വൃക്കയിലെ കല്ല് ബുദ്ധിമുട്ടിക്കുന്നോ? ഭക്ഷണക്രമം എങ്ങനെ മാറ്റണം - ഡോക്ടറുടെ മറുവടി




രീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും.

ഇത്തരം പരലുകൾ കൂടുതൽ എണ്ണം ഒന്നിച്ച് ചേർന്ന് പതുക്കെ വലുപ്പം കൂടി കട്ടിയേറിയ വസ്തുവായി മാറും. ഇവ വൃക്കകളിൽ രൂപപ്പെട്ട് മൂത്രവാഹിനിക്കുഴലിലേക്കും മൂത്രസഞ്ചിയിലേക്കുമൊക്കെ എത്താൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകൾ എന്ന് പൊതുവേ പറയുന്നത്. ഇപ്പോഴിതാ, ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. പ്രിയങ്ക സെഹ്രാവത്ത്. ഇവ ഭൂരിഭാഗവും കാൽസ്യം ഓക്സലേറ്റ് കല്ലുകളാണ്. ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതുവഴി വൃക്കയിലെ കല്ലുകൾ തടയാനാകുമെന്നും ഡോക്ടർ പറയുന്നു.

ഉപ്പ് കുറയ്ക്കാം

ദിവസവും അഞ്ച് ഗ്രാമിൽ കുറവ് ഉപ്പ് കഴിക്കുന്നത് മൂത്രത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച ഉപ്പ്, ഹിമാലയൻ ഉപ്പ്, പിങ്ക് ഉപ്പ് എന്നിവയിലെല്ലാം സോഡിയത്തിന്റെ അളവ് ഒരുപോലെയാണെന്നും ഡോക്ടർ പറയുന്നു.

സിട്രസ് പഴങ്ങൾ കഴിക്കാം

ഭക്ഷണത്തിൽ സിട്രേറ്റിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ മൂത്രത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കാം. അതായത്, നാരങ്ങ, ഓറഞ്ച്, മുസമ്പി, കിവി പോലുള്ള സിട്രസ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക.

ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ

ചീര, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് തുടങ്ങിയവയും നട്സും ബെറികളുമെല്ലാം ഓക്‌സലേറ്റ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ് എന്നാണ് ഡോക്ടർ പറയുന്നത്. ഇവ സാധാരണയായി വൃക്കയിൽ കാണപ്പെടുന്ന കാൽസ്യം ഓക്‌സലേറ്റ് കല്ലുകൾക്ക് കാരണമാകും. എന്നാൽ, ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം എന്നല്ല പറയുന്നത്.

ധാരാളം വെള്ളം കുടിക്കാം

വൃക്കരോഗികളും ഹൃദ്രോഗികളും ഒഴികെയുള്ളവർ പ്രതിദിനം രണ്ടര ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. ദിവസവും രണ്ടര ലിറ്റർ വെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി ഡോക്ടർ കൂട്ടിച്ചേർത്തു.