ചരിത്ര നേട്ടം; ഇന്‍റർനെറ്റ് പ്രകടനത്തിൽ ജിയോയെയും എയർടെല്ലിനെയും മറികടന്ന് ബിഎസ്എൻഎൽ

 



ഫ്രാൻസിലെ നെറ്റ്‌വർക്ക് പരിശോധനാ സ്ഥാപനമായ എൻപെർഫിന്റെ (nPerf) പുതിയ റിപ്പോർട്ട് പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ ഫിക്സഡ്-ലൈൻ ഇന്‍റർനെറ്റ് വിഭാഗത്തിൽ ബിഎസ്എൻഎൽ ജിയോയെയും എയർടെലിനെയും മറികടന്ന് ഒന്നാമതെത്തി. ഡൗൺലോഡ് വേഗതയിൽ പിന്നിലാണെങ്കിലും, മൊത്തത്തിലുള്ള സേവന ഗുണമേന്മയിലെ മികച്ച പ്രകടനമാണ് ബിഎസ്എൻഎല്ലിന് ഈ നേട്ടം സമ്മാനിച്ചത്. 

ദില്ലി: ഇന്ത്യയിലെ ടെലികോം രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തിക്കൊണ്ട്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 2026 സാമ്പത്തിക വർഷത്തിൽ ഫിക്സഡ്-ലൈൻ ഇന്‍റർനെറ്റ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഫ്രാൻസിലെ സ്വതന്ത്ര നെറ്റ്‌വർക്ക് പരിശോധനാ സ്ഥാപനമായ എൻപെർഫ് (nPerf) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ബിഎസ്എൻഎൽ ജിയോയും എയർടെലും പോലുള്ള പ്രമുഖ സ്വകാര്യ കമ്പനികളെ മറികടന്ന് ഈ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തി.


റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ശക്തമായി മത്സരത്തിൽ ഉണ്ടായിരുന്നുവെങ്കിലും, മൊത്തത്തിലുള്ള സ്കോറിൽ ബിഎസ്എൻഎൽ മുന്നിലെത്തി. 2025–2026 കാലയളവിലെ ഫിക്സഡ്-ലൈൻ ബാരോമീറ്ററിൽ ബിഎസ്എൻഎൽ 89,174 എൻപോയിന്‍റ്സ് നേടി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്ന കമ്പനി തുടർച്ചയായ വളർച്ചയിലൂടെ ഈ നേട്ടം കൈവരിച്ചു എന്നതാണ് ശ്രദ്ധേയം.


അതേസമയം, ജിയോ 73,957 പോയിന്‍റും എയർടെൽ 74,975 പോയിന്‍റും നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുകയാണ്. വിപണി വിഹിതത്തിന്‍റെ അടിസ്ഥാനത്തിൽ ബിഎസ്എൻഎൽ ഇപ്പോഴും മൂന്നാം സ്ഥാനത്താണെങ്കിലും, സേവന ഗുണമേന്മയിൽ വലിയ മുന്നേറ്റമാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. യഥാർഥ ഉപയോക്തൃ അനുഭവത്തെ അടിസ്ഥാനമാക്കി ഇന്‍റർനെറ്റ് കണക്ഷനുകളുടെ നിലവാരം വിലയിരുത്തുന്ന പ്ലാറ്റ്ഫോമാണ് എൻപെർഫ്