ഫാറ്റി ലിവർ: ആറ് ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

 



ലളിതമായി പറഞ്ഞാല്‍ കരളില്‍ കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്ന രോഗമാണ്‌ ഫാറ്റി ലിവര്‍. അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ചയാപചയ തകരാറുകള്‍ എന്നിവ മൂലം ഇത്‌ ഉണ്ടാകാം. ലോകജനസംഖ്യയുടെ 25 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക്‌ നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ ഉണ്ട്‌. ഇന്ത്യയില്‍ 30 മുതല്‍ 40 ശതമാനം പേര്‍ക്കെന്ന കണക്കില്‍ ഈ രോഗമുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. ഇനി പറയുന്നവയാണ്‌ ഫാറ്റി ലിവറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍:


1. അമിതമായ ക്ഷീണം

നന്നായി വിശ്രമിച്ച ശേഷവും വിട്ടുമാറാതിരിക്കുന്ന കടുത്ത ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജത്തിന്റെ തോതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്‌. കരള്‍ നന്നായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ശരീരത്തിന്‌ പോഷണങ്ങള്‍ സംസ്‌ക്കരിക്കാനും വിഷവസ്‌തുക്കള്‍ ശരീരത്തില്‍ നിന്ന്‌ പുറന്തള്ളാനും കഴിയാതെ വരും. ഇതാണ്‌ ക്ഷീണത്തിലേക്ക്‌ നയിക്കുന്നത്‌


2. അടിവയറ്റിലെ കൊഴുപ്പ്‌

അമിതവണ്ണം ഇല്ലാത്തവരില്‍ പോലും അടിവയറ്റിലെ കൊഴുപ്പ്‌ അടിയല്‍ ഫാറ്റി ലിവര്‍ ലക്ഷണമായി കരുതാം. ഇന്‍സുലിന്‍ പ്രതിരോധത്തിനൊപ്പമാണ്‌ ഈ ലക്ഷണവും പൊതുവേ കാണപ്പെടുക. ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരവും ഈ കൊഴുപ്പടിയലും നിയന്ത്രിക്കേണ്ടത്‌ അത്യാവശ്യമാണ്‌.


3. ചര്‍മ്മത്തിന്‌ കറുപ്പ്‌

കഴുത്തിന്റെ മടക്കിലും കക്ഷങ്ങളിലുമൊക്കെ ചര്‍മ്മം ഇരുണ്ട നിറത്തിലേക്ക്‌ മാറുന്നത്‌ അകാന്തോസിസ്‌ നിഗ്രിക്കന്‍സ്‌ എന്ന അവസ്ഥ മൂലമാണ്‌. ഇത്‌ നോണ്‍ ആല്‍ക്കളോഹിക്‌ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാണ്‌

4. ഉയര്‍ന്ന ട്രൈഗ്ലിസറൈഡ്‌ തോത്‌

സാധാരണ രക്ത പരിശോധനയില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുന്നതാണ്‌ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ്‌ തോത്‌. ഫാറ്റി ലിവര്‍ രോഗത്തിന്റെയും ചയാപചയ പ്രശ്‌നങ്ങളുടെയും അടയാളമാണ്‌ ഇത്‌. നിരന്തരമായ പരിശോധനകളിലൂടെ ട്രൈഗ്ലിസറൈഡിന്റെയും കൊളസ്‌ട്രോളിന്റെയും തോത്‌ മനസ്സിലാക്കുന്നത്‌ ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങള്‍ പുരോഗമിക്കാതിരിക്കാന്‍ സഹായിക്കും.

5. അകാരണമായ ഭാരവര്‍ധന

അകാരണമായി ഭാരം വര്‍ധിക്കുന്നതും എത്ര കഷ്ടപ്പെട്ട്‌ ഡയറ്റും വ്യായാമവുമൊക്കെ ചെയ്‌തിട്ടും ഭാരം കുറയാതിരിക്കുന്നതും ഫാറ്റി ലിവര്‍ ലക്ഷണമാണ്‌. കൊഴുപ്പ്‌ വിഘടിപ്പിക്കാനും ഹോര്‍മോണുകളെ നിയന്ത്രിക്കാനുമുള്ള കരളിന്റെ ശേഷി നഷ്ടപ്പെടുമ്പോഴാണ്‌ ഭാരം കുറയ്‌ക്കല്‍ ബാലികേറാ മലയാകുന്നത്‌

. ലിവര്‍ എന്‍സൈമുകളുടെ തോത്‌

ലാബ്‌ പരിശോധനകളില്‍ എഎല്‍ടി, എഎസ്‌ടി തോതുകള്‍ ഉയര്‍ന്നിരിക്കുന്നതും ഫാറ്റി ലിവര്‍ സൂചനയാണ്‌. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ പരിശോധനകള്‍ നടത്തി ഫാറ്റി ലിവര്‍ സാധ്യത ഉറപ്പിക്കേണ്ടതാണ്‌. എയറോബിക്‌ വ്യായാമങ്ങളും സ്‌ട്രെങ്‌ത്‌ വ്യായാമങ്ങളും ഫാറ്റി ലിവറിനെ കുറയ്‌ക്കാന്‍ സഹായിക്കും. ആഴ്‌ചയില്‍ കുറഞ്ഞത്‌ 150 മുതല്‍ 240 മിനിട്ട്‌ വരെ വേഗത്തിലുള്ള നടത്തം, ഓട്ടം, സൈക്ലിങ്‌, നീന്തല്‍ പോലുള്ള എയറോബിക്‌ വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്‌


ഇതിനൊപ്പം വെയ്‌റ്റുകളും റെസിസ്റ്റന്‍സ്‌ ബാന്‍ഡുകളും ശരീരഭാരവും ഉപയോഗിച്ചുള്ള സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്ങുകള്‍ ആഴ്‌ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത്‌ പേശികള്‍ വളരാനും കൊഴുപ്പ്‌ കുറയാനും സഹായിക്കും. പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്‌ എന്നിവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണവും പിന്തുടരാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. പഞ്ചസാര, റിഫൈന്‍ ചെയ്‌ത കാര്‍ബോഹൈഡ്രേറ്റുകള്‍, മദ്യം എന്നിവ ഒഴിവാക്കാനും ശ്രമിക്കണം. ശരീരഭാരം ഏഴ്‌ മുതല്‍ 10 ശതമാനം വരെ കുറയ്‌ക്കുന്നതും ഫാറ്റി ലിവര്‍ നിയന്ത്രണത്തില്‍ സഹായിക്കും