കേരളത്തില്‍ ഇപ്പോള്‍ മണ്‍സൂണ്‍ കാലമാണ്. മഴക്കാലമായതിനാല്‍ തന്നെ പുറത്ത് പോകുമ്പോള്‍ അധികമാളുകളും കാറുകളാണ് ഉപയോഗിക്കുന്നത്. കനത്ത മഴയുള്ള സമയങ്ങളില്‍ പലപ്പോഴും കാറോടിക്കുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെടാറുണ്ടാകും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ മുമ്പും പല ലേഖനങ്ങളിലായി നിങ്ങളെ ഓര്‍മിപ്പിച്ചതാണ്. കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ കാറിന്റെ വൈപ്പറുകള്‍ ഉപയോഗിച്ചാലും കാഴ്ച വ്യക്തമല്ലാത്തതായി പലരും പരാതിപ്പെടാറുണ്ട്. ഇത്തരത്തില്‍ ദൃശ്യപരത കുറഞ്ഞത് കാരണം മൂലം അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുന്ന ഒരു വസ്തുവിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
കാറിന്റെ ഗ്ലാസുകളില്‍ നിന്ന് വെള്ളം അകറ്റുന്ന ഒരു ഉല്‍പ്പന്നമാണിത്. നിങ്ങളുടെ സുഹൃത്തുക്കളോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകരോ ഇതിനെ കുറിച്ച് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. മഴവെള്ളം കാറിന്റെ ഗ്ലാസില്‍ തങ്ങി നില്‍ക്കാതിരിക്കാന്‍ പ്രയോഗിക്കുന്ന റെയിന്‍ റിപ്പലന്റുകളെ കുറിച്ചാണ് നമ്മള്‍ പറഞ്ഞുവരുന്നത്. റെയിന്‍ റിപ്പലന്റുകള്‍ വാഹനത്തിന്റെ ഗ്ലാസില്‍ പ്രയോഗിക്കുമ്പോള്‍ ഇവ ഒരു ഹൈഡ്രോഫോബിക് പാളി സൃഷ്ടിക്കപ്പെടുന്നു.
ഇത് ഈര്‍പ്പവും വെള്ളവും അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നു. കാറിന്റെ വിന്‍ഡ്ഷീല്‍ഡിലാണ് ഇത് പ്രധാനമായി ഉപയോഗിക്കുന്നത്. ഈ റിപ്പലന്റിന്റെ പ്രധാന പ്രത്യേകത എന്നത് ഗ്ലാസില്‍ വെള്ളം തങ്ങി നില്‍ക്കുന്നത് ഇത് കുറയ്ക്കുന്നു എന്നതാണ്. ഇവ ഉപയോഗിക്കുന്നതിലൂടെ വെള്ളം ഗ്ലാസില്‍ തങ്ങിനില്‍ക്കില്ല എന്നത് ശരിയാണെങ്കിലും ഇത് പെട്ടെന്ന് തന്നെ വീണ്ടും ഉപയോഗിക്കേണ്ടി വരും എന്നാണ് റെയിന്‍ റിപ്പലന്റുകളെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത്,
വിന്‍ഡ്ഷീല്‍ഡ് ഗ്ലാസില്‍ റെയിന്‍ റിപ്പലന്റിന്റെ കാലാവധി ഏകദേശം 4 മുതല്‍ 5 ദിവസം വരെയാണ്. കാരണം വൈപ്പറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ റിപ്പലന്റ് പെട്ടെന്ന് തന്നെ നീക്കം ചെയ്യപ്പെടുന്നു. കാറിന്റെ പിന്‍വശത്തെ ഗ്ലാസില്‍ വൈപ്പര്‍ ഇല്ലെങ്കില്‍ അവിടെ റെയിന്‍ റിപ്പലന്റ് കൂടുതല്‍ കാലം നിലനില്‍ക്കും. അതുപോലെ ഇത് കാറിന്റെ സൈഡ് മിററുകളിലും ഉപയോഗിക്കാവുന്നതാണ്.
മഴക്കാലത്ത് റെയിന്‍ റിപ്പലന്റ് എപ്പോഴും കാറില്‍ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. റെയിന്‍ റിപ്പലന്റില്‍ പോളിസിലോക്സെയ്ന്‍, ഹൈഡ്രോക്സി-ടെര്‍മിനേറ്റഡ് ഇന്‍ഗ്രീഡിയന്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയാണ് ഗ്ലാസിന്റെ മുകളില്‍ ഒരു സിന്തറ്റിക് ഹൈഡ്രോഫോബിക് പാളി രൂപപ്പെടുത്തുന്നത്. ഈ ആന്റി വാട്ടര്‍ എലമെന്റ് വെള്ളത്തെ ചെറിയ തുള്ളികളാക്കി മാറ്റുന്നു. അതിനാല്‍ വെള്ളം ഗ്ലാസില്‍ തങ്ങി നില്‍ക്കാതെ കൂടുതല്‍ വ്യക്തമായ കാഴ്ച നല്‍കുന്നു.
നേരിയ മഴയാണെങ്കില്‍ വൈപ്പറുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യം പോലും വരുന്നില്ലെന്നതാണ് ഇവയുടെ ഗുണം. റെയിന്‍ റിപ്പലന്റ് ഉപയോഗിക്കുന്നതിന് മുമ്പ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. റെയിന്‍ റിപ്പലന്റ് ഒരുതരം പോളിഷ് ആയതിനാല്‍ തന്നെ ഇത് ഗ്ലാസിന്റെ പുറംഭാഗത്താണ് ഉപയോഗിക്കുന്നത്. അതിനാല്‍ വിന്‍ഡ്ഷീല്‍ഡിലോ മിററിലോ ഇത് പ്രയോഗിക്കുന്നതിന് മുമ്പ് അതിന്റെ ഉപരിതലം നന്നായി വൃത്തിയാക്കാന്‍ ശ്രമിക്കുക. ഗ്ലാസില്‍ പൊടി, മണ്ണ്, വെള്ളം അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള മാലിന്യങ്ങള്‍ എന്നിവ ഉണ്ടാകാന്‍ പാടില്ല.
ഗ്ലാസ് നന്നായി വൃത്തിയാക്കിയ ശേഷം കോട്ടണ്‍ തുണിയിലോ അല്ലെങ്കില്‍ ഫോം ഷീറ്റ് കഷണത്തിലോ റെയിന്‍ റിപ്പലന്റ് എടുത്ത് ഗ്ലാസില്‍ പുരട്ടുക. റെയിന്‍ റിപ്പലന്റ് പ്രൊഡക്റ്റുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് വാങ്ങാന്‍ സാധിക്കും. ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായും ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്ന് ഓഫ്ലൈനായും ഇത് വാങ്ങാവുന്നതാണ്.
300 രൂപ മുതല്‍ റെയിന്‍ റിപ്പലന്റുകളുടെ വില ആരംഭിക്കുന്നു. നല്ല നിലവാരമുള്ള റെയിന്‍ റിപ്പലന്റുകള്‍ക്ക് ഏകദേശം 500 രൂപ മുതല്‍ 1000 രൂപ വരെ മുടക്കേണ്ടതായി വരും. ഗുണമേന്‍മയുള്ള റെയിന്‍ റിപ്പലന്റ് വിന്‍ഡ്ഷീല്‍ഡില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത്. ക്വാളിറ്റിയുള്ള റെയിന്‍ റിപ്പലന്റുകള്‍ മികച്ച ഫലം നല്‍കുമെന്ന് മാത്രമല്ല അവ കൂടുതല്‍ കാലം ഈടുനില്‍ക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ മഴക്കാലത്ത് ഇത് ഒരെണ്ണം വാങ്ങാന്‍ ശ്രമിക്കാം.