കറികളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് ഉള്ളി. മഞ്ഞ, വെള്ള, ചുവപ്പ് തുടങ്ങിയ വിവിധ നിറങ്ങളിൽ ഉള്ളി ലഭ്യമാണ്. ആരോഗ്യകരമായ ഒട്ടേറെ സംയുക്തങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വേവിച്ചു കഴിക്കുന്നതിന് പകരം, സാലഡിലും മറ്റും ചേര്‍ത്തും ഉള്ളി കഴിക്കാറുണ്ട്. ഉള്ളി വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. എന്നാൽ ഉള്ളിയിൽ കാണുന്ന കറുത്ത പൂപ്പലിനെക്കുറിച്ച് ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും കഴിക്കാൻ സുരക്ഷിതമാണോ എന്നും നിരവധി പേർ ചോദിക്കുന്നു. അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മെഡിക്കൽ ഡോക്ടറും ആരോഗ്യ-ജീവിതശൈലി പരിശീലകയുമായ ഡോ. നന്ദിത അയ്യർ. തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇക്കാലത്ത് ഇത് കൂടുതലായി കാണപ്പെടാൻ കാരണം ഈർപ്പമുള്ള കാലാവസ്ഥയാണ്. താപനില മാറുന്നതനുസരിച്ച് ഉള്ളിയില്‍ പൂപ്പല്‍ ഉണ്ടാവാറുണ്ട്. മണ്ണില്‍ കാണപ്പെടുന്ന ഒരു സാധാരണ ഫംഗസായ ആസ്പര്‍ജില്ലസ് നൈജര്‍ എന്ന കറുത്ത പൂപ്പലാണ് ഇതിന് കാരണം. വിളവെടുത്ത ഉള്ളി ഈർപ്പമുള്ള, ചൂടുള്ള, വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ സൂക്ഷിക്കുമ്പോഴാണ് ഈ ഫംഗസ് വളരുന്നത്. ഉള്ളിയുടെ പുറംതൊലിക്ക് കേടുപാടുകൾ ഉണ്ടായാൽ ഫംഗസ് എളുപ്പത്തിൽ ഉള്ളിയിലേക്ക് പ്രവേശിക്കും. ഈ പൂപ്പൽ സാധാരണയായി ഉള്ളിയുടെ ഉണങ്ങിയ പുറംതൊലിക്കും ഉള്ളിലെ ആദ്യത്തെ മാംസളമായ പാളിക്കും ഇടയിലായാണ് കാണപ്പെടുന്നത്. പൂർണ്ണമായും അടച്ച കണ്ടെയ്‌നറുകളിൽ ഉള്ളി സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് ഈർപ്പം കെട്ടിനിൽക്കാൻ കാരണമാവുകയും പൂപ്പൽ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് ഡോക്ടർ പറയുന്നു
ഇത്തരം കറുത്ത പൂപ്പലിന് വിഷാംശം ഉണ്ടെങ്കിലും അത്ര അപകടകാരിയല്ല. മിക്ക ആരോഗ്യവാന്മാരായ ആളുകൾക്കും (മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്), ചെറിയ തോതിലുള്ള കറുത്ത പൂപ്പൽ ബാധിച്ച ഉള്ളി ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ ഉപയോഗിക്കാൻ സുരക്ഷിതമാണ്. എന്നാൽ ചിലർക്ക് ഇവ കഴിച്ചാല്‍ ഛര്‍ദ്ദി, ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം തുടങ്ങിയ അലര്‍ജിക്ക് കാരണമായേക്കാം. പൂപ്പൽ ഉള്ളിയുടെ മാംസളമായ ഉൾഭാഗത്തേക്ക് പടരുകയാണെങ്കിൽ അല്ലെങ്കിൽ ഉള്ളിക്ക് മൃദുവോ, നനവോ, ദുർഗന്ധമോ ഉണ്ടെങ്കിൽ അത് പൂർണ്ണമായും ഒഴിവാക്കണം

