ജിഎസ്ടി നിരക്കിലെ മാറ്റം; കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 7 സീറ്റ് വാഹനങ്ങൾ ഏതൊക്കെ?




 എല്ലാക്കാലത്തും ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വിഭാഗമാണ് എംപിവികൾ. വിപണിയിൽ എസ്‌യുവികളുടെ കുതിപ്പിനിടയിലും എംപിവികള്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മൂന്നു നിരകളിലായി ഏഴു സീറ്റുകളുള്ള വാഹനങ്ങള്‍ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്.  ജിഎസ്‍ടി നിരക്കിൽ കുറവ് വന്നതോടെ ഈ വാഹനങ്ങളുടേയും വിലയിൽ മാറ്റം വന്നിട്ടുണ്ട്. കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 7 സീറ്റ് വാഹനങ്ങൾ ഏതൊക്കെ പരിചയപ്പെടാം



റെനോ ട്രൈബർ - 5.76 ലക്ഷം രൂപ മുതൽ 8.59 ലക്ഷം വരെ


ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ സെവന്‍ സീറ്ററാണ് റെനോ ട്രൈബര്‍. ഏഴു പേര്‍ക്കു സഞ്ചരിക്കാവുന്ന ബജറ്റ് വാഹനത്തിനുള്ള ഉത്തരമാണിത്. 5.76 ലക്ഷം രൂപ മുതല്‍ ട്രൈബര്‍ ലഭ്യമാണ്. ഈ ഫ്രഞ്ച് വാഹനം ഏഴ് മോഡലുകളിൽ ലഭ്യമാണ്. 1.0 ലീറ്റര്‍ എന്‍എ പെട്രോള്‍ എന്‍ജിന് 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.



മഹീന്ദ്ര ബൊലേറോ - 7.99 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെ


മഹീന്ദ്രയുടെ ജനപ്രിയ എംപിവി ബൊലേറോയുടെ ഏറ്റവും പുതിയ മോഡൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.  17.8 സെന്റീമീറ്റർ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾ, യുഎസ്ബി സി ടൈപ്പ് ചാർജിങ് പോർട്ട് തുടങ്ങി നിരവധി ഫീച്ചറുകൾ വാഹനത്തിലുണ്ട്. 76 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനാണ് പുതിയ മോഡലിൽ. 5 സ്പീഡ് മാനുവൽ ഗിയർബോക്സും




മഹീന്ദ്ര ബൊലേറോ നിയോ– 8.49 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെ


ബൊലേറോയുടെ പ്രീമിയം മോഡലാണ് നിയോയുടെ പുതിയ മോഡലും അടുത്തിടെ മഹീന്ദ്ര പുറത്തിറക്കി. മാറ്റങ്ങളുമായി എത്തിയ നിയോയിൽ കൂടുതൽ പ്രീമിയം ഫീച്ചറുകളുണ്ട്. വെർട്ടിക്കൽ സ്ലാട്ടുകളുള്ള ഗ്രിൽ, 16 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകൾ നിയോയിലുണ്ട്. 100 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റർ, മൂന്ന് സിലിണ്ടർ എംഹോക്ക് 100 ഡീസൽ എൻജിനാണ് വാഹനത്തിന്. ‌വില 8.49 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെ




മാരുതി സുസുക്കി എര്‍ട്ടിഗ – 8.80 ലക്ഷം രൂപ മുതല്‍ 12.94 ലക്ഷം രൂപ വരെ


മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനങ്ങളിലൊന്നാണ് എര്‍ട്ടിഗ. കുറഞ്ഞ വിലയും പരമാവധി സൗകര്യങ്ങളും തേടുന്നവരുടെ മികച്ച തിരഞ്ഞെടുപ്പുകളിലൊന്ന്. പല വര്‍ഷങ്ങളിലായി മുഖം മിനുക്കിയെത്തിയ എര്‍ട്ടിഗയുടെ പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ ലഭ്യമാണ്. വില ആരംഭിക്കുന്നത് 8.80 ലക്ഷം മുതല്‍ 12.94 ലക്ഷം രൂപ വരെ



ടൊയോട്ട റൂമിയോൺ– വില 10.44 ലക്ഷം രൂപ മുതൽ 13.61 ലക്ഷം രൂപ വരെ


എർട്ടിഗയുടെ ബ്രാൻഡ് എൻജിനീയേറിങ് മോഡലാണ് റൂമിയോൺ. 1.5 ലീറ്റർ പെട്രോൾ എൻജിനോടെ ലഭിക്കുന്ന റൂമിയോൺ ഓട്ടമാറ്റിക്, മാനുവൽ ഗിയർബോക്സുകളിൽ ലഭിക്കും. വില 10.44 ലക്ഷം രൂപ മുതൽ 13.61 ലക്ഷം രൂപ വരെ




കിയ കാരന്‍സ്


ഇന്ത്യയില്‍ കിയ 2022ല്‍ ഇറക്കിയ എംപിവിയാണ് കാരന്‍സ്. ആധുനിക സൗകര്യങ്ങളും രൂപകല്‍പനയും ചേര്‍ന്ന വാഹനം. മാരുതിയുടെ എര്‍ട്ടിഗക്കും എക്‌സ്എല്‍6നുമുള്ള കിയയുടെ മറുപടി. ആര്‍വി(റീക്രിയേഷണല്‍ വെഹിക്കിള്‍) എന്നാണ് കിയ കാരന്‍സിനെ കമ്പനി വിശേഷിപ്പിക്കുന്നത്. ഏഴു മോഡലുളിലായി ഇറങ്ങുന്ന കാരന്‍സിന്റെ വില തുടങ്ങുന്നത് 10.99 ലക്ഷം രൂപ മുതല്‍ 12.77 ലക്ഷം രൂപ വരെ