ബാങ്ക് അക്കൗണ്ട്: നോമിനി വേണ്ടെങ്കിൽ എഴുതിനൽകണം; നവംബർ 1 മുതൽ മാറ്റങ്ങൾ ഇങ്ങനെ

 



ന്യൂഡൽഹി ∙ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ നോമിനിയെ വയ്ക്കാൻ താൽപര്യമില്ലെങ്കിൽ ഇക്കാര്യം ബാങ്കുകൾ എഴുതിവാങ്ങണമെന്നു റിസർവ് ബാങ്ക് ഉത്തരവിട്ടു. രേഖാമൂലം നൽകാൻ വിസമ്മതിച്ചാൽ രേഖകളിൽ ഉദ്യോഗസ്ഥർ ഇക്കാര്യം സൂചിപ്പിക്കണം.


നവംബർ 1 മുതൽ ബാങ്ക് നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കുമുള്ള നോമിനികളുടെ എണ്ണം 4 വരെയാക്കുന്നതിന്റെ ഭാഗമായുള്ള ചട്ടത്തിലാണു വ്യവസ്ഥ. നോമിനിയെ വച്ചില്ലെന്ന കാരണത്താൽ അക്കൗണ്ട് തുറക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ആർബിഐ വ്യക്തമാക്കി.


ഒരു അക്കൗണ്ടിന് ഒന്നിലേറെ ഉടമകളുണ്ടെങ്കിൽ എല്ലാവരുടെയും അനുമതിയോടെ മാത്രമേ നോമിനികളെ മാറ്റാനോ റദ്ദാക്കാനോ കഴിയൂ എന്നും കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനം ചെയ്ത ബാങ്കിങ് കമ്പനീസ് (ഭേദഗതി) ചട്ടത്തിൽ പറയുന്നു. 4 നോമിനിക്കുമായി അവകാശം വീതിച്ചുകൊടുക്കുകയോ ക്രമമനുസസരിച്ച് അവകാശം നൽകുകയോ ചെയ്യാം. ലോക്കറാണെങ്കിൽ ക്രമമനുസരിച്ചു മാത്രമാണ് അവകാശം.