നിമിഷ നേരം കൊണ്ട് പെർഫക്ട് ദോശ ഉണ്ടാക്കി വിളമ്പുന്ന വൈറലായ ദോശ മേക്കർ

 


ദക്ഷിണേന്ത്യൻ ഭക്ഷണ പാരമ്പര്യത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ദോശ. ദോശ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് നല്ല ചൂടുള്ള മൊരിഞ്ഞ ദോശയാണ്. ഇവിടെ ദോശയിൽ ഒരു റോബോട്ടിക് ടച്ച് കൊണ്ടു വന്നിരിക്കുകയാണ് ബാംഗളൂരുവിൽ നിന്നൊരു എൻജിനീയർ. മനുഷ്യന്‍റെ സഹായം ഇല്ലാതെ തന്നെ പെർഫക്ടായി ദോശ ഉണ്ടാക്കുന്ന 'തിണ്ടി' എന്നു പേരിട്ടിരിക്കുന്ന റോബോട്ട് ഭക്ഷണ പ്രേമികളുടെ മനംകവർന്നുകൊണ്ടിരിക്കുകയാണ്. റോബോട്ട് ദോശ ഉണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തു.


ബംഗളൂരുവിൽ നിന്നുള്ള എൻജിനീയറാണ് റോബോട്ട് ദോശ മേക്കറിനു പിന്നിൽ. ആരുടെയും സഹായമില്ലാതെ ദോശ മാവ് തവയിലൊഴിച്ച് ചുറ്റിച്ച് വെന്തു കഴിയുമ്പോൾ റോബോട്ട് തന്നെ മറിച്ചിടും. പിന്നീട് അത് ഒരു സ്വർണ നിറമാകുന്നതുവരെ കാത്തുനിന്ന ശേഷം പ്ലേറ്റിലേക്ക് മാറ്റുന്നതാണ് വൈറലായ വിഡിയോയിലുള്ളത്.

ഒരിക്കൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഇങ്ങനെ ഒരു ആശയം മനസ്സിൽ വന്നതെന്ന് എൻജിനീയർ തന്‍റെ യൂടൂബിൽ വിശദീകരിക്കുന്നു. ദോശ കഴിക്കുമ്പോൾ എത്ര സമയമാണ് തന്‍റെ അമ്മയും ഭാര്യയുമൊക്കെ ദോശ ഉണ്ടാക്കാൻ ചെലവഴിക്കുന്നതെന്നും ഒരു മെഷീൻ ഇതെല്ലാം ചെയ്യുകയാണെങ്കിൽ ദോശ ഉണ്ടാക്കാൻ വേണ്ട അധ്വാന ഭാരം കുറക്കാമെന്നും താൻ ചിന്തിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ദോശ മേക്കിങ് റോബോട്ടിക് മെഷീനിലേക്ക് നയിച്ചത്.

സ്കെച്ചിങും, കോഡിങും, അസംബ്ലിങും ഒക്കെയായി നിരവധി ഘട്ടങ്ങളിലൂടെയാണ് ദോശമേക്കറിന് രൂപം നൽകിയിരിക്കുന്നത് ദോശ നിർമിക്കാൻ മാത്രമല്ല കുപ്പികളും ബ്രഷുകളും ഒക്കെ പിടിക്കാൻ ഇവക്ക് കഴിയുന്നതുകൊണ്ട് നിരവധി അടുക്കള ജോലികൾക്കും ഇത് ഉപയോഗിക്കാം. റെഡിറ്റിലുൾപ്പെടെ മികച്ച അഭിപ്രായമാണ് ദോശ മേക്കർ ആശയത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്

Join