സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും അവകാശികളെ കാത്തു കിടക്കുന്നത് 2133.72 കോടി രൂപ. 93,80, 27 അക്കൗണ്ടുകളിലായാണ് ഇത്ര തുകയുള്ളത്. എറണാകുളം ജില്ലയിലാണു ഏറ്റവുമധികം തുക കെട്ടിക്കിടക്കുന്നത്. 11.93 ലക്ഷം അക്കൗണ്ടുകളിലായി 307.69 കോടി. തിരുവനന്തപുരത്ത് 266.30 കോടിയും തൃശൂരിൽ 241.27 കോടിയും ഇത്തരത്തിലുണ്ട്. ഈ മൂന്നു ജില്ലകളിലും 10 ലക്ഷത്തിലേറെ അക്കൗണ്ടുകൾ നിഷ്ക്രിയമായുണ്ട്.
അവകാശികളില്ലാതെ 10 വർഷത്തിലേറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനായി 2023 ഏപ്രിലിൽ റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടൽ തുടങ്ങിയിരുന്നു. ഇതിന്റെ മൂന്നാം ഘട്ടമായി സംസ്ഥാനത്ത് 6 ജില്ലകളിലെ അവകാശികളെ കണ്ടെത്താൻ ലീഡ് ബാങ്ക് നവംബർ 3ന് ക്യാംപ് നടത്തും. മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്യാംപാണ് നവംബർ 3നു നടക്കുന്നത്.
ബാങ്ക് വെബ്സൈറ്റ് വഴിയോ ആർബിഐയുടെ ‘ഉദ്ഗം’ പോർട്ടൽ ( http://udgam.rbi.org.In ) വഴിയോ ഇതു പരിശോധിക്കാം. വിവിധ ബാങ്കുകളിലെ ഇത്തരം നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. കൃത്യമായ രേഖകൾ ഹാജരാക്കിയാൽ ഈ ആസ്തികൾ വീണ്ടെടുക്കാം
