ഒരു മാസം കൊണ്ട് 13 കിലോ ശരീരഭാരം കൂട്ടി ഫിറ്റ്നെസ് ചലഞ്ചിൽ യുവാവിന് ദാരുണാന്ത്യം

 



സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കാറുണ്ട്. 30 വയസ്സുകാരനായ ദിമിത്രി നുയാൻസിൻ എന്ന റഷ്യൻ ഫിറ്റ്നസ്സ് ട്രെയിനറുടെ മരണവും അത്തരത്തിലൊരു ട്രെൻഡ് പിന്തുടർന്നത് കാരണമാണ് സംഭവിച്ചത്. ശരീരഭാരം കൂട്ടുന്ന ട്രെൻഡിന്റെ ഭാഗമായി ദിമിത്രി ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഒറ്റയടിക്ക് കൂട്ടി. കുറച്ച് ആഴ്ചകളായി ദിമിത്രി ദിവസവും പതിനായിരം കാലറി ഭക്ഷണം കഴിച്ചു. ഇതാണ് ആരോഗ്യം തകരാനും ജീവൻ നഷ്ടപ്പെടാനും കാരണമായത്


കേക്ക്, പിസ്സ, ബർഗർ തുടങ്ങിയ ജങ്ക് ഫുഡ് കഴിച്ച് 25 കിലോ ഭാരം കൂട്ടാനാണ് ദിമിത്രി ഉദ്ദേശിച്ചിരുന്നത്. ഒരു മാസം കൊണ്ട് 13 കിലോയോളം കൂട്ടുകയും ചെയ്തു. എന്നാൽ ചാലഞ്ച് ആരംഭിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തളർച്ച കാരണം വ്യായാമം നിർത്തിയിരുന്നു. പിന്നീടും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ വൈകാതെ വൈദ്യസഹായം തേടണമെന്ന് കരുതിയിരുന്നെങ്കിലും അതിനു മുൻപ് തന്നെ ഉറക്കത്തിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു

ഒറ്റയടിക്ക് ഭാരം കൂട്ടിയതിനു ശേഷം പെട്ടെന്ന് ഭാരം കുറയ്ക്കാൻ കഴിയുമെന്ന് തെളിയിക്കാനും തന്റെ പുതിയ വെയിറ്റ് ലോസ് പ്രോഗ്രാമിലേക്ക് ആളുകളെ ആകർഷിക്കാനുമായിരുന്നു ദിമിത്രി ഇത്തരത്തിലൊരു ചാലഞ്ച് ഏറ്റെടുത്തത്. പ്രഭാതഭക്ഷണത്തിൽ പോലും ഐസ്ക്രീം, കേക്കുകൾ, മയോണൈസ് എന്നിവ ഉൾപ്പെടുത്തിയിരുന്നു.


ഭക്ഷണം ആവശ്യത്തിന് കഴിക്കാത്തതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാമെന്ന് നമുക്കറിയാം. എന്നാൽ കൂടുതൽ കഴിച്ചാലും അപകടമാണെന്ന് തെളിയിക്കുകയാണ് ഈ സംഭവം. ഭക്ഷണം അമിതമായി കഴിക്കുന്നതിലൂടെ ശരീരത്തിന് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവ കൂടുക, ശരീരത്തിലെ നീർക്കെട്ട് വർധിക്കുക എന്നിവയുണ്ടാകാം. ഇത് ഹൃദയത്തിന് സമ്മർദം കൂട്ടുകയും, ഹൃദയസ്ത്ംഭനത്തിലേക്ക് നയിക്കുകയും ചെയ്യാം