രാജ്യത്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഏറിവരുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ദില്ലി: സൈബര്‍ തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് 2024ലുണ്ടായ നഷ്‌ടം 22,842 കോടി രൂപയുടേത് എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഡാറ്റാലിഡ്‌സ് ആണ് പുറത്തുവിട്ടത്. അതേസമയം ഈ വര്‍ഷം 1.2 ലക്ഷം കോടി രൂപ ഡിജിറ്റല്‍ തട്ടിപ്പുവീരന്‍മാര്‍ ഇന്ത്യക്കാരില്‍ നിന്ന് റാഞ്ചും എന്ന് ഇന്ത്യന്‍ സൈബര്‍ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍, 14സി പ്രവചിക്കുന്നു.
2023ല്‍ രാജ്യത്ത് സൈബര്‍ തട്ടിപ്പുകളില്‍ ആളുകള്‍ക്ക് നഷ്‌ടമായ തുക ആകെ 7,465 കോടി രൂപയാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാലിത് 2024ല്‍ 22,842 കോടി രൂപയായി. 2024ല്‍ രാജ്യത്ത് 20 ലക്ഷത്തിനടുത്ത് സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടുമുമ്പ് 2023ലുണ്ടായിരുന്നത് 15.6 ലക്ഷം പരാതികളായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ വലിയ കുതിച്ചുചാട്ടം രാജ്യത്തുണ്ടായി. ഡിജിറ്റല്‍ പെയ്‌മെന്‍റ് സംവിധാനങ്ങള്‍ ആളുകള്‍ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതാണ് ഇതിന് ഒരു കാരണം. പേടിഎം, ഗൂഗിള്‍പേ, ഫോണ്‍പേ പോലുള്ള യുപിഐ ആപ്പുകളുടെ ഉപയോഗം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. മാത്രമല്ല, അക്കൗണ്ട് വിവരങ്ങളും ഒടിപികളും സുരക്ഷിതമല്ലാതെ പങ്കുവെക്കുന്നതും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കാരണമാകുന്നു. വാട്‌സ്ആപ്പും ടെലഗ്രാമും പോലുള്ള ആപ്പുകള്‍ വഴിയെത്തുന്ന മെസേജുകളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്ത് പണം നഷ്‌ടമാകുന്ന സംഭവങ്ങള്‍ അനവധിയാണ്. ബാങ്ക് ഇടപാടുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളും പെരുകുന്നു.
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചു വരികയാണ്. 2025 ജൂണ്‍ മാസത്തില്‍ മാത്രം യുപിഐ വഴി നടന്നത് 190 ലക്ഷം ഇടപാടുകളാണ്. ഇതുവഴി കൈമാറ്റം ചെയ്ത പണത്തിന്‍റെ മൂല്യം 24.03 ലക്ഷം കോടി രൂപയാണ് എന്നാണ് കണക്ക്. ലോകത്ത് നടക്കുന്ന ഡിജിറ്റല്‍ പണമിടപാടിന്‍റെ വലിയൊരു അളവ് ഇന്ത്യയിലാണ്.
പ്രധാനപ്പെട്ട ഡിജിറ്റല്‍ സ്‌കാമുകള്‍
ഫിഷിംഗ് മേസേജുകള്‍: എസ്എംഎസോ, വാട്‌സ്ആപ്പും ടെലഗ്രാമും വഴിയുള്ള മെസേജുകളിലൂടെയും, ലിങ്കുകളും ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഫയലുകളും അയച്ച് നടത്തുന്ന തട്ടിപ്പാണിത്. ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ബാങ്കുകളിലും മറ്റും നിന്ന് സമ്മാനങ്ങളും ക്യാഷ്‌ബാക്കും റീഫണ്ടും നേടാമെന്ന വാഗ്‌ദാനങ്ങളോടെ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവര്‍ കെണിയില്‍പ്പെടും. ബാങ്കിംഗ് പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിങ്ങനെ സുപ്രധാനമായ സാമ്പത്തിക വിവരങ്ങള്‍ ഇതിലൂടെ നഷ്‌ടപ്പെടും.
ആകര്‍ഷകമായ ഉത്പന്നങ്ങള്‍ വളരെ വില കുറച്ച് ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പനയ്ക്ക് വെച്ചാണ് ഈ തട്ടിപ്പ്. ഇവ വാങ്ങാനായി അഡ്വാന്‍സ് നല്‍കി കാത്തിരിക്കുന്നവരെ വഞ്ചിച്ച് പണവുമായി തട്ടിപ്പ് സംഘം മുങ്ങും.
പേയ്‌മെന്‍റ് കണ്‍ഫര്‍മേഷന്‍ സ്‌കാം
പേയിന്‍റ് വെരിഫൈ ചെയ്യൂ, അല്ലെങ്കില്‍ പൂര്‍ത്തിയാക്കൂ എന്നാവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങളോ ഇമെയിലോ അയക്കും തട്ടിപ്പ് സംഘം. ഇതിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ സാമ്പത്തിക വിവരങ്ങള്‍ നഷ്ടമാവുകയും മൊബൈല്‍ ഫോണിലേക്കും കമ്പ്യൂട്ടറിലേക്കും മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും ചെയ്യും