നമ്മളിൽ പലരും എപ്പോഴെങ്കിലും മൂത്രം അല്പം പതയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിലെ പതയുടെ കുമിളകളുണ്ടാകുന്നതും കണ്ടിട്ടുണ്ടാവും. പലപ്പോഴും ഇത് സംഭവിക്കുന്നത് സാധാരണമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ, ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ സൂചിപ്പിക്കാനുമാകാം
ചെറിയ തോതിലുള്ള നിർജ്ജലീകരണം
ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോൾ ശരീരം കട്ടിയേറിയ (concentrated) മൂത്രം ഉത്പാദിപ്പിക്കുന്നു. വെള്ളത്തിന്റെ അംശം കുറയുമ്പോൾ മൂത്രത്തിലെ മാലിന്യങ്ങളുടെ അളവ് കൂടുകയും ഇത് കുമിളകൾ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഒരാൾ ആവശ്യത്തിന് വെള്ളം കുടിക്കുമ്പോൾ ഈ പ്രശ്നം സാധാരണയായി പരിഹരിക്കപ്പെടും.
മൂത്രത്തിൽ പ്രോട്ടീൻ അധികമാകുന്ന അവസ്ഥ (Proteinuria)
മൂത്രത്തിൽ അധികമായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിൽ മൂത്രം പതഞ്ഞതായി കാണപ്പെടാൻ സാധ്യതയുണ്ട്. സാധാരണമായ വൃക്കയുടെ പ്രവർത്തനം പ്രോട്ടീൻ മൂത്രത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു. എന്നാൽ, വൃക്കയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂത്രത്തിലേക്ക് പ്രോട്ടീൻ കലരാൻ ഇടയാക്കുന്നു. ഈ അവസ്ഥയെ പ്രോട്ടീനൂറിയ (Proteinuria) എന്നു വിളിക്കുന്നു.
മൂത്രത്തിലെ പ്രോട്ടീന്റെ സാന്നിധ്യം വൃക്കരോഗ സാധ്യതയെയും മറ്റ് ആരോഗ്യപ്രശ്നങ്ങളെയും സൂചിപ്പിക്കാം. കൂടാതെ, മൂത്രത്തിലെ പത chronic kidney disease, glomerulonephritis, nephrotic syndrome പോലുള്ള വൃക്കരോഗങ്ങളുടെ സൂചനയാകാനും സാധ്യതയുണ്ട്.
മൂത്രനാളിയിലെ അണുബാധ (യുടിഐ)
മൂത്രനാളിയിലെ അണുബാധ മൂത്രത്തിന്റെ രൂപത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു. ഇതിൽ പതയും കുമിളകളുമുണ്ടായേക്കാം. വേദനയോടുകൂടി മൂത്രമൊഴിക്കുന്നത്, അടിക്കടിയുള്ള മൂത്രശങ്ക, ദുർഗന്ധമുള്ള മൂത്രം തുടങ്ങിയ ലക്ഷണങ്ങളും UTI മൂലമുണ്ടായേക്കാം.
എപ്പോൾ ഡോക്ടറെ കാണണം
- മൂത്രത്തിൽ പത മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുമ്പോൾ
- പത ദീർഘനേരം നിലനിൽക്കുകയോ, കട്ടിയുള്ളതായി കാണപ്പെടുകയോ, മാറാതിരിക്കുകയോ ചെയ്യുമ്പോൾ
- മുഖത്തും കൈകാലുകളിലും നീർവീക്കം ഉണ്ടെങ്കിൽ
- മൂത്രമൊഴിക്കുന്നതിലെ വ്യത്യാസങ്ങളോടൊപ്പം മൂത്രത്തിൽ രക്തം കാണുന്നുണ്ടെങ്കിൽ
- മൂത്രമൊഴിക്കുമ്പോൾ വേദനയോടൊപ്പം ക്ഷീണം, ഓക്കാനം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് ലക്ഷണങ്ങളുണ്ടാകുമ്പോൾ
പരിശോധന കൂടാതെ സ്വയം രോഗ നിർണായിക്കലും സ്വയം ചികിത്സയും അപകടമാണ് ലക്ഷണങ്ങൾ ബോധ്യമായാൽ ഡോക്ടറെ സമീപിക്കുക
