ഓഫീസിന 8 എന്ന പേരിൽ പുതിയ സ്പെഷ്യൽ എഡിഷൻ സ്കൂട്ടറുകൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ് വെസ്പ. ഇറ്റലിയിലെ പോണ്ടെഡെറയിലുള്ള പിയാജിയോ പ്ലാന്റിലെ പരീക്ഷണ (എക്സ്പിരിമെന്റൽ) വിഭാഗത്തിന് ആദരവ് അർപ്പിക്കുന്ന ഒരു സ്പെഷ്യൽ എഡിഷൻ സ്കൂട്ടറാണ് ഓഫീസിന 8 വെസ്പ. വെസ്പയുടെ ആദ്യത്തെ പ്രോട്ടോടൈപ്പുകൾ വികസിപ്പിച്ചെടുത്തത് ഇവിടെയാണ്.
പിയാജിയോയുടെ പോണ്ടെഡെറ പ്ലാന്റിൽ 1944 -ൽ സ്ഥാപിതമായ എക്സ്പിരിമെന്റൽ വിഭാഗത്തെയാണ് ഓഫീസിന 8 എന്ന പേര് സൂചിപ്പിക്കുന്നത്. പുതിയ ആശയങ്ങളും ടെസ്റ്റ് പ്രോട്ടോടൈപ്പുകളും വികസിപ്പിക്കുന്നതിനായി പതിവ് പ്രൊഡക്ഷൻ ലൈനുകളിൽ നിന്ന് മാറി പ്രവർത്തിച്ച എഞ്ചിനീയർമാർ, ഡിസൈനർമാർ, മെക്കാനിക്കുകൾ എന്നിവരുടെ ഒരു സംഘമായിരുന്നു ഈ സമർപ്പിത വർക്ക്‌ഷോപ്പ്. 1946 ആയപ്പോഴേക്കും അവർ നടത്തി വന്നിരുന്ന പരീക്ഷണം വെസ്പയുടെ പേറ്റന്റിംഗിൽ കലാശിച്ചു എന്നതാണ് ചരിത്രം
മെറ്റാലിക് റിവറ്റുകളും ബ്രാസ്, അലുമിനിയം ടോണുകളും അടങ്ങുന്ന മാറ്റ് മെറ്റാലിക് ബ്ലൂ ഫിനിഷുള്ള ഒരു സ്റ്റീൽ ബോഡിയാണ് വെസ്പ ഓഫീസിന 8 -ൽ വരുന്നത്, ഇത് സ്കൂട്ടറിന് ഒരു വ്യത്യസ്തമായ ഇൻഡസ്ട്രിയൽ ഭംഗിയും ലുക്കും നൽകുന്നു എന്നത് ശ്രദ്ധേയമാണ്.
വെസ്പയുടെ ആകർഷണീയതയും ചാരുതയും ഇതിനകം തന്നെ നിർവചിക്കുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിനും സ്വീപ്പിംഗ് ലൈനുകൾക്കും അപ്പുറം, ഈ പ്രത്യേക പതിപ്പിന് തീമിന് അനുയോജ്യമായ ഒരു റിബ്ഡ് സീറ്റും ലഭിക്കുന്നു
വെസ്പ ഇന്ത്യയുടെ ഇപ്പോൾ വിപണിയിലുള്ള മറ്റ് സ്കൂട്ടറുകളെപ്പോലെ, 125 സിസി, 150 സിസി പതിപ്പുകളിൽ ഓഫീസിന 8 വാഗ്ദാനം ചെയ്യും. പുറത്തു വന്നിരിക്കുന്ന മാറ്റങ്ങളും അപ്പ്ഡേറ്റുകളും അല്ലാതെ ഈ വെസ്പ മോഡലുകളുടെ മെക്കാനിക്കൽ വശങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ നിർമ്മാതാക്കൾ വരുത്തിയിട്ടില്ല.
വെസ്പ ഓഫീസിന 8 അപ്പാരല്ലുകളുടെ ഒരു പ്രത്യേക നിരയും അവതരിപ്പിച്ചിട്ടുണ്ട്, ഉപഭോക്താക്കൾക്ക് നിറങ്ങളുമായി പൊരുത്തപ്പെടുന്ന ടോപ്പ് ബോക്സ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. വർക്ക്ഷോപ്പിന്റെ ചരിത്രം കണ്ടെത്തുന്ന ഒരു ബുക്കും നിറങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ഹാഫ്-ഫേസ് ഹെൽമെറ്റും ഉൾപ്പെടുന്ന ഒരു വെൽക്കം കിറ്റും എല്ലാ സ്കൂട്ടറിനൊപ്പം ഇറ്റാലിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
