മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇലക്ട്രിക് മോഡലുകളായ മഹീന്ദ്ര BE 6 ന്റെയും XEV 9e യുടെയും മിഡ് സ്പെക്ക് വേരിയന്‍റായ പാക്ക് ടു ട്രിം ലെവലിന്റെ ഡെലിവറികൾ ആരംഭിച്ചു. രണ്ട് ഇലക്ട്രിക് എസ്‌യുവികളും 2024 നവംബറിൽ ആണ് പുറത്തിറക്കിയത്. അതേസമയം പാക്ക് ത്രീ, പാക്ക് ത്രീ സെലക്ട് വേരിയന്റുകളുടെ ഡെലിവറികൾ യഥാക്രമം 2025 മാർച്ചിലും ജൂണിലും ആരംഭിച്ചിരുന്നു.
മഹീന്ദ്ര BE 6 പാക്ക് ടുവിന് 59 kWh ഓപ്ഷന് 22.65 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്നു. 79 kWh പതിപ്പിന് 24.25 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്നു . അതേസമയം മഹീന്ദ്ര XEV 9e പാക്ക് ടു 59 kWh ഓപ്ഷന് 25.65 ലക്ഷം രൂപ മുതൽ 79kWh ഓപ്ഷന് 27.25 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.
79 kWh ബാറ്ററി XEV 9e-യിൽ 656 കിലോമീറ്ററും BE 6-ൽ 682 കിലോമീറ്ററും സഞ്ചരിക്കാൻ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 59 kWh ബാറ്ററി XEV 9e-യ്ക്ക് 542 കിലോമീറ്ററും BE 6-ന് 535 കിലോമീറ്ററും സഞ്ചരിക്കാൻ സാധിക്കും. രണ്ട് ബാറ്ററി കോൺഫിഗറേഷനുകളും ഒരൊറ്റ ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തോടെയാണ് വരുന്നത്. വലിയ ബാറ്ററി വേരിയന്റ് 282 bhp പവർ ഉത്പാദിപ്പിക്കുന്നു. അതേസമയം ചെറിയ യൂണിറ്റ് 228 bhp നൽകുന്നു. രണ്ട് പതിപ്പുകളിലും ടോർക്ക് ഔട്ട്പുട്ട് 380 Nm-ൽ സ്ഥിരത പുലർത്തുന്നു. രണ്ട് മോഡലുകളിലും റിയർ-വീൽ-ഡ്രൈവ് (RWD) ഡ്രൈവ്ട്രെയിൻ ആണുള്ളത്.
മഹീന്ദ്രയുടെ പായ്ക്ക് XEV 9e, BE 6 എന്നിവയുടെ രണ്ട് വകഭേദങ്ങൾ നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ്. പുറത്ത്, രണ്ട് മോഡലുകൾക്കും പൂർണ്ണ എൽഇഡി ലൈറ്റിംഗ് ലഭിക്കുന്നു. ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫംഗ്ഷനോടുകൂടിയ ഫോഗ് ലാമ്പുകൾ, ഡിആർഎല്ലുകൾ, ടെയിൽ ലാമ്പുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 19 ഇഞ്ച് അലോയി വീലുകളിൽ എയ്‌റോ ഇൻസേർട്ടുകൾ ലഭിക്കുന്നു. പ്രത്യേകിച്ച് രാത്രിയിൽ അൽപ്പം തിളക്കം നൽകുന്ന പ്രകാശിത ലോഗോകളും ഉണ്ട്.
രണ്ട് കാറുകളുടെ ഇന്‍റീരിയറിലും ലെതറെറ്റ് അപ്ഹോൾസ്റ്ററി ലഭിക്കുന്നു. അതേസമയം ഡിസ്പ്ലേ സജ്ജീകരണം അല്പം വ്യത്യസ്‍തമാണ്. BE 6-ൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ ഉണ്ട്, അതേസമയം XEV 9e-ൽ ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ടുണ്ട്. റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, ഫിക്സഡ് പനോരമിക് റൂഫ്, പവർഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ ദൈനംദിന ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് റിയർവ്യൂ മിറർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ സൗകര്യപ്രദമായ സവിശേഷതകളും പാക്കേജിന്റെ ഭാഗമാണ്.
സുരക്ഷയ്ക്കായി രണ്ട് ഇലക്ട്രിക് വാഹനങ്ങളിലും ആറ് എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, നാല് വീലുകളിലും ഡിസ്‍ക് ബ്രേക്കുകൾ, ഒരു റിയർ-വ്യൂ ക്യാമറ, ഓട്ടോ ഹോൾഡുള്ള ഒരു ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് തുടങ്ങിയവ ലഭിക്കുന്നു. ലെവൽ-2 ADAS ഫീച്ചറുകളും ലഭിക്കുന്നു. ഇതിൽ ലെയിൻ കീപ്പ് അസിസ്റ്റ്, ഡ്രൈവർക്ക് ക്ഷീണം വന്നാൽ മുന്നറിയിപ്പ് നൽകുന്ന ഫീച്ചർ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു.