കേരളത്തിലും സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (Special Intensive Revision (SIR) നടപ്പാക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും ഇത് ബാധകമാകില്ല. മറിച്ച്, വരാനിരിക്കുന്ന നിയമസഭ– ലോക്സഭാ തിരഞ്ഞെടുപ്പുകളിലേക്കു മാത്രമാണ് എസ്ഐആർ ബാധകം. ഇതുൾപ്പെടെ എസ്ഐആർ സംബന്ധിച്ച് ഒട്ടേറെ വിശദീകരണങ്ങൾ കമ്മിഷൻ നൽകിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കുള്ള സംശയങ്ങൾ തീരുന്നതേയില്ല. വീട് അടച്ചിട്ടുപോയവരും സംസ്ഥാനത്തിനു പുറത്തുള്ളവരുമൊക്കെ എങ്ങനെ ഫോം പൂരിപ്പിച്ചു നൽകുമെന്നതാണ് പലരുടെയും സംശയം. ബൂത്ത് ലെവൽ ഏജന്റുമാർ വീട്ടിലെത്തുമ്പോൾ പലരും വീട്ടിലുണ്ടാകണമെന്നില്ലല്ലോ. പ്രവാസികളടക്കമുള്ളവർക്കു വേണ്ടി ഓൺലൈൻ ഓപ്ഷൻ നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ആദ്യ ദിവസങ്ങളിൽ ഇത് ലഭ്യമായിരുന്നില്ല. ഒടുവിൽ നവംബർ ഏഴിന് അർധരാത്രിയോടെ ഓൺലൈൻ സംവിധാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിക്കഴിഞ്ഞു. താൽപര്യമുള്ളവർക്ക് ഓൺലൈനായും എസ്ഐആർ ഫോം എളുപ്പത്തിൽ പൂരിപ്പിച്ചു നൽകാൻ ഇതുവഴി കഴിയും. പ്രവാസികൾക്കുൾപ്പെടെ ഇത് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വിശദമായി നോക്കാം.
2025ലെ വോട്ടർപട്ടികയിൽ ഇടംപിടിച്ച എല്ലാവരും എസ്ഐആർ പ്രക്രിയയിൽ പങ്കാളികളാകേണ്ടതാണ്. വോട്ടർ ഐഡിയിലുള്ള വിലാസത്തിൽ നിങ്ങളിപ്പോഴില്ലെങ്കിൽ, ഒന്നുകിൽ വീട്ടിലെ മറ്റൊരു അംഗത്തിനു നിങ്ങളുടെ വിവരങ്ങൾ പേപ്പർ ഫോമിൽ പൂരിപ്പിച്ചു നൽകാം. അല്ലെങ്കിൽ വീട്ടിൽ ഇല്ലാത്ത വ്യക്തിക്ക് ഓൺലൈനായും ഫോം നൽകാം. ഓവർസീസ് വോട്ടർമാരായി റജിസ്റ്റർ ചെയ്തിരിക്കുന്ന പ്രവാസികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം
) നിലവിലെ വോട്ടർപട്ടികയിൽ നിങ്ങളുണ്ടോയെന്ന് നോക്കുക. നിലവിലെ പട്ടികയിലുള്ളവർക്ക് മാത്രമേ എസ്ഐആർ ഫോം ലഭിക്കൂ. electoralsearch.eci.gov.in എന്ന സൈറ്റ് ഇതിനായി ഉപയോഗിക്കാം. വോട്ടർ ഐഡി നമ്പർ (EPIC- Elector's Photo Identity Card Number), മൊബൈൽ നമ്പർ, മറ്റ് വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് തിരയാം
.2002ലെ പട്ടികയിൽ നിങ്ങളുടെ പേരോ നിങ്ങളുടെ കുടുംബാംഗങ്ങളുടെ പേരോ (അമ്മ, അച്ഛൻ, ഗ്രാൻഡ് ഫാദർ, ഗ്രാൻഡ് മദർ) ഉണ്ടോയെന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങൾ അധികരേഖകൾ നൽകേണ്ടതില്ല. ഇതിനായി ceo.kerala.gov.in/voter-search എന്ന വെബ്സൈറ്റിൽ തിരയാം. ജില്ല, നിയമസഭാ മണ്ഡലം, ബൂത്ത്, പേര് തുടങ്ങിയവ വച്ച് സേർച് ചെയ്യാം. സേർച് ചെയ്യുന്നതിന് ജില്ലയും നിയമസഭാ മണ്ഡലവും നിർബന്ധമാണ്. ബൂത്തിന്റെ പേരറിയില്ലെങ്കിലും സേർച് ചെയ്യാം.
voters.eci.gov.in വെബ്സൈറ്റിൽ വലതുവശത്ത് Special Intensive Revision (SIR) – 2026 എന്ന വിഭാഗം കാണാം. ഇതിൽ 'Fill Enumeration Form' തുറക്കുക. തുടർന്ന് ‘Indian Resident Elector’, ‘Indian Overseas Elector’ എന്നിങ്ങനെ 2 ഓപ്ഷനുകൾ കാണാം. സാധാരണ വോട്ടറാണെങ്കിൽ ‘Indian Resident Elector’ എടുക്കുക. പ്രവാസി വോട്ടറായി പ്രത്യേക റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ‘Indian Overseas Elector’ ഓപ്ഷനെടുക്കുക. നിങ്ങളുടെ ഫോൺ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകി ലോഗിൻ ചെയ്യുമ്പോൾ ഇത്തരമൊരു റെക്കോർഡ് ഇല്ലെന്ന് ചിലപ്പോൾ എഴുതിക്കാണിക്കാം. അങ്ങനെ കാണിച്ചാൽ മുകളിൽ വലതുവശത്തുള്ള ‘Sign-up’ എടുക്കുക. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ച് പുതിയൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ഈ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി വച്ച് ലോഗിൻ ചെയ്യുക. മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച വോട്ടർ ഐഡികളുള്ളവർക്ക് മാത്രമേ ഓൺലൈൻ എസ്ഐആർ ഫോം നൽകാൻ കഴിയൂ. ബന്ധിപ്പിക്കാത്തയാളാണെങ്കിൽ അതിനായി ഫോം 8 വഴി അപേക്ഷ നൽകണം.
∙ പ്രീഫിൽഡ് വിവരങ്ങൾ
ലോഗിൻ കഴിഞ്ഞാൽ നിങ്ങൾ ഹോം പേജിലെത്തും. വീണ്ടും 'Fill Enumeration Form' ഓപ്ഷനെടുക്കുക. സംസ്ഥാനം തിരഞ്ഞെടുത്ത് വോട്ടർ ഐഡി നമ്പർ നൽകുന്നതോടെ നിങ്ങളുടെ പേര്, ബൂത്ത്, സീരിയൽ നമ്പർ തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ കാണാം. പ്രിന്റഡ് ഫോമിന്റെ ഏറ്റവും മുകളിൽ പ്രിന്റ് ചെയ്തു വരുന്ന വിവരങ്ങളാണ് (പ്രീഫിൽഡ്) ഇവ. ഓൺലൈൻ അപേക്ഷയ്ക്ക് ആധാറിലെ പേരും വോട്ടർ ഐഡിയിലെ പേരും ഒന്നായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ബിഎൽഒ വഴി ഫോം നേരിട്ട് നൽകണം. ബിഎൽഒയുടെ നമ്പറും പേരും എഴുതിക്കാണിക്കും.
താഴെ മൊബൈൽ നമ്പർ നൽകി ഒടിപിയും കൊടുക്കുന്നതോടെ നിങ്ങളുടെ പേരും ചിത്രവുമുള്ള എന്യൂമറേഷൻ ഫോം ലഭിക്കും. ചിലപ്പോൾ നിങ്ങൾ ഐഡി കാർഡ് എടുത്ത കാലത്ത് നിങ്ങളുടെ നമ്പറിലായിരിക്കില്ല ഇതു ബന്ധിപ്പിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കിൽ ‘The mobile number is not linked with EPIC Number : *********. Linked Mobile number is: XXXXXXXXXX എന്ന മെസേജ് കാണാം. ഇതിൽ ബന്ധിപ്പിച്ച മൊബൈൽ നമ്പറിന്റെ അവസാന നാലക്കം കാണാം. വോട്ടർ ഐഡിയെടുക്കുമ്പോൾ നിങ്ങൾ കുട്ടിയായിരുന്നെങ്കിൽ ചിലപ്പോൾ മാതാപിതാക്കളുടെ നമ്പറാകാം ബന്ധിപ്പിച്ചിട്ടുണ്ടാവുക.
∙ എന്യൂമറേഷൻ ഫോം
ഒടിപി നൽകുന്നതോടെ എന്യൂമറേഷൻ ഫോം കാണാം. ‘Select one category’ എന്നതിൽ അനുയോജ്യമായത് തിരഞ്ഞെടുക്കുക. നിങ്ങളുടെ പേര് 2002ലെ പട്ടികയിലുണ്ടെങ്കിൽ ‘My name exists in Electoral Roll of last SIR’ എന്നു നൽകുക. ഇനി നിങ്ങളല്ല, നിങ്ങളുടെ ബന്ധുക്കൾ (അച്ഛൻ, അമ്മ, ഗ്രാൻഡ് ഫാദർ, ഗ്രാൻഡ് മദർ) 2002ലെ പട്ടികയിലുണ്ടെങ്കിൽ ‘My parents name exists in the electoral roll of last SIR’ തിരഞ്ഞെടുക്കു. ഇതു രണ്ടുമില്ലെങ്കിൽ ‘Neither my name nor my parents name exists in the electoral roll of last SIR’ എന്ന ഓപ്ഷനെടുക്കുക.
ഓപ്ഷൻ 1
2002ലെ പട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ, അന്നത്തെ വിവരങ്ങൾ സേർച് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. സംസ്ഥാനം, നിയമസഭാ മണ്ഡലം, പോളിങ് ബൂത്ത്, പാർട്ട് സീരിയൽ നമ്പർ എന്നിവ നൽകാം. ആദ്യം തന്നെ 2002ലെ പട്ടികയിൽ നിങ്ങളുടെ വിവരങ്ങൾ എടുത്തുവച്ചാൽ സേർച്ചിങ് കൂടുതൽ എളുപ്പമാകും. സേർച് ബട്ടൻ ക്ലിക് ചെയ്താൽ നിങ്ങളുടെ പേരും വിവരവും ദൃശ്യമാകും. ഇത് കൺഫേം ചെയ്തു മുന്നോട്ടു പോകാം. 38 വയസ്സിൽ താഴെയുള്ളവർക്ക് ഈ ഓപ്ഷനെടുക്കാൻ കഴിയില്ല. കാരണം അവർ 2002ലെ പട്ടികയിലുണ്ടാകില്ല.
∙ ഓപ്ഷൻ 2
2002ലെ പട്ടികയിൽ നിങ്ങളുടെ ബന്ധുക്കളുണ്ടെങ്കിൽ സംസ്ഥാനം, മണ്ഡലം, ബൂത്ത്, പാർട്ട് സീരിയൽ നമ്പർ, ബന്ധം എന്നിവ നൽകിയ സേർച് ചെയ്യാം. ബന്ധുവിന്റെ പേര് താഴെ ദൃശ്യമാകും. തുടർന്ന് ‘My relative's name exist in electoral roll of Kerala in 2002 as per the above details.’ എന്ന ബോക്സ് ടിക്ക് ചെയ്ത് ‘Continue’ നൽകുക
2002ലെ പട്ടികയിൽ നിങ്ങളുടെയോ നിങ്ങളുടെ കുടുംബാംഗങ്ങളുടെയോ പേരില്ലെങ്കിൽ ഈ ഓപ്ഷൻ നൽകി മുന്നോട്ടുപോകാം.
∙ ഫോം പൂരിപ്പിക്കൽ
ഇത്രയും കഴിയുമ്പോൾ എന്യൂമറേഷൻ ഫോമിന്റെ പൂർണരൂപം കാണാം. ഏറ്റവും മുകളിൽ നിങ്ങളുടെ പേരടക്കമുള്ള Prefilled Information കാണാം. താഴെ Personal Details വിഭാഗത്തിൽ ജനനത്തീയതി, ആധാർ (ആവശ്യമെങ്കിൽ) അച്ഛന്റെ പേര്, അമ്മയുടെ പേര്, ജീവിതപങ്കാളിയുടെ പേര്, ഇവരുടെ വോട്ടർ ഐഡി നമ്പറുകൾ (ആവശ്യമെങ്കിൽ) എന്നിവ നൽകുക. വോട്ടർ പട്ടികയിലെ നിങ്ങളുടെ ചിത്രം മാറ്റണമെങ്കിൽ ‘Upload photo’ എന്നയിടത്ത് പുതിയ ഫോട്ടോ അപ്‍ലോഡ് ചെയ്യാം. 2 എംബിയാണ് ഫോട്ടോയ്ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വലുപ്പം (Size).
ഇതിനു താഴെ 2 വിഭാഗമായി ഇടതുവശത്തും വലതുവശത്തും വിവരങ്ങൾ കാണാം. 2002ലെ പട്ടികയിലുള്ള വ്യക്തിയെങ്കിൽ അതിന്റെ വിവരങ്ങൾ ഇടതുവശത്തും 2002ലെ പട്ടികയിൽ നിങ്ങളുടെ ബന്ധുക്കളാണുള്ളതെങ്കിൽ വലതുവശത്തും കാണാം. ഇത്രയും കഴിഞ്ഞാൽ പ്രിവ്യു നോക്കി തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തുക. തുടർന്ന് ‘I hereby declare that the above mentioned information is true to the best of my knowledge.’ ടിക് ചെയ്ത് ഫോം സബ്മിറ്റ് ചെയ്യാം. ബിഎൽഒ നിങ്ങളുടെ വീട്ടിലെത്തുകയോ ബന്ധപ്പെടുകയോ ചെയ്താൽ ഓൺലൈനായി ഫോം നൽകിയ കാര്യം അവരെ അറിയിക്കാം
മൊബൈൽ നമ്പർ ബന്ധിപ്പിക്കാൻ
മൊബൈൽ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ‘ഫോം 8’ ഉപയോഗിച്ചാണ് ബന്ധിപ്പിക്കേണ്ടത്. voters.eci.gov.in എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് ‘Correction Of Entries–Fill Form 8 to get EPIC with updated or replacement or marking of PwD’ എന്ന ഓപ്ഷനെടുക്കുക. മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ട വോട്ടർ ഐഡി നമ്പർ തിരഞ്ഞെടുക്കുക. Application for Correction of Entries in Existing Electoral Roll എന്ന വിഭാഗത്തിൽ മൊബൈൽ നമ്പർ ടിക്ക് ചെയ്ത് ഫോൺ നമ്പർ ആഡ് ചെയ്യുക. തുടർന്ന് അപേക്ഷ സബ്മിറ്റ് ചെയ്യുക
.jpeg)