നമ്മുടെ വീടുകളില്‍ തയ്യാറാക്കുന്ന പല കറികളുടെയും ഒഴിച്ച് കൂടാനാകാത്ത ചേരുവയാണ് ഇഞ്ചിയും വെളുത്തുള്ളിയും. മുന്‍പെല്ലാം ഇത് വീട്ടില്‍ തന്നെ അരച്ചാണ് കറികളില്‍ ചേര്‍ത്തിരുന്നതെങ്കില്‍ ഇന്ന് കടകളില്‍ നിന്ന് റെഡി ടു യൂസ് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് വാങ്ങാന്‍ കിട്ടും. ഇഞ്ചി തൊലി കളഞ്ഞ്, വെളുത്തുള്ളി പൊളിച്ച് പിന്നെയത് എല്ലാം കൂടി മിക്‌സിയില്‍ ഇട്ട് അടിച്ച് വരുന്ന നേരവും മെനക്കേടുമെല്ലാം ലാഭിക്കാന്‍ ഈ ജിഞ്ചര്‍ ഗാര്‍ലിക് പേസ്‌റ്റ് സഹായിക്കുമെന്നതൊക്കെ ശരി. എന്നാല്‍ ഇത് 100 ശതമാനം സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. മറ്റ് പല പായ്‌ക്ക് ചെയ്‌ത ഭക്ഷണങ്ങളെയും പോലെ പ്രിസര്‍വേറ്റീവുകളും അഡിറ്റീവുകളും രാസവസ്‌തുക്കളും ഇതിലും അടങ്ങിയിട്ടുണ്ടാകുമെന്നതാണ് കാരണം
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റില്‍ പൊതുവേ ഉപയോഗിക്കുന്ന ചേരുവകളാണ് സിട്രിക് ആസിഡും, സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളും. മിതമായ തോതില്‍ ഉപയോഗിച്ചാല്‍ ഇവയൊന്നും കാര്യമായ പ്രശ്‌നം ഉണ്ടാക്കിയില്ലെന്നും വരാം. എന്നാല്‍ വളരെ സംവേദനക്ഷമമായ വയറും കുടലുമൊക്കെയുള്ളവര്‍ക്ക് പായ്‌ക്ക് ചെയ്‌ത ജിഞ്ചര്‍ ഗാര്‍ലിക പേസ്റ്റിന്റെ നിത്യ ഉപയോഗം പല പ്രശ്‌നങ്ങളും ഉണ്ടാക്കാം. സുരക്ഷിതരായി ഇരിക്കാന്‍ വയര്‍ നല്‍കുന്ന സന്ദേശങ്ങളെ വിശ്വസിക്കുകയെന്ന മാര്‍ഗ്ഗം മാത്രമേ മുന്നിലുള്ളൂ. പായ്‌ക്കറ്റിലെ പേസ്റ്റിന്റെ മണത്തിലോ നിറത്തിലോ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയോ അത് വല്ലാതെ ഒട്ടിപ്പിടിക്കുന്നതോ, വെള്ളം പോലെ നീണ്ടു കിടക്കുന്നതോ ഒക്കെയായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പായ്‌ക്ക് ഒഴിവാക്കുന്നതാകും നല്ലത്.
നാല്‍പതോ അന്‍പതോ കൊടുത്ത് പുതിയ പായ്‌ക്ക് വാങ്ങിയാലും തരക്കേടില്ല. രോഗം വന്ന് ആശുപത്രിയില്‍ കൊടുക്കുന്ന പണം അപ്പോഴും ലാഭിക്കാം. ഇനി എക്‌സ്‌പയറി ഡേറ്റും ലേബലുമൊക്കെ നോക്കി സുരക്ഷ ഉറപ്പാക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കുറച്ചൊന്ന് മെനക്കെട്ടാല്‍ നല്ല പേസ്റ്റ് വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇഞ്ചിയും വെളുത്തുള്ളിയും തൊലിയൊക്കെ കളഞ്ഞ് ഉണക്കിയെടുത്ത ശേഷം ഒരു മിക്‌സിയില്‍ കുറച്ച് എണ്ണയും ഉപ്പും ഇട്ട് നല്ലവണ്ണം അരച്ചെടുക്കണം. കെമിക്കലും പ്രിസര്‍വേറ്റീവുമൊന്നുമില്ലാത്തെ നല്ല ഒന്നാന്തരം ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് വീട്ടില്‍ തന്നെ ഒരുക്കിയെടുക്കാം. ഫ്രിഡ്‌ജില്‍ ഒരാഴ്‌ച വരെയൊക്കെ കേട് കൂടാതെ ഇത് സൂക്ഷിക്കാന്‍ കഴിയും.