ബ്രെയ്ക്ക്ഫാസ്റ്റിന് ദിവസേന ബ്രെഡ്ഡ് ഓംലെറ്റ് കഴിക്കുന്നത് അത്ര സുരക്ഷിതമാണോ?

 


ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഊർജം അടങ്ങിയ ഭക്ഷണം വേണം രാവിലെ കഴിക്കാൻ. ശ്രദ്ധ കേന്ദ്രീകരിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നതാകണം അത്. നിരവധി ഭക്ഷണങ്ങൾ പ്രാതൽ ആയി കഴിക്കുമെങ്കിലും ഏറ്റവും പ്രചാരം നേടിയ ഒന്നാണ് ബ്രെഡും ഓംലറ്റും. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുമെന്നതിനാലും  വിശപ്പകറ്റും എന്നതുകൊണ്ടും ഇത് മീക്ക വീടുകളിലെയും ഭക്ഷണമാണ്. എന്നാൽ എല്ലാ ദിവസവും കഴിക്കാൻ സുരക്ഷിതവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമാണോ ഇത്? ദിവസവും ബ്രെഡും ഓംലറ്റും കഴിക്കുന്നത് നല്ലതാണോ? അറിയാം. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓംലറ്റ്. ആരോഗ്യകരമായ കൊഴുപ്പുകളും വൈറ്റമിൻ ബി 12, വൈറ്റമിൻ ഡി എന്നിവയും ഇതിലുണ്ട്.

ബ്രെഡിനൊപ്പം ചേരുമ്പോൾ ഊർജത്തിനായി കാർബോ ഹൈഡ്രേറ്റും ലഭിക്കുന്നു. ബ്രെഡും ഓംലറ്റും ചേരുമ്പോൾ മാക്രോന്യൂട്രിയന്റുകൾ, പ്രോട്ടീൻ, കാർബ്സ്, കൊഴുപ്പ് തുടങ്ങി ഒരു ദിവസം തുടങ്ങാൻ ശരീരത്തിനാവശ്യമായതെല്ലാം ലഭിക്കുന്നു. എന്നാൽ ആരോഗ്യപരമായി ചിന്തിച്ചാൽ ഏതു തരത്തിലുള്ള ബ്രെഡ് ആണ് എടുക്കുന്നത് എന്നതും ഓംലറ്റ് എങ്ങനെ പാചകം െചയ്യുന്നു എന്നതും പ്രധാനമാണ്. മുഴുധാന്യ (whole grain) ബ്രഡും മൾട്ടി ഗ്രെയ്ൻ ബ്രഡും നാരുകൾ ധാരാളം അടങ്ങിയതാണ്. ഇവ ദഹനത്തിനു സഹായിക്കുന്നതോടൊപ്പം ഏറെ നേരം വയർ നിറഞ്ഞ തോന്നലും ഉണ്ടാക്കുന്നു. എന്നാൽ വൈറ്റ് ബ്രെഡ് മൈദ കൊണ്ടുണ്ടാക്കിയതാണ്. ഇതിൽ നാരുകൾ ഇല്ല എന്നു മാത്രമല്ല വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും കാരണമാകും. അതുപോലെ വളരെ കൂടിയ അളവിൽ എണ്ണയും ബട്ടറും ചേർത്ത് ഓംലറ്റ് ഉണ്ടാക്കുന്നതും അനാരോഗ്യകരമാണ്


മുട്ട പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ്. രാവിലെ മുട്ട കഴിക്കുന്നത് പേശികളുടെ കേടുപാടുകൾ പരിഹരിക്കാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. മുട്ടയിലുള്ള അമിനോ ആസിഡുകൾ ചർമത്തിന്റെയും മുടിയുടെയും നഖങ്ങളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും

ബ്രെഡിനു പിന്നിൽ പ്രിസർവേറ്റീവുകൾ

ബ്രെഡ് കഴിക്കുന്നത് പെട്ടെന്ന് ഊർജമേകും. എങ്കിലും പായ്ക്കറ്റിൽ ലഭ്യമായ ബ്രെഡുകളിൽ പ്രിസർവേറ്റീവുകളും ആഡഡ് ഷുഗറും ഉയർന്ന അളവിൽ സോഡിയവും ഉണ്ട്. ഇവ ഷെൽഫ് ലൈഫ് കൂട്ടുമെങ്കിലും ശരീരത്തിന് അനാവശ്യമായ സ്ട്രെസ്സ് ഉണ്ടാക്കും. പതിവായി ഇത്തരത്തിലുള്ള ബ്രെഡ് ഉപയോഗിക്കുന്നത് വാട്ടർ റിറ്റൻഷൻ, ബ്ലോട്ടിങ്ങ് എന്നിവയ്ക്കും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകും. തവിടു കളയാത്ത ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് ഫ്രെഷ് ആയി ഉപയോഗിക്കുന്നതാണ് നല്ലത്


ശരിയായ സമയത്ത് മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ പ്രഭാതഭക്ഷണമായി ബ്രെഡ് ഓംലറ്റ് കഴിക്കുന്നതിൽ കുഴപ്പമില്ല. ഉണർന്നെണീറ്റ് രണ്ടു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നല്ലത്. ഇതോടൊപ്പം പച്ചച്ചീര, തക്കാളി തുടങ്ങിയവയും ചേർത്ത് ഓംലറ്റ് തയ്യാറാക്കുന്നത് പോഷകഗുണങ്ങൾ വർധിപ്പിക്കും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. മുട്ടയും ബ്രെഡും ജലാംശം കുറഞ്ഞ ഭക്ഷണങ്ങളാണ്. രാവിലെ ഇതു കഴിക്കും മുൻപ് എണീറ്റയുടൻ ഒരു ഗ്ലാസ് ചൂടുവെള്ളമോ നാരങ്ങാവെള്ളമോ കുടിക്കുന്നത് നല്ലതാണ്.


നല്ലതും ചീത്തയും

ബ്രെഡ് ഓംലറ്റും രാവിലെ പ്രഭാതഭക്ഷണമായി കഴിക്കുന്നതു ഊർജം നിലനിർത്താനും ഉച്ചയ്ക്കു മുൻപ് ഉള്ള സമയത്തുള്ള വിശപ്പ് കുറയ്ക്കാനും സഹായിക്കും. പ്രോട്ടീൻ ശരീരത്തിലെത്തുന്നതിനാൽ പേശികളുടെ ആരോഗ്യം മെച്ചപ്പെടും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാന്‍ പറ്റുന്ന ബ്രെഡും ഓംലറ്റും എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും



വൈറ്റ് ബ്രെഡ് കഴിക്കുന്നത് അമിത കാലറി ശരീരത്തിലെത്താൻ കാരണമാകും. പോഷകങ്ങൾ വളരെ കുറച്ചു മാത്രമേ ഇതിലുള്ളൂ. എണ്ണ, ചീസ്, ബട്ടർ ഇവ കൂടുതലായി ചേർത്താൽ ഭക്ഷണം െഹവി ആകും. പഴങ്ങളോ പച്ചക്കറികളോ ഉൾപ്പെടുത്താത്തതുകൊണ്ട് ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് പോഷകങ്ങളുടെ അഭാവവും വിരസതയും ഉണ്ടാക്കും. ദിവസവും ബ്രെഡ് ഓംലറ്റ് കഴിക്കാതെ ചില ദിവസങ്ങളിൽ ഓട്ട്മീലും നട്സും, അവലും പച്ചക്കറികളും, മില്ലറ്റ് ഉപ്പുമാവ് അങ്ങനെ വ്യത്യസ്ത തരം ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം.