കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്, അമേരിക്കയിൽ മൂന്ന് ദശലക്ഷത്തിലധികം ഐ ഡ്രോപ്പുകൾ തിരികെവിളിക്കാൻ U.S. Food and Drug Administration (FDA) നിർദേശം നൽകി.
CVS Health, Walgreens, Kroger എന്നിവയുടെ കീഴിൽ വിറ്റഴിക്കുന്ന 26 തരത്തിലുള്ള ഐ ഡ്രോപ്പുകളിലാണ് പ്രശ്നം കണ്ടെത്തിയത്. നിർമ്മാണ ഫാക്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ശുചിത്വ ലംഘനങ്ങളും അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളും കണ്ടെത്തിയതാണ് നടപടിക്ക് കാരണം.
പ്രധാനമായും ലൂബ്രിക്കന്റ് ഐ ഡ്രോപ്പുകളിലാണ് ബാക്ടീരിയ സാന്നിധ്യമുണ്ടാകാൻ സാധ്യതയെന്ന് കണ്ടെത്തിയിരിക്കുന്നത്. Walmart (Equate), Target (Up & Up), Rite Aid, Leader, Rugby തുടങ്ങിയ ബ്രാൻഡുകളും പട്ടികയിൽ ഉൾപ്പെടുന്നു.
ഈ ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നത് കണ്ണിൽ ഗുരുതരമായ അണുബാധക്കും കോർണിയ നാശത്തിനും, അതീവ സാഹചര്യങ്ങളിൽ അന്ധതയ്ക്കും കാരണമാകാം. കണ്ണിൽ ചുവപ്പ്, വേദന, കാഴ്ച മങ്ങൽ, പഴുപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.
ഇപ്പോൾ വരെ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതലായി ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം.
