നിലവില്‍ രാജ്യത്തെ ദേശീയപാതകളിലൂടെയും എക്‌സ്പ്രസ്‌വേകളിലൂടെയും കടന്നുപോകുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കുന്നത് ഫാസ്ടാഗ് സംവിധാനത്തിലൂടെയാണ്. ഒട്ടുമിക്ക വാഹനങ്ങളുടെയും വിന്‍ഡ്ഷീല്‍ഡില്‍ നിങ്ങള്‍ ഫാസ്ടാഗ് സ്റ്റിക്കര്‍ കണ്ടിട്ടുണ്ടാകും. ഓരോ തവണ ടോള്‍ബൂത്ത് കടക്കുമ്പോഴും വാഹനയുടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) പാസഞ്ചര്‍ വാഹനങ്ങള്‍ക്കായുള്ള ഫാസ്ടാഗ് വാര്‍ഷിക പാസ് കൊണ്ടുവന്നിരുന്നു. 3,000 രൂപ അടച്ച് ഒരു വാര്‍ഷിക പാസ് നേടിയാല്‍ ഒരു വര്‍ഷത്തില്‍ 200 തവണ ടോള്‍ പ്ലാസകള്‍ കടക്കാന്‍ കഴിയും
ഇത് ഓരേ തവണയും ടോള്‍ ബൂത്തുകള്‍ കടക്കുമ്പോള്‍ ചെലവഴിക്കുന്ന തുക കുറയ്ക്കുന്നുവെന്ന് മാത്രമല്ല, ടോള്‍ ബൂത്തുകളില്‍ ക്യൂവില്‍ കാത്തിരിക്കേണ്ടിവരുന്ന സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം ഉറപ്പുനല്‍കുന്നു. സ്വാതന്ത്ര്യദിന സമ്മാനമായി കൊണ്ടുവന്ന ഈ പരിപാടിയോട് ജനങ്ങള്‍ വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. വെറും 4 ദിവസത്തിനുള്ളില്‍ 5 ലക്ഷത്തിലധികം ആളുകള്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി.
2025 ഓഗസ്റ്റ് 15-ന് വൈകുന്നേരം 7 മണിവരെ ഏകദേശം 1.4 ലക്ഷം ഉപയോക്താക്കള്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങിയതായി സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. തുടക്കത്തില്‍ തന്നെ ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങിക്കൂട്ടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത് നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട് ആണ്. കര്‍ണാടകയും ഹരിയാനയും തമിഴ്‌നാടിന് തൊട്ടുപിന്നിലുണ്ട്. ഫാസ്ടാഗ് വാര്‍ഷിക പാസ് വഴിയുള്ള ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ രേഖപ്പെടുത്തിയത് തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളിലാണ്.
സ്ഥിരമായി ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്ന വ്യക്തികൾക്ക് ഈ സംവിധാനം ഗുണകരമായിരിക്കും. കാരണം പാസ് ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കള്‍ക്ക് ഓരോ യാത്രയ്ക്കും 15 രൂപ മാത്രമാണ് നിരക്ക് വരിക. ഫാസ്ടാഗ് വാര്‍ഷിക പാസ് എടുക്കണമെന്നുണ്ട് എന്നാല്‍ അത് എങ്ങിനെ എന്ന് അറിയാതെ ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങള്‍?. എവിടെ ഇരുന്നും സ്വന്തം സ്മാര്‍ട് ഫോണിലൂടെ ഫാസ്ടാഗ് വാര്‍ഷിക പാസ് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം എന്നത് ഘട്ടം ഘട്ടമായുള്ള വിവരണം ഈ ലേഖനത്തില്‍ വായിക്കാം
ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങാനായി ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ 'രാജ്മാര്‍ഗ്‌യാത്ര' എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. രാജ്മാഗ്‌യാത്ര ആപ്പ് തുറന്നതിനുശേഷം ഹോം പേജിലെ 'ആനുവല്‍ പാസ്' (Annual Pass) ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആനുവല്‍ പാസ് ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം 'പ്രീ ബുക്ക്' (PRE-BOOK) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇതിന് ശേഷം നിങ്ങള്‍ 'റെഡി ടു ഗെറ്റ് സ്റ്റാര്‍ട്ടഡ്' (Ready to get started) പേജില്‍ എത്തും. ആനുവല്‍ പാസ് ആക്റ്റിവേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ പക്കല്‍ എന്തെല്ലാം വേണമെന്നുള്ള വിവരങ്ങള്‍ ഈ പേജില്‍ നിന്ന് അറിയാം. നിങ്ങളുടെ വാഹന രജിസ്ട്രേഷന്‍ നമ്പര്‍, പോസിറ്റീവ് ബാലന്‍സുള്ള സാധുവായ ഒരു ഫാസ്ടാഗ്, നിങ്ങളുടേത് ഒരു വാണിജ്യേതര വാഹനം ആയിരിക്കണമെന്ന് വ്യവസ്ഥകള്‍ കാണാം.

ഇതിനുശേഷം, നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കണം. അതിനുശേഷം നിങ്ങളുടെ വാഹനത്തിന്റെ യോഗ്യത പരിശോധിച്ച് അത് സാധൂകരിക്കുക. തുടര്‍ന്ന്, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന വണ്‍-ടൈം പാസ്വേഡ് (OTP) വെച്ച് വെരിഫൈ ചെയ്യുക. അടുത്തത് പെയ്മെന്റ് ഓപ്ഷന്‍ ആണ്. പേയ്‌മെന്റ് ഓപ്ഷനിലേക്ക് പോയാല്‍ അടയ്‌ക്കേണ്ട മൊത്തം ഫീസ് കാണിക്കും. തുടര്‍ന്ന് പേയ്‌മെന്റ് മോഡ് തിരഞ്ഞെടുത്ത് പേയ്‌മെന്റ് പൂര്‍ത്തിയാക്കണം.
യുപിഐ, കാര്‍ഡുകള്‍, നെറ്റ്ബാങ്കിംഗ് എന്നീ പെയ്മെന്റ് ഓപ്ഷനുകളില്‍ പണമടയ്ക്കാം. പേയ്മെന്റ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രാജ്മാര്‍ഗ്‌യാത്ര ആപ്പ് വഴിയും നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് വഴിയും അതിനെക്കുറിച്ച് അറിയിക്കും. ഇതോടെ ഒരു വര്‍ഷം മൊത്തം രാജ്യത്തെ ദേശീയ പാതകളിലെയും ദേശീയ എക്‌സ്പ്രസ് വേകളിലെയും ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ വാര്‍ഷിക പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം.
പ്രത്യേകം ശ്രദ്ധിക്കുക, നിലവില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് വാണിജ്യേതര വാഹനങ്ങള്‍ക്ക് മാത്രമാണ്. എല്ലാം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് ഒരു ഇന്‍സ്റ്റഗ്രാം റീല്‍ കാണാന്‍ ചിലവാക്കുന്ന സമയം കൊണ്ട് ഫാസ്ടാഗ് വാര്‍ഷിക പാസ് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ സ്ഥിരമായി ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവര്‍ ആണെങ്കില്‍ വാര്‍ഷിക പാസ് എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. ദൂരസ്ഥലങ്ങളില്‍ ജോലിയുള്ള ഇടക്കിടെ നാട്ടിലേക്ക് വരുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ വിവരം അവരെ അറിയിക്കുമല്ലോ.

