ഇന്ത്യയിലെ കുടുംബ കാറുകൾക്കിടയിലെ ജനപ്രിയ മോഡലാണ് മാരുതി സുസുക്കി എർട്ടിഗ. ഇപ്പോഴിതാ എർട്ടിഗയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് വരാൻ ഒരുങ്ങുകയാണ്. കൂടുതൽ വലിപ്പം നേടിയാണ് 2025 എർട്ടിഗ എത്തുക എന്നാണ് റിപ്പോർട്ടുകൾ. എംപിവിയുടെ മൊത്തത്തിലുള്ള നീളം 4.39 മീറ്ററിൽ നിന്ന് 4.43 മീറ്ററായി ഉയർത്തും. വീൽബേസ് 2.74 മീറ്ററായി മാറ്റമില്ലാതെ തുടരുമെങ്കിലും, ബൂട്ട് സ്പേസ് വലുതാകും. എർട്ടിഗ ടൂർ എം ഫ്ലീറ്റ് വേരിയന്റിന് ഇതിനകം തന്നെ വലിയ അളവുകൾ വാഗ്ദാനം ചെയ്തിട്ടുള്ളതിനാൽ, മാരുതി ഒടുവിൽ സാധാരണ പതിപ്പിലും അവയെ സ്റ്റാൻഡേർഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു.
സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിലും 2025 എർട്ടിഗ മികച്ചതായിരിക്കും. സ്റ്റാൻഡേർഡ് ഫീച്ചറായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) കമ്പനി നൽകും. ഇതിനുപുറമെ, മികച്ച തണുപ്പ് നൽകുന്നതിനായി രണ്ടാം നിരയിലെ എസി വെന്റുകളുടെ സ്ഥാനവും മാറ്റും. അടുത്തിടെ, സ്റ്റാൻഡേർഡ് 6-എയർബാഗുകൾ ഉപയോഗിച്ച് മാരുതി എർട്ടിഗ ലൈനപ്പ് അപ്ഡേറ്റ് ചെയ്‍തിരുന്നു. അതിനുശേഷം അതിന്റെ വില നേരിയ തോതിൽ വർദ്ധിച്ചു. നിലവിൽ ഈ എംപിവി ഒമ്പത് വേരിയന്റുകളിൽ ലഭ്യമാണ്, ഇതിന്റെ എക്സ്-ഷോറൂം വില 9.11 ലക്ഷം രൂപ മുതൽ 13.40 ലക്ഷം രൂപ വരെയാണ്.
മാരുതി സുസുക്കി എർട്ടിഗയുടെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, പുതുക്കിയ മാരുതി എർട്ടിഗ നിലവിലുള്ള 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക. ഈ എഞ്ചിൻ പരമാവധി 102 ബിഎച്ച്പി പവറും 136 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. സിഎൻജി വേരിയന്റ് 87 ബിഎച്ച്പി പവറും 121.5 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വരുന്നു, അതേസമയം തിരഞ്ഞെടുത്ത പെട്രോൾ വേരിയന്റുകളിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കും. കുറച്ചു കാലമായി എംപിവി സെഗ്‌മെന്റിൽ രാജ്യത്തെ ഒന്നാം നമ്പർ കാറാണ് മാരുതി സുസുക്കി എർട്ടിഗ

