ന്യൂഡൽഹി: വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്. വിമാനങ്ങൾക്കുള്ളിലെ ഇൻ-സീറ്റ് പവർ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും യാത്രക്കാർക്ക് ഇനി അനുവാദമുണ്ടാകില്ല. വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികൾക്ക് തീ പിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് തീരുമാനം.
പുതിയ ഉത്തരവ് പ്രകാരം പവർ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. ഇവ വിമാനത്തിലെ ഓവർഹെഡ് ബിന്നുകളിലോ ചെക്ക്-ഇൻ ബാഗുകളിലോ വെക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഓവർഹെഡ് ബിന്നുകളിൽ വെക്കുന്ന ബാഗുകളിൽ തീപിടുത്തമുണ്ടായാൽ അത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാൻ വൈകുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം എന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകുന്നു.
വിമാനത്തിനുള്ളിൽ പുതിയ നിയമങ്ങളെക്കുറിച്ച് അനൗൺസ്മെന്റുകൾ നടത്താൻ വിമാനക്കമ്പനികൾക്കും നിർദേശം നൽകി. ഇൻഡിഗോ വിമാനത്തിൽ അടുത്തിടെ പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്ന സംഭവം ഉണ്ടായിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്
