അഡ്വഞ്ചർ സ്പോർട്സ്:റോയൽ എൻഫീൽഡിന്റെ 750 സിസി ഹിമാലയൻ ഉടൻ

 


ഹിമാലയന്റെ 750 സിസി മോഡലിന്റെ പണിപ്പുരയിലാണ് റോ‍യൽ എൻഫീൽഡ് എന്നത് പരസ്യമായ രഹസ്യമാണ്. റോയൽ എൻഫീല്‍ഡിന്റെ ഏറ്റവും വലിയ എൻജിനുമായി ബൈക്കിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ ഇതിനകം തന്നെ പുറത്തു വന്നുകഴിഞ്ഞു. 


അഡ്വഞ്ചർ സ്പോർട്സ് സെഗ്‌മെന്റിൽ പുറത്തിറങ്ങുന്ന ബൈക്കിന്റെ ആദ്യ പ്രദർശനം നവംബർ 6 മുതൽ 9 വരെ നടക്കുന്ന ഇഐസിഎംഎയിൽ നടക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന ഇസിഎംഎയിൽ വച്ചാണ് ബെയർ 650, ക്ലാസിക് 650, ഫ്ലൈയിങ് ഫ്ലീ സി6 എന്നീ മോഡലുകളെ റോയൽ എൻഫീൽഡ് പ്രദർശിപ്പിച്ചത്


അഡ്വഞ്ചർ സ്പോർട്സ് സെഗ്‌മെന്റിലേക്ക് എത്തുന്ന വാഹനത്തിന് നിലവിലെ ഹിമാലയനുമായി സാമ്യം പ്രതീക്ഷിക്കാമെങ്കിലും പുതുമയുള്ള ഡിസൈനായിരിക്കും. വലിയ എൻജിനോടൊപ്പം കാര്യക്ഷമത കൂടിയ ബ്രേക്കും വലിയ ടയറുകളും പ്രതീക്ഷിക്കാം. ഹൈമൗണ്ടഡ് എക്സ്ഹോസ്റ്റാണ് പുതിയ മോഡലിൽ. നിലവിലെ 650 സിസി എൻജിനിൽ നിന്ന് വികസിപ്പിക്കുന്ന എൻജിനായിരിക്കും 750 സിസി. 55–60 എച്ച്പി വരെ കരുത്ത് പുതിയ വാഹനത്തിന് പ്രതീക്ഷിക്കാം.