മഞ്ഞുകാലത്തെ കാർ യാത്ര; വാഹനം കട്ടപ്പുറത്താവാതിരിക്കാൻ ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

 



ഡിസംബറിനൊപ്പം മഞ്ഞുകാലവും ഇങ്ങെത്തി. തണുപ്പുകാലത്ത് ചില്ലറ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ കാറുകള്‍ക്കും ഉണ്ടാവാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതില്‍ പലതും ഒഴിവാക്കാനുമാവും. നിങ്ങളുടെ കാര്‍ പെട്രോളോ ഡീസലോ ഇലക്ട്രിക്കോ ഹൈബ്രിഡോ ആവട്ടെ തണുപ്പുകാലത്ത് പണികിട്ടാതിരിക്കാന്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ നോക്കാം. 


ബാറ്ററി


വാഹനങ്ങളുടെ ഊര്‍ജ്ജ കേന്ദ്രമാണ് ബാറ്ററി. തണുപ്പ് ആദ്യം ബാധിക്കുന്ന കാറിന്റെ ഭാഗമാണ് ബാറ്ററി. തണുപ്പുകാലത്ത് ബാറ്ററിയുടെ കാര്യക്ഷമത കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബാറ്ററിയുടെ ചാര്‍ജ് ഇറങ്ങി വഴിയില്‍ കിടന്നുപോവുന്ന സാഹചര്യം ഒഴിവാക്കണം. ഐസിഇ കാറുകളില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം നിര്‍ത്തിയിടുന്നത് ഒഴിവാക്കുക. ദീര്‍ഘയാത്രകള്‍ വഴി തണുപ്പുകാലത്ത് ചാര്‍ജ് ഇറങ്ങാതെ നോക്കാം. ഹീറ്റഡ് സീറ്റ്‌സ്, റേഡിയോ, എക്‌സ്ട്രാ ലൈറ്റുകള്‍ എന്നിങ്ങനെ പലതരം ഇലക്ട്രിക്കല്‍ ഫങ്ഷനുകള്‍ ഒരേ സമയം ഉപയോഗിക്കാതിരിക്കുന്നതും ബാറ്ററിയുടെ ചാര്‍ജ് ഇറങ്ങാതിരിക്കാന്‍ സഹായിക്കും. 


ഇവി


തണുപ്പുകാലത്ത് ഇവികളുടെ റേഞ്ച് 10-20% കുറയുന്നത് സ്വാഭാവികമാണ്. കാര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ വാഹനം ചൂടാക്കാന്‍ ശ്രമിക്കുക. ആ സമയത്ത് ഉപയോഗിക്കുക ഗ്രിഡില്‍ നിന്നുള്ള പവറായിരിക്കും. അതുകൊണ്ട് ബാറ്ററിയെ കൂടുതല്‍ സംരക്ഷിക്കാനാവും. 20 ശതമാനത്തില്‍ കുറവിലേക്ക് ചാര്‍ജ് എത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കമം


ടയര്‍


നിങ്ങള്‍ വാഹനം ഓടിക്കുന്നത് മഞ്ഞു വീഴുന്ന പ്രദേശത്താണെങ്കില്‍ ടയറിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ഏഴ് ഡിഗ്രിയില്‍ താഴെയുള്ള താപനിലയില്‍ ഉപയോഗിക്കുന്ന വിന്റര്‍ ടയറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ടയറുകളിലെ മൃദുവായ റബറും സവിശേഷ ഗ്രിപ്പും വാഹനത്തിന്റെ നിയന്ത്രണം വര്‍ധിപ്പിക്കുന്നു. ടയറിലെ ത്രഡിന്റെ ആഴം പരിശോധിക്കണം. 2എംഎമ്മില്‍ കുറവാണ് ത്രഡിന്റെ ആഴമെങ്കില്‍ ടയറുകള്‍ മാറ്റാന്‍ മടിക്കരുത്. 


കൃത്യം ടയര്‍ പ്രഷര്‍ വാഹനത്തിന്റെ പ്രകടനത്തെ  ബാധിക്കും. കൃത്യമായി ബ്രേക്ക് കിട്ടാനും ഇന്ധനക്ഷമത ഉറപ്പാക്കാനുമെല്ലാം ടയര്‍ പ്രഷര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം പോലുള്ള ഫീച്ചറുകളുണ്ടെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ ഉപകാരപ്പെടും. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന പ്രഷറാണ് ടയറില്‍ ഉറപ്പുവരുത്തേണ്ടത്. കൈവശമുള്ള സ്‌പെയര്‍ ടയറിന്റെ അവസ്ഥയും പരിശോധിക്കുകയും അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് ഉറപ്പുവരുത്തുകയും വേണം. മഞ്ഞുകാലം തുടങ്ങുന്നതിനു മുമ്പ് വീല്‍ അലൈന്‍മെന്റ് പരിശോധിക്കുന്നതും ആവശ്യമെങ്കില്‍ ടയറുകള്‍ റൊട്ടേറ്റ് ചെയ്യുന്നതും ഗുണം ചെയ്യും. 


എന്‍ജിന്‍ ഓയിലും കൂളെന്റും


എന്‍ജിന്‍ ഓയില്‍ മാറ്റാറായിട്ടുണ്ടോ എന്നു പരിശോധിക്കണം. എന്‍ജിന്‍ ഓയിലിന്റെ നിറം മാറുകയോ പൊടികലരുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എന്‍ജിന്‍ ഓയില്‍ മാറ്റണം. അതീവ തണുപ്പുള്ള പ്രദേശങ്ങളാണെങ്കില്‍ തണുപ്പുകാലത്തിന് പ്രത്യേകമായുള്ള 0W-30 പോലുള്ള പ്രത്യേകം എന്‍ജിന്‍ ഓയിലുകള്‍ ഉപയോഗിക്കാം. 


കടുത്ത തണുപ്പുള്ള പ്രദേശങ്ങളില്‍ ആന്റിഫ്രീസും കൂളെന്റും സമം കൂട്ടിച്ചേര്‍ത്തുവേണം ഉപയോഗിക്കാൻ. ഇത് വാഹനം എളുപ്പം സ്റ്റാര്‍ട്ടാക്കാനും എന്‍ജിന്‍ അമിതമായി ചൂടാവുന്നതില്‍ നിന്നും തടയാനും സഹായിക്കും. കൂളെന്റ് കുറവാണെങ്കിലോ നിറം മാറിയിട്ടുണ്ടെങ്കിലോ മാറ്റണം. 


ഇന്ധനം


ഡീസല്‍ വാഹനങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കടുത്ത തണുപ്പില്‍ ഡീസല്‍ ജെല്‍ രൂപത്തിലേക്കു മാറാനിടയുണ്ട്. ആന്റി ജെല്ലോ/ആന്റി വാക്‌സ് അഡിറ്റീവോ ഇന്ധന ടാങ്കില്‍ ചേര്‍ക്കാവുന്നതാണ്. പെട്രോളാണ് ഇന്ധനമെങ്കില്‍ കുറഞ്ഞത് ടാങ്കിന്റെ പകുതിയെങ്കിലും ഇന്ധനമുണ്ടെന്ന് ഉറപ്പിക്കാന്‍ ശ്രമിക്കുക. കൂടുതല്‍ ഇന്ധനമുണ്ടെങ്കില്‍ ഫ്യുവല്‍ ലൈനുകള്‍ തണുത്തുറയുന്നത് തടയാനാവും.