ഇന്ത്യയിൽ ഉടൻ വിപണിയിലെത്തുന്ന പ്രീമിയം ത്രീ–റോ എസ്‍യുവി 'സൊറന്റോ'യുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ട് കിയ. ഇന്ത്യൻ പ്രീമിയം എസ്‌യുവി നിരയിൽ നിർണായക ചുവടുവെപ്പുമായി എത്തുന്ന സൊറന്റോയുടെ ആദ്യ യൂണിറ്റ് ആന്ധ്രാപ്രദേശിലെ അനന്തപുർ പ്ലാന്റിൽനിന്ന് വിജയകരമായി പുറത്തിറങ്ങി. 2019 മുതൽ കിയയുടെ നിർമാണ കേന്ദ്രമായ അനന്തപുർ പ്ലാന്റിൽ 'മെയ്ക്ക് ഇൻ ഇന്ത്യ' കരുത്തിലാണ് സൊറന്റോ ഒരുങ്ങുന്നത്. 2026 സെപ്റ്റംബർ 4-ന് വാഹനം വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ഇതിനു മുന്നോടിയായി കിയ ഇന്ത്യയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും പ്രീ-ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു
ഇന്ത്യൻ വിപണിയിൽ കിയ അവതരിപ്പിക്കുന്ന ആദ്യ ഹൈബ്രിഡ് എസ്‌യുവി എന്ന സവിശേഷതയോടെയാണ് സൊറന്റോയുടെ വരവ്. ഇലക്ട്രിഫിക്കേഷനും മികച്ച നിയന്ത്രണവും വാഗ്ദാനം ചെയ്യുന്ന ഓൾ-വീൽ ഡ്രൈവ് (AWD) സാങ്കേതികവിദ്യയുള്ള ഹൈബ്രിഡ് പവർട്രെയിനിനൊപ്പം കരുത്തുറ്റ ഡീസൽ എൻജിൻ വകഭേദത്തിലും വാഹനം ലഭ്യമാകും. ഡ്രൈവിങ് മുൻഗണനകൾക്ക് അനുസൃതമായി ഹൈബ്രിഡ്, ഡീസൽ എൻജിനുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഇത് ഉപഭോക്താക്കൾക്ക് നൽകുന്നു. കിയയുടെ ആഗോള ഡിസൈൻ ഭാഷ്യം പ്രതിഫലിപ്പിക്കുന്ന ബലിഷ്ഠമായ ബോഡി ഘടനയും, എക്സ്റ്റീരിയർ ഡീറ്റെയിലിങ്ങും, ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നിര ക്യാബിനും ഈ ഫാമിലി എസ്‌യുവിയുടെ പ്രധാന ആകർഷണങ്ങളാണ്.
സാങ്കേതികവിദ്യയുടെ കാര്യത്തിൽ വലിയൊരു വിപ്ലവത്തിനാണ് സൊറന്റോയിലൂടെ കിയ തുടക്കമിടുന്നത്. വാഹന ചരിത്രത്തിൽ ആദ്യമായി 'ലൈവ് ജനറേറ്റീവ് എഐ' സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കിയ എഐ അസിസ്റ്റന്റ് സൊറന്റോയിലൂടെ അരങ്ങേറുന്നു. ആഗോളതലത്തിൽ ഈ എഐ q അവതരിപ്പിക്കുന്ന ആദ്യ കിയ മോഡലും ഇന്ത്യൻ വാഹന വിപണിയിൽ ഇത് അവതരിപ്പിക്കുന്ന ആദ്യ ബ്രാൻഡും കിയ ആയിരിക്കും. പരമ്പരാഗത വോയ്‌സ് അസിസ്റ്റന്റുകളിൽനിന്ന് വ്യത്യസ്തമായി യാത്രക്കാരുമായി സ്വാഭാവികമായി ആശയവിനിമയം നടത്താനും തത്സമയ വിവരങ്ങൾ കൃത്യമായി പങ്കുവെക്കാനും ലൈവ് ജനറേറ്റീവ് എഐ അസിസ്റ്റന്റിന് സാധിക്കും
സൊറന്റോയുടെ വരവ് കിയയുടെ ഇന്ത്യൻ പോർട്ട്‌ഫോളിയോ വിപുലീകരണത്തിലെ നിർണായക നാഴികക്കല്ലാണെന്ന് കിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ വ്യക്തമാക്കി. ആഗോളതലത്തിൽ വലിയ സ്വീകാര്യത നേടിയ സൊറന്റോയെ ഇന്ത്യയിൽ തന്നെ നിർമിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ഏറ്റവും പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യകളും ലൈവ് ജനറേറ്റീവ് എഐ ഫീച്ചറുകളും ഉൾക്കൊള്ളുന്ന വാഹനം ഇന്ത്യൻ പ്രീമിയം എസ്‌യുവി വിപണിയിൽ പുതിയൊരു തരംഗമാകുമെന്നും അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിൽ വാഹനത്തിന്റെ കൂടുതൽ വേരിയന്റുകളും വിലയും കിയ ഔദ്യോഗികമായി പുറത്തുവിടും.


