെ യാത്രാനുഭവം തന്നെ മികച്ചതാക്കാനു സാധിക്കും' എന്നാണ് ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നത്
