ഫ്രിഡ്ജിലെ വിഷബാധ ഈ കാര്യങ്ങൾ ഒരിക്കലും അവഗണിക്കരുത്


 


ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ സൂചി കുത്താന്‍ ഇടമില്ലാത്ത വിധം കുത്തിക്കേറ്റി വയ്ക്കുന്നത് പല വീടുകളിലും കാണുന്ന ശീലമാണ്. അതില്‍ ഒരാഴ്ച പഴക്കമുള്ളത് മുതല്‍ ഒരു മാസം പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ വരെ ഉണ്ടാകും. വളരെ അശ്രദ്ധമായാണ് പലരും ഫ്രിഡ്ജിന്റെ ഉള്‍വശം കൈകാര്യം ചെയ്യുന്നത്. പലപ്പോഴും ഭക്ഷ്യ വിഷബാധയുടെ ഉറവിടം കൂടിയാണ് ഫ്രിഡ്ജ്.


ഫ്രിഡ്ജിനുള്ളില്‍ അടുത്തടുത്ത് വയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണ സാധനങ്ങള്‍ ഉണ്ട്. അതുപോലെ ഓരോ ഭക്ഷണ സാധനവും വയ്ക്കാനുള്ള ഇടങ്ങളും വ്യത്യസ്തമാണ്. ഭക്ഷണം ചീത്തയാകാതെ തരംതിരിച്ച് വയ്ക്കാനുള്ള ഇടങ്ങള്‍ ഫ്രിഡ്ജില്‍ തന്നെ ഉണ്ട്. ഇതൊന്നും അറിയാതെയാണ് മിക്കവരും ഫ്രിഡ്ജിനുള്ളിലേക്ക് സാധനങ്ങള്‍ കയറ്റി വയ്ക്കുന്നത്. ഇത് ബാക്ടീരിയ വളരാനും ഭക്ഷണം വേസ്റ്റ് ആവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു



ഫ്രിഡ്ജിനുള്ളിലെ ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ പുതുമയോടെ വയ്ക്കാനുള്ള ചില ടിപ്‌സുകളാണ് ഇവിടെ പറയുന്നത്. ഫ്രിഡ്ജില്‍ സാധനങ്ങള്‍ വെക്കേണ്ടടുത്തു വച്ചാല്‍ പുതുമയോടെ നിലനിര്‍ത്താനും സമയവും പണവും ലഭിക്കാനും കഴിയും.


ആദ്യം ഫ്രിഡ്ജിനുള്ളില്‍ നിന്ന് ദീര്‍ഘനാളായി ഇരിക്കുന്ന ഭക്ഷ്യവസ്തുക്കളും തൈരിന്റെ കപ്പുകളും ഒക്കെ എടുത്തു മാറ്റുക എന്നുള്ളതാണ് ചെയ്യേണ്ടത്. പഴകിയ തൈര് മറ്റു ഭക്ഷ്യവസ്തുക്കള്‍ക്കും കൂടി ദോഷം ചെയ്യും.


സാധാരണ ഒരു ഡിഗ്രി സെല്‍ഷ്യസിനും അഞ്ചു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഫ്രിഡിജിനുള്ളിലെ താപനില. ഫ്രിഡ്ജിലെ ഏറ്റവും മുകളിലത്തെ ഷെല്‍ഫും ഡോറും ചൂടുള്ള മേഖലയാണ്. അതിനാല്‍ ഇവിടെ മാംസവും പാലും ഒന്നും സൂക്ഷിക്കാതിരിക്കുക. ഇവിടെ ബാക്കി വരുന്നതും അടുത്ത ദിവസം എടുക്കാനുള്ളതുമായ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുക.


നടുക്കത്തെ ഷെല്‍ഫില്‍ പാലുല്‍പന്നങ്ങള്‍, മുട്ട, ചീസുകള്‍, സ്പ്രഡുകള്‍, തൈര്, വെണ്ണ പോലുള്ളവ സൂക്ഷിക്കാം. ഫ്രിഡ്ജിന്റെ വാതിലിലുള്ള റാക്കുകളില്‍ മസാലകള്‍, ജാമുകള്‍ ഉള്‍പ്പെടെയുള്ളവ വയ്ക്കുക. ദീര്‍ഘനാള്‍ കാലാവധിയുള്ള ജ്യൂസും സോസുകളും ഇവിടെ വയ്ക്കാം. ഏറ്റവും താഴെയുള്ള തട്ടില്‍ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കാം. പച്ചമാംസം, പച്ചമത്സ്യം എന്നിവ സൂക്ഷിക്കാന്‍ ഫ്രീസര്‍ ഉപയോഗിക്കുക. ഫ്രിഡ്ജിലെ ഏറ്റവും തണുപ്പുള്ള ഇടമാണിത്. അതിനാല്‍ കേടാകാനുള്ള സാധ്യത കുറവാണ്

പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ അകലത്തില്‍ സൂക്ഷിക്കുക. മാംസത്തിന്റെ അടുത്ത് പാകം ചെയ്ത ഭക്ഷണങ്ങള്‍ വയ്ക്കുന്നത രോ്ഗാണുക്കള്‍ പകരാന്‍ ഇടയാക്കും. ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുക. ആന്റി ബാക്ടീരിയല്‍ സ്‌പ്രേയോ വിനാഗിരി ചേര്‍ത്ത് വെള്ളമോ ഉപയോഗിച്ച് ഷെല്‍ഫുകള്‍ തുടക്കുക. ഐസുകള്‍ കട്ടപിടിക്കുന്നത് പതിവായി നീക്കം ചെയ്യുക.


നന്നായി ഓര്‍ഗനൈസ് ചെയ്ത ഫ്രിഡ്ജ് ബാക്ടീരിയ വളരാനുള്ള സാധ്യതകള്‍ കുറയ്ക്കുന്നു വീടിലെ അംഗങ്ങളെ ഭക്ഷ്യവിഷബാധകള്‍ പോലുള്ള പ്രശ്‌നങ്ങളില്ലാതെ സംരക്ഷിക്കുകയും ചെയ്യുന്നു.


എല്ലാമെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ സുരക്ഷിതമായി എന്നാണ് പലരുടേയും ധാരണ. ആവശ്യമുള്ളപ്പോള്‍ എടുക്കും, ചൂടാക്കി ഉപയോഗിച്ചശേഷം വീണ്ടും അകത്തുകയറ്റും. ഇത്തരത്തില്‍ ശ്രദ്ധയില്ലാതെ ഉപയോഗിക്കുന്നതുമൂലം ഫ്രിഡ്ജ് രോഗാണുക്കളുടെ കേന്ദ്രമായി മാറുന്നു. അടക്കുന്നതും തുറക്കുന്നതും മുതല്‍ ആഹാരം സൂക്ഷിക്കുന്നതുവരെയുള്ള കാര്യത്തില്‍ കരുതലില്ലെങ്കില്‍ ആരോഗ്യം തകരാറിലാകുമെന്ന കാര്യം ഓര്‍ക്കണം. 

പാക്കറ്റ് പാല്‍, തൈര്, മത്സ്യം, മസാലപ്പൊടികള്‍ എന്നിവയെല്ലാം ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്. പലപ്പോഴും ഒരാഴ്ചയ്ക്കുള്ളവ ഒരുമിച്ച് ഫ്രിഡ്ജിനകത്തുണ്ടാകും. ഇവയില്‍ നിന്ന് ഊറിവരുന്ന ദ്രാവകം രോഗാണുക്കളുടെ ഉറവിടമാണ്. അവ ഫ്രിഡ്ജിനകത്തും മറ്റ് ആഹാരങ്ങളിലേക്കും വ്യാപിക്കുന്നു. ഇത് കഴിക്കുന്നതോടെ അവ നമ്മുടെ ശരീരത്തിലെത്തുന്നു. ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളിലും ഫംഗസും ബാക്ടീരിയകളും കാണാറുണ്ട്. 

പലതവണ ചൂടാക്കല്ലേ
ഫ്രിഡ്ജിലെ ആഹാരം ഇടയ്ക്കിടെ ചൂടാക്കി ഉപയോഗിക്കുന്ന ശീലം തെറ്റാണ്. ആവശ്യമുള്ള അളവില്‍ മാത്രമെടുത്ത് ഒരിക്കല്‍ മാത്രമേ ചൂടാക്കാവൂ. 

  • ബാക്കിവരുന്ന ഭക്ഷണം ചെറുപാത്രങ്ങളിലായി അടച്ചുവെയ്ക്കാം. ഇവ രണ്ടുദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. 
  • പഴം, പച്ചക്കറികള്‍ തുടങ്ങിയവ വാങ്ങിയ ഉടനേ ഫ്രിഡ്ജില്‍ വയ്ക്കരുത്. കഴുകിത്തുടച്ച് പ്രത്യേകം കവറിലാക്കിവേണം സൂക്ഷിക്കാന്‍.
  • ചൂടുള്ള ആഹാരം തണുത്തശേഷം മാത്രമേ തിരിച്ച് ഫ്രിഡ്ജില്‍ വയ്ക്കാവൂ. 
  • ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ളില്‍ തൂവിയാല്‍ ഉടന്‍തന്നെ വൃത്തിയാക്കണം.

ഫ്രിഡ്ജ് ഇങ്ങനെ വൃത്തിയാക്കാം
എല്ലാംകൂടി കുത്തിനിറച്ച് ഫ്രിഡ്ജിനെ ശ്വാസംമുട്ടിക്കരുത്. ഇങ്ങനെ ചെയ്താല്‍ തണുപ്പ് എല്ലായിടത്തും എത്തില്ല. മാത്രമല്ല അണുവ്യാപനത്തിന് ഇടയാവുകയും ചെയ്യും.

  • ഇളംചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ഫ്രിഡ്ജ് തുടയ്ക്കാം. 
  • ഹാന്‍ഡില്‍ എല്ലാദിവസവും അണുനാശിനി ചേര്‍ത്ത വെള്ളമുപയോഗിച്ച് വൃത്തിയാക്കാം. 
  • ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധമകറ്റാന്‍ തുറന്ന ബോക്‌സില്‍ അല്പം ബേക്കിങ് സോഡ വയ്ക്കാം. 
  • അകത്തെ താപനില അഞ്ച് ഡിഗ്രിയോ അതില്‍ കുറവോ ആയി വേണം സെറ്റ് ചെയ്യാന്‍.
  • കാലാവധി കഴിഞ്ഞ പായ്ക്കറ്റുകളും മറ്റും കൃത്യമായ ഇടവേളകളില്‍ എടുത്തുമാറ്റണം