തൈറോയ്ഡ് ഉണ്ടോ? എങ്കിൽ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ




 ദശലക്ഷക്കണക്കിന് പേരെയാണ് തൈറോയ്ഡ് പ്രശ്നങ്ങൾ ബാധിക്കുന്നത്. ദിവസവും ഉള്ള ശീലങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് ചിലപ്പോൾ രോഗം വരാനിടയാക്കും. ഭക്ഷണങ്ങളിലെ ചില സംയുക്തങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സാവധാനത്തിലാക്കുകയും ഹോർമോണിന്റെ ആഗിരണം തടയുകയും ചെയ്യും. സമീകൃതഭക്ഷണം കഴിക്കുകയും അതോടൊപ്പം ചില പ്രത്യേക ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് വ്യത്യാസം വരുത്തും. 

വൈറ്റ് ബ്രഡ്

വൈറ്റ് ബ്രഡ് പൊതുവെ അപകടകാരിയല്ല എന്ന് തോന്നാമെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് നല്ലതല്ല. സംസ്കരിച്ച മാവ് (refined flour) ആണ് വൈറ്റ് ബ്രഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇതില്‍ ഫൈബറോ പോഷകങ്ങളോ ഒന്നുമില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ട്രെസ്സ് മെറ്റബോളിസവും കൂട്ടും. മിക്ക ബ്രഡുകളിലും അഡിറ്റീവ്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ ബാധിക്കും. മുഴുധാന്യ ബ്രഡും ഗ്ലൂട്ടൻ ഫ്രീ ബ്രഡും നല്ലതാണ്. ഹഷിമോട്ടോസ് ഡിസീസ് എന്ന ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗാവസ്ഥയുള്ളവർക്ക് പ്രത്യേകിച്ചും ഗ്ലൂട്ടൻ ചിലപ്പോൾ ഇൻഫ്ലമേഷൻ ഉണ്ടാകാൻ കാരണമാകും. 


ഉരുളക്കിഴങ്ങ് വറുത്തത്

മിക്കവർക്കും പ്രിയപ്പെട്ട ഉരുളക്കിഴങ്ങ് ഉപ്പേരി തൈറോയ്ഡിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇതിൽ ധാരാളം അയൊഡൈസ്ഡ് ഉപ്പ് ഉണ്ട്. എന്നാൽ ഇതിൽ അടങ്ങിയ ട്രാൻസ്ഫാറ്റുകളും റിഫൈൻഡ് ഓയിലും ആണ് പ്രധാന പ്രശ്നം. ഇത് അയഡിനെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഹോർമോണുകളെ ഉൽപാദിപ്പിക്കാൻ തൈറോയ്ഡ് ആശ്രയിക്കുന്ന ധാതുവാണിത്. ഇടയ്ക്കിടെ ഉരുളക്കിഴങ്ങ് ഉപ്പേരി കഴിക്കുന്നത് ശരീരഭാരം കൂടാനും കാരണമാകും. തൈറോയ്ഡിന്റെ പ്രവർത്തനം സാവധാനത്തിലായിരിക്കുമ്പോൾ ഇത് കൂടുതൽ മെറ്റബോളിക് പ്രഷറിനും കാരണമാകുന്നു




നിലക്കടല

പ്രോട്ടീൻ ധാരാളം ഉണ്ടെങ്കിലും നിലക്കടലയിൽ ഗോയിട്രോജനുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഹോർമോൺ സിന്തസിസിൽ ഇടപെടുന്ന സംയുക്തങ്ങളാണ്. തൈറോയ്ഡിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ കഴിവിനെ വീണ്ടും കുറയ്ക്കും. വല്ലപ്പോഴും ചെറിയ അളവിൽ നിലക്കടല കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ ദിവസവും പീനട്ട് ബട്ടറോ വറുത്ത നിലക്കടലയോ കഴിക്കുന്നത് അയഡിൻ ആഗിരണം ചെയ്യാനുള്ള തൈറോയ്ഡിന്റെ കഴിവിനെ തടസ്സപ്പെടുത്തും. ബദാം, വാൾനട്ട് ഇവ കഴിക്കുന്നത് സുരക്ഷിതമാണ്. 

കാബേജ്, കോളിഫ്ലവർ

ക്രൂസിഫെറസ് പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി തുടങ്ങിയവയിൽ ധാരാളം പോഷകങ്ങളുണ്ട്. എന്നാൽ തൈറോയ്ഡ് രോഗികൾ ഇവ പച്ചയ്ക്കോ കൂടുതൽ അളവിലോ കഴിക്കുന്നത് നല്ലതല്ല. ഈ പച്ചക്കറികളിൽ തയോസൈനേറ്റുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയിലെ അയഡിനുമായി മത്സരിക്കും. ക്രമേണ ഇത് ഹോർമോൺ അസന്തുലനത്തിനും വീക്കത്തിനും കാരണമാകും. എന്നാൽ ആവിയിൽ വേവിച്ചോ, തിളപ്പിച്ചോ, വറുത്തോ ഇവ പാചകം ചെയ്തു കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. 



കാപ്പി

കാപ്പി തൈറോയ്ഡ് ഹോർമോണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. തൈറോയ്ഡിന്റെ മരുന്ന് കഴിച്ചയുടനെ കാപ്പി കുടിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കും. കാപ്പിയിലടങ്ങിയ കഫീൻ, സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് തൈറോയ്ഡിന്റെ ലക്ഷണങ്ങൾ കൂട്ടും. മരുന്ന് കഴിച്ച് 30 മുതൽ 45 മിനിറ്റ് വരെ കഴിഞ്ഞിട്ട് കാപ്പി കുടിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കാപ്പിക്കു പകരം തുളസിച്ചായ പോലുള്ള ഹെർബൽ ചായകൾ കുടിക്കാവുന്നതാണ്. 


പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ടോഫു. എങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് നല്ലതല്ല. സോയ ഉൽപന്നങ്ങളിൽ ഐസോഫ്ലേവനുകൾ ഉണ്ട്. ഈ സംയുക്തങ്ങൾ തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയ്ക്കുകയും സിന്തറ്റിക് തൈറോയ്ഡ് മരുന്നിന്റെ ആഗിരണം തടസ്സപ്പെടുത്തുകയും െചയ്യും. സോയ പൂർണമായി ഒഴിവാക്കണമെന്നില്ല. മിതമായ അളവിൽ ചില സമയങ്ങളിൽ ഇത് കഴിക്കാം. മരുന്നു കഴിക്കുന്നതും സോയ കഴിക്കുന്നതുമായ സമയങ്ങൾ തമ്മിൽ ദൈർഘ്യം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കാം. ഇതു കൂടാതെ പ്രോട്ടീന്റെ ഉറവിടങ്ങളായ മുട്ട, പാൽ ഉൽപന്നങ്ങൾ, പയർ വർഗങ്ങൾ, ഇറച്ചി ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൃത്യമായ ഇടവേളകളിൽ തൈറോയ്ഡിന്റെ അളവ് പരിശോധിക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനമനുസരിച്ച് ഭക്ഷണവും മരുന്നും ക്രമീകരിക്കാന്‍ സഹായിക്കും. 



തൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പതിവായുള്ള വ്യായാമം സഹായിക്കും. യോഗ, നടത്തം, നീന്തൽ, സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് തുടങ്ങിയവ ഉപാപചയപ്രവർത്തനം നിയന്ത്രിക്കാനും ഊർജനില മെച്ചപ്പെടുത്താനും സ്ട്രെസ്സ് കുറയ്ക്കാനും സഹായിക്കും. ഇവയെല്ലാം തൈറോയ്ഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്വസനവ്യായാമങ്ങൾ പരിശീലിക്കുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തചംക്രമണം വർധിപ്പിക്കുകയും ഹോർമോൺ സന്തുലനം നിലനിർത്തുകയും ഒപ്പം തൈറോയ്ഡിന്റെ അസന്തുലനം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും