ഇനിയും ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് ജനുവരി ഒന്നൊടു കൂടി അസാധുവാകും





ഓരോ ഇന്ത്യൻ പൗരനും അനിവാര്യമായ സർക്കാർ രേഖകളിൽ ഒന്നായി മാറിയിരിക്കുന്നു പെർമനന്റ് അക്കൗണ്ട് നമ്പർ കാർഡ്(പാൻ കാർഡ്). നികുതി ഫയൽ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുറക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും ഒക്കെ പാൻ കാർഡ് നിർബന്ധമാണ്. പാൻ കാർഡ് കൈവശമുള്ളവർ ഒറ്റക്കാര്യം നിർബന്ധമായും ശ്രദ്ധിക്കണം. 2026 ജനുവരി ഒന്നിനു മുമ്പായി നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും. നികുതി വെട്ടിപ്പ് തടയാനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടാനുമാണ് ഇന്ത്യൻ സർക്കാർ പാൻ-ആധാർ കാർഡ് ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കിയിരിക്കുന്നത്.


അതെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

അവസാന തീയതിക്കുള്ളിൽ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും.


നിങ്ങൾക്ക് ആദായ നികുതി റിട്ടേണുകൾ (ഐ.ടി.ആർ) ഫയൽ ചെയ്യാൻ കഴിയില്ല.


പാൻ ആവശ്യമുള്ള സാമ്പത്തിക ഇടപാടുകൾ (മ്യൂച്വൽ ഫണ്ടുകൾ, ബാങ്ക് നിക്ഷേപങ്ങൾ അല്ലെങ്കിൽ സ്വത്ത് ഇടപാടുകൾ പോലുള്ളവ) തടയപ്പെടും. ചിലപ്പോൾ പിഴയടക്കേണ്ടിയും വന്നേക്കാം. ചുരുക്കിപ്പറഞ്ഞാൽ പാൻ-ആധാർ ലിങ്കിങ് നിർബന്ധമാക്കി എന്നർഥം.


ലിങ്ക് ചെയ്യാനുള്ള അവസാന തീയതി: 2025 ഡിസംബർ 31. 2026 ജനുവരി ഒന്നുമുതൽ ലിങ്ക് ചെയ്യാത്ത ആധാർ കാർഡുകൾ ആദായനികുതി വകുപ്പ് പ്രവർത്തനരഹിതമാക്കും. അവസാന തീയതി വരെ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് ലിങ്കിങ് പൂർത്തിയാക്കാനും ശ്രദ്ധിക്കണം.


പാൻ മരവിപ്പിച്ചാൽ എന്തു സംഭവിക്കും?

നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനോ റീഫണ്ടുകൾ ക്ലെയിം ചെയ്യാനോ കഴിയില്ല.


₹ 50,000 ന് മുകളിലുള്ള ബാങ്കിംഗ് ഇടപാടുകൾ തടയും


മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ അല്ലെങ്കിൽ സ്വത്ത് എന്നിവയിലെ നിക്ഷേപങ്ങൾ വൈകിയേക്കാം.


പാൻ കാർഡ് വീണ്ടും പ്രവർത്തനക്ഷമമാകാൻ അധിക ഫീസ് നൽകേണ്ടിയും വരും. ലിങ്ക് ചെയ്തില്ലെങ്കിൽ മുഴുവൻ സാമ്പത്തിക ജീവിതത്തെയും ബാധിക്കത്ത ഒന്നായി മാറാനും സാധ്യതയുണ്ട്.


എങ്ങനെ പാൻ ആധാറുമായി ലിങ്ക് ചെയ്യാം

ഘട്ടം 1: നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നിന്നോ കംപ്യട്ടറിൽ നിന്നോ ഔദ്യോഗിക ആദായനികുതി ഇ-ഫയലിങ് പോർട്ടലായ https://www.incometax.gov.in ൽ ലോഗിൻ ചെയ്യുക.



ഘട്ടം 2: ഹോംപേജിലെ ക്വിക്ക് ലിങ്കുകൾ വിഭാഗത്തിന് കീഴിലുള്ള “ലിങ്ക് ആധാർ” ക്ലിക്ക് ചെയ്യുക.


ഘട്ടം 3: നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, ആധാർ പ്രകാരം രജിസ്റ്റർ ചെയ്ത പേര് എന്നിവ നൽകുക.


ഘട്ടം 4: വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച് “ലിങ്ക് ആധാർ” ക്ലിക്ക് ചെയ്യുക.


ഘട്ടം 5: ആവശ്യമായ ഫീസ്(1000 രൂപ) അടച്ച് ലിങ്കിങ് സ്ഥിരീകരിക്കുക. പൂർത്തിയായിക്കഴിഞ്ഞാൽ സ്ഥിരീകരണ സന്ദേശമോ ഇമെയിലോ ലഭിക്കും.


എസ്.എം.എസ് വഴിയോ പാൻ സർവീസ് സെന്റർ വഴിയും പാൻ, ആധാർ ലിങ്ക് ചെയ്യാം.


ഓപ്ഷൻ 1: എസ്.എം.എസ് വഴി ലിങ്ക് ചെയ്യുക



ഈ ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു എസ്.എം.എസ് അയയ്ക്കുക.


ഓപ്ഷൻ 2: പാൻ സർവീസ് സെന്ററുകൾ സന്ദർശിക്കുക


അടുത്തുള്ള ഒരു എൻ.എസ്.ഡി.എൽ അല്ലെങ്കിൽ യു.ടി.​ഐ.ഐ.ടി.എസ്.എൽ പാൻ സേവന കേന്ദ്രത്തിലേക്ക് പോവുക.


നിങ്ങളുടെ പാൻ, ആധാർ പകർപ്പുകൾ അവർക്ക് നൽകുക.


രണ്ട് രേഖകളും എളുപ്പത്തിൽ ലിങ്ക് ചെയ്യുന്നതിന് സെന്ററിലെ ജീവനക്കാർ സഹായിക്കും.


പാൻ ഇതിനകം ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?


പാൻ ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് ഉറപ്പില്ലേ? എങ്കിൽ അതും പരിശോധിക്കാം.


1. https://www.incometax.gov.in സന്ദർശിക്കുക.


2. “ക്വിക്ക് ലിങ്കുകൾ” എന്നതിന് കീഴിൽ “ലിങ്ക് ആധാർ സ്റ്റാറ്റസ്” തിരഞ്ഞെടുക്കുക.


3. നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക.


4. പാൻ ഇതിനകം ലിങ്ക് ചെയ്‌തിട്ടുണ്ടോ അതോ ഇപ്പോഴും തീർപ്പുകൽപ്പിക്കാത്തതാണോ എന്ന് സ്‌ക്രീൻ കാണിക്കും.


ഒരിക്കൽ കൂടി ഓർക്കുക

പാനും ആധാറും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2025 ഡിസംബർ 31. കാലതാമസത്തിനുള്ള പിഴ 1000 രൂപ. പാൻ മരവിപ്പിക്കുന്നത് പ്രാബല്യത്തിൽ വരുന്ന തീയതി: 2026 ജനുവരി 1