കാലക്രമേണ എഞ്ചിനുള്ളിൽ അടിഞ്ഞുകൂടിയ എണ്ണക്കറയും മറ്റ് കാർബൺ ഡിപ്പോസിറ്റുകളെയും അലിയിച്ച് മാറ്റാൻ രൂപകൽപ്പന ചെയ്ത ഡിറ്റർജന്റുകളും ലായകങ്ങളും അടങ്ങിയ രാസ അഡിറ്റീവാണ് എഞ്ചിൻ ഫ്ലഷ്. ഈ ഡിപ്പോസിറ്റുകൾ ഓയിൽ എഞ്ചിനിലൂടെ ഒഴുകുന്ന വഴികളിൽ തടസ്സം സൃഷ്ടിക്കുകയും എൻജിന്റെ പ്രധാന ഭാഗങ്ങളിലേക്ക് ഓയിൽ എത്തുന്നത് തടയുകയും ചെയ്യാം.
സാധാരണയായി, ഓയിൽ മാറ്റുന്നതിന് മുൻപ് ഫ്ലഷ് എഞ്ചിൻ ഓയിലിൽ ചേർക്കുന്നു. പിന്നെ എഞ്ചിൻ കുറച്ച് സമയം പ്രവർത്തിപ്പിച്ച്, പഴയ ഓയിലിനൊപ്പം ഫ്ലഷും പുറത്തേക്ക് ഒഴുക്കിക്കളയുന്നു. തുടർന്ന് പുതിയ ഓയിലും ഓയിൽ ഫിൽറ്ററും മാറ്റുന്നത് അത്യാവശ്യമാണ്, കാരണം പഴയ ഫിൽറ്ററിൽ അഴുക്കുകൾ നിലനിൽക്കാം.
സിന്തറ്റിക് അല്ലെങ്കിൽ സിന്തറ്റിക് ബ്ലെൻഡ് ഓയിലുകൾ ഉപയോഗിക്കുകയും കൃത്യമായി ഓയിൽ ചേഞ്ച് ചെയ്യുകയും ചെയ്യുന്ന മിക്ക ആധുനിക എൻജിനുകളിൽ സാധാരണയായി ഫ്ലഷ് ചെയ്യേണ്ട ആവശ്യമില്ല, കാരണം ഈ ഓയിലുകളിൽ തന്നെ എഞ്ചിൻ വൃത്തിയാക്കി സൂക്ഷിക്കുന്ന അഡിറ്റീവുകൾ അടങ്ങിയിരിക്കുന്നു.
എന്നാൽ, കൃത്യമായ ഇടവേളകളിൽ ഓയിൽ മാറ്റാതെ ശ്രദ്ധിക്കാത്തതുമായ എൻജിനുകളിൽ കാലക്രമേണ ഓയിൽ അഴുക്കുകൾ അടിഞ്ഞുകൂടുകയും കാർബൺ ഡെപ്പോസിറ്റുകൾ അധികമാവുകയും ചെയ്യും. ഇത്തരത്തിലുള്ള എൻജിനുകളിൽ എഞ്ചിൻ ഫ്ലഷ് പ്രയോജനകരമായിരിക്കും.
എങ്കിലും ചില ആധുനിക എൻജിനുകളിലെ വേരിയബിൾ വാൽവ് ടൈമിംഗ് (VVT) പോലുള്ള സിസ്റ്റങ്ങൾ കൃത്യമായ ഓയിൽ പ്രഷർ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഫ്ലഷ് പ്രക്രിയയിലൂടെ അടിഞ്ഞുകിടക്കുന്ന കാർബൺ പാളികൾ പെട്ടെന്ന് അഴിയുമ്പോൾ ഓയിൽ പാതകൾ ഭാഗികമായി മൂടപ്പെടാനും, അങ്ങനെ പെർഫോമൻസ് ഇഷ്യൂസ് ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ, പഴക്കം ചെന്ന എൻജിനുകളിലോ അഴുക്കുകൾ കൂടുതലുള്ള എൻജിനുകളിലോ ഫ്ലഷ് ചെയ്യുന്നത് പരിചയസമ്പന്നനായ മെക്കാനിക്കിന്റെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ.
ഫ്ലഷ് ചെയ്ത ശേഷം പുറത്തേക്ക് വരുന്ന ഓയിൽ രാസപദാർത്ഥങ്ങൾ അടങ്ങിയ ഹാനികരമായ മാലിന്യമായതിനാൽ, അത് പരിസ്ഥിതി സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിച്ച് റീസൈക്കിൾ ചെയ്യണം.
