വേദനിച്ചാലും ഉടനെ മെഡിക്കൽ ഷോപ്പിൽ പോയി വേദനസംഹാരി വാങ്ങി കഴിക്കുന്നവരാണോ നിങ്ങൾ? ജലദോഷവും തൊണ്ടവേദനയും വന്നാൽ ഡോക്ടറെ കാണാതെ നേരെ ആന്റിബയോട്ടിക് കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇനി ജാഗ്രത പാലിച്ചില്ലെങ്കിൽ നിങ്ങളുടെ വൃക്കകൾ തകരാറിലാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.
വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിതവും അശാസ്ത്രീയവുമായ ഉപയോഗത്തിനെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) ആണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡോക്ടറുടെ നിർദേശമില്ലാതെ ഇവ തുടർച്ചയായി കഴിക്കുന്നത് ഗുരുതരമായ വൃക്കരോഗങ്ങൾക്കും മറ്റ് സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾക്കും ആന്റിബയോട്ടിക് പ്രതിരോധത്തിനും കാരണമാകുമെന്ന് സർക്കുലർ പറയുന്നു.
...
നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി ഡ്രഗ്സ് (NSAIDs) വിഭാഗത്തിൽപ്പെടുന്ന വേദനസംഹാരികൾ അമിതമായി കഴിക്കുന്നത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറക്കും. ഇത് പെട്ടെന്നുള്ള വൃക്ക തകരാറിനും ദീർഘകാലാടിസ്ഥാനത്തിൽ വിട്ടുമാറാത്ത വൃക്കരോഗത്തിനും കാരണമാകുന്നു. പ്രത്യേകിച്ച് പ്രായമായവർ, നേരത്തെ തന്നെ പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം എന്നിവയുള്ളവർ, ശരീരത്തിൽ നിർജലീകരണം ഉള്ളവർ എന്നിവരിൽ ഈ മരുന്നുകളുടെ ചെറിയ ഉപയോഗം പോലും വലിയ അപകടമുണ്ടാക്കുമെന്ന് ഡൽഹി എയിംസിലെയും മാക്സ് ആശുപത്രിയിലെയും വിദഗ്ധ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
2025ൽ നടത്തിയ ഒരു പഠനപ്രകാരം ഇന്ത്യയിൽ വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ ശരാശരി നിരക്ക് 13.24 ശതമാനമാണ്. അതായത് ഏകദേശം 10 പേരിൽ ഒരാൾക്ക് വൃക്കരോഗ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അനാവശ്യ മരുന്ന് ഉപയോഗത്തിനെതിരെ കേന്ദ്രം കർശന നടപടിയിലേക്ക് കടക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസിസ്റ്റുകൾക്കും കേന്ദ്രം കർശന നിർദേശം നൽകിയിട്ടുണ്ട്
