ഗോള്‍ഡ് ലോണ്‍: പലിശ അടച്ച് പുതുക്കാന്‍ കഴിയില്ല ഇനിയുള്ള മാറ്റങ്ങൾ

 



സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് പുതുക്കി. ഉപഭോക്താക്കളുടെ സംരക്ഷണം, വായ്പാ പ്രകൃയയിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. രണ്ട് ഘട്ടമായാണ് വ്യവസ്ഥകള്‍ പ്രാബല്യത്തിലാകുക. അതില്‍ ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാകും


വലിയ തുകയുടെ വായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വായ്പാ അനുപാതം(എല്‍ടിവി) തരംതിരിച്ചിട്ടുണ്ട്. ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥകള്‍ കര്‍ശനമാക്കുകയും ചെയ്തു. വായ്പ അടച്ചുതീര്‍ത്താല്‍ പണയ സ്വര്‍ണം ഉടനെ തിരികെ നല്‍കാനും വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കുന്നതിനും വ്യവസ്ഥയുണ്ട്. വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടകള്‍ എന്നിവ സുതാര്യമാക്കുകയും വേണം. ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയില്‍ എല്ലാ വിവരങ്ങളും നല്‍കണമെന്നും ആര്‍ബിഐ നിര്‍ദേശിക്കുന്നു.

2026 ഏപ്രില്‍ ഒന്നു മുതലുള്ള മാറ്റങ്ങള്‍:

സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനംവരെ 2.50 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കായി അനുവദിക്കാം. 2.50 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണെങ്കില്‍ മൂല്യത്തില്‍ പരിധി 80 ശതമാനമായിരിക്കും. അതിന് മുകളിലാണ് വായ്പയെങ്കില്‍ 75 ശതമാനവുമായി നിശ്ചിയിച്ചിടുണ്ട് 





ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥ കര്‍ശനമാക്കി. മുതലും പലിശയും 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം.

പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി നിര്‍ത്തലാക്കി. വായ്പാ തിരിച്ചടിവില്‍ അച്ചടക്കം കൊണ്ടുവരികയാണ് ലക്ഷ്യം.

വായ്പ മുഴുവനും തിരിച്ചടച്ചാല്‍ പണയം വെച്ച സ്വര്‍ണം അന്നുതന്നെ അല്ലെങ്കില്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ നല്‍കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപവീതം പിഴ നല്‍കേണ്ടിവരും.


വായ്പാ കരാര്‍: ഈട്, സ്വര്‍ണത്തിന്റെ മൂല്യനിര്‍ണയ രീതി, ലേല വ്യവസ്ഥ, സമയക്രമം, സ്വര്‍ണം തിരികെ നല്‍കുന്നതിനുള്ള സമയപരിധി എന്നിവ വായ്പാ കരാറില്‍ വ്യക്തമായി രേഖപ്പെടുത്തണം.

മൂല്യനിര്‍ണയം: 30 ദിവസത്തെ ശരാശരി വിലയോ തലേദിവസത്തെ വിലയോ (IBJA അല്ലെങ്കില്‍ SEBI എക്‌സ്‌ചേഞ്ച് നിരക്കുകള്‍ പ്രകാരം) ഏതാണ് കുറവ് അത് അനുസരിച്ചായിരിക്കും മൂല്യം നിശ്ചയിക്കുക. സ്വര്‍ണത്തിന്റെ തനത് മൂല്യം മാത്രമേ വായ്പക്കായി പരിഗണിക്കൂ. കല്ലുകള്‍, രത്‌നം, പണിക്കൂലി എന്നിവ ഒഴിവാക്കും.

ലേല നടപടികള്‍: പണയ സ്വര്‍ണം ലേലം ചെയ്യുന്നതിന് മുമ്പ് വായ്പയെടുത്തയാള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കണം. ലേലത്തിനുള്ള മിനിമം തുക വിപണി മൂല്യത്തിന്റെ 90 ശതമാനമായി നിശ്ചയിക്കണം. രണ്ട് ലേലങ്ങള്‍ പരാജയപ്പെട്ടാല്‍ വില 85 ശതമാനമായി കുറയ്ക്കാം. ലേലത്തില്‍നിന്ന് ലഭിക്കുന്ന അധിക തുക ഏഴ് ദിവസത്തിനുള്ളില്‍ വായ്പയെടുത്തയാള്‍ക്ക് തിരികെ നല്‍കണം.

പ്രാദേശിക ഭാഷ: വായ്പയുടെ എല്ലാ നിബന്ധനകളും സ്വര്‍ണത്തിന്റെ മൂല്യനിര്‍ണയ വിശദാംശങ്ങളും വായ്പയെടുത്തയാള്‍ ആവശ്യപ്പെടുന്ന ഭാഷയിലായിരിക്കണം. നിരക്ഷരരായ വായ്പക്കാര്‍ക്ക് സ്വതന്ത്ര സാക്ഷിയുടെ മുന്നില്‍വെച്ച് നിബന്ധനകള്‍ വിശദീകരിച്ച് നല്‍കണം.

2025 ഒക്ടോബര്‍ ഒന്നു മുതലുള്ള മാറ്റങ്ങള്‍: 

 സ്വര്‍ണം വാങ്ങുന്നതിന് വായ്പയില്ല:ആഭരണങ്ങള്‍, കോയിന്‍, ഇടിഎഫ് എന്നിവ ഉള്‍പ്പടെ ഏത് രൂപത്തിലുള്ള സ്വര്‍ണം വാങ്ങുന്നതിനും ഇനി വായ്പ ലഭിക്കില്ല.

ശുദ്ധീകരിക്കാത്ത സ്വര്‍ണം:അസംസ്‌കൃത രൂപത്തിലുള്ള സ്വര്‍ണത്തിനോ വെള്ളിക്കോ വായ്പ നല്‍കാനാവില്ല.

മൂലധന വായ്പ: സ്വര്‍ണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ നിര്‍മാതാക്കള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. മുമ്പ് ഇത് ജുവല്ലറികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

സഹകരണ ബാങ്കുകള്‍: ചെറു പട്ടണങ്ങളിലെ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും സ്വര്‍ണ വായ്പ നല്‍കാന്‍ അനുമതി.

തിരിച്ചടവ് കാലാവധി: സ്വര്‍ണ ലോഹ വായ്പയുടെ (ജിഎംഎല്‍) തിരിച്ചടവ് കാലാവധി 270 ദിവസം വരെയാകാം. പുറംകരാര്‍ അടിസ്ഥാനത്തില്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

ആഭരണ നിര്‍മാതാക്കള്‍ക്ക് നല്‍കുന്ന വായ്പാ സംവിധാനമാണ് ഗോള്‍ഡ് മെറ്റല്‍ ലോണ്‍. പണത്തിന് പകരം സ്വര്‍ണം മൂലധനമായി നല്‍കുന്നു. കടമെടുത്ത സ്വര്‍ണം ഉപയോഗിച്ച് ആഭരണം നിര്‍മിക്കുകയും വില്പനയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് വായ്പ തിരിച്ചടക്കുകയും ചെയ്യുന്നതാണ് രീതി.

ഗോള്‍ഡ് മെറ്റല്‍ ലോണ്‍ (GML) സ്‌കീം: കരട് രൂപരേഖ

ആഭരണ നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് 1998-ല്‍ ആരംഭിച്ച ഗോള്‍ഡ് മെറ്റല്‍ ലോണ്‍ പദ്ധതിയുടെ പരിഷ്‌കരിച്ച കരട് രൂപരേഖ ആര്‍ബിഐ പുറത്തിറക്കി. ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമുമായി ബന്ധമുള്ള പദ്ധതിയുടെ പുതുക്കിയ കരട്, കൂടുതല്‍ സുതാര്യത കൊണ്ടുവരാനും ജ്വല്ലറികള്‍ക്ക് വായ്പ എളുപ്പത്തില്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.