കരൾ രോഗങ്ങൾ വർദ്ദിക്കുന്നു ജീവിത ശൈലയിലെ മാറ്റം മുഖ്യം മുന്നറിയിപ്പുമായി ആരോഗ്യ വിദക്തർ

 



നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവവും രാസശാലയുമാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുക, ദഹനത്തിന് സഹായിക്കുക, ഊർജം സംഭരിക്കുക എന്നിങ്ങനെ ഒട്ടനവധി സുപ്രധാന ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്. എന്നാൽ മാറുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും ഇന്ന് പലരുടെയും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്നത്തെ പുതുതലമുറയുടെ ജീവിതശൈലിയിൽ ഭക്ഷണത്തിനുള്ള സ്ഥാനം കേവലം വിശപ്പടക്കലിൽ നിന്നും മാറി 'രുചിക്ക്' മാത്രമുള്ള ഒന്നായി മാറിയിരിക്കുന്നു. ഫാസ്റ്റ് ഫുഡ് സംസ്കാരവും, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിത ഉപയോഗവുമാണ് ഇതിൽ പ്രധാനം. മുൻകാലങ്ങളിൽ വീട്ടിലുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിനായിരുന്നു മുൻഗണനയെങ്കിൽ, ഇന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളുടെയും ഇൻസ്റ്റന്റ് ഭക്ഷണങ്ങളുടെയും കാലമാണ്. ഈ വർഷത്തെ ലോക കരൾ ദിന സന്ദേശം "സ്ഥിരമായ ശീലങ്ങൾ, കരുത്തുറ്റ കരൾ" (Solid Habits, Strong Liver) എന്നതാണ്. ദീർഘകാലാടിസ്ഥാനത്തിൽ നാം പിന്തുടരുന്ന ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ഒരു നല്ല കരളിന്റെ അടിത്തറ

കരളിനെ കാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ തവിടു നീക്കാത്ത ധ്യാനങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ കരളിന്റെ പ്രവർത്തനം സുഗമമാക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.

2. ആന്റിഓക്‌സിഡന്റുകളുടെ പ്രാധാന്യം ബെറികൾ, ഇലക്കറികൾ, മുന്തിരി എന്നിവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ കരൾ കോശങ്ങൾക്ക് ഉണ്ടാകുന്ന നാശത്തെ തടയുന്നു.

3. ഹെൽത്തി ഫാറ്റ്സ് ഒലീവ് ഓയിൽ, നട്സ് (അണ്ടിപ്പരിപ്പുകൾ), മത്സ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരൾ വീക്കം കുറയ്ക്കാൻ സഹായിക്കും.

4. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് കരൾ രോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗ്രീൻ ടീയിലെ കാറ്റക്കിനുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും


വർജിക്കേണ്ടവ: കരളിന്റെ ശത്രുക്കൾ


• അമിതമായ പഞ്ചസാരയും ഉപ്പും: മധുരപാനീയങ്ങളും ബേക്കറി പലഹാരങ്ങളും ഫാറ്റി ലിവർ രോഗത്തിനുള്ള പ്രധാന കാരണമാണ്.

• സംസ്കരിച്ച ഭക്ഷണങ്ങൾ: ടിന്നിലടച്ച ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും കരളിന് അധിക ജോലിഭാരം നൽകുന്നു.

• മദ്യപാനം: കരളിനെ നശിപ്പിക്കുന്ന ഏറ്റവും വലിയ വില്ലനാണ് മദ്യം. സിറോസിസ് പോലുള്ള മാരക രോഗങ്ങളിലേക്ക് ഇത് നയിക്കുന്നു.


മധുരപാനീയങ്ങളുടെ അതിപ്രസരം: സോഡകൾ, എനർജി ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത ജ്യൂസുകൾ എന്നിവയിലെ ഫ്രക്ടോസ് നേരിട്ട് കരളിനെയാണ് ബാധിക്കുന്നത്. ഇത് പ്രമേഹത്തിലേക്കും കരൾ വീക്കത്തിലേക്കും വഴിതെളിക്കുന്നു.


• ക്രമരഹിതമായ ഭക്ഷണസമയം: പാതിരാത്രിയിലുള്ള ഭക്ഷണവും പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും കരളിന്റെ സ്വാഭാവികമായ പ്രവർത്തന ചക്രത്തെ തകിടം മറിക്കുന്നു.